ഇനി വരുന്നത് 14-ാം നിയമസഭ; 15-ാം
കൊച്ചി: 14-ാം കേരള നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പിനാണ് മെയ് 16ന് വേദിയൊരുങ്ങുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് 15-ാം തവണയാണ് നടക്കുന്നത്. ഒന്നാം മണ്ഡല പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് 1965 ലും രണ്ടാം മണ്ഡല പുന:ക്രമീകരണത്തെ തുടര്‍ന്ന് 1977 ലും ജനവിധി നിര്‍ണയിച്ച കേരളം മൂന്നാം മണ്ഡല പുന:സംഘടനയെ തുടര്‍ന്നുളള രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പിനാണ് തയാറെടുക്കുന്നത്.
1965 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് സഭ രൂപീകരിക്കാതെ തന്നെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു. അതുകൊണ്ടുതന്നെ ആ തിരഞ്ഞെടുപ്പിലെ വിജയികള്‍ക്ക് എം.എല്‍.എ മാരാകാനും കഴിഞ്ഞില്ല. നിയമസഭയുടെയും തിരഞ്ഞെടുപ്പുകളുടെയും എണ്ണത്തില്‍ വ്യത്യാസം വരാന്‍ കാരണമായത് 1965 ലെ വോട്ടെടുപ്പാണ്.
1957 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 11 വരെയായി നടന്ന ഒന്നാം നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം നേടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ അഞ്ചിന് മന്ത്രിസഭ രൂപീകരിച്ചു. ബാലറ്റിലൂടെ അധികാരമേറിയ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു അത്. വിമോചനസമരത്തെ തുടര്‍ന്നുളള അന്തരീക്ഷത്തില്‍ 1959 ജൂലൈ 31 ന് ആദ്യ കേരള മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.
1960 ഫെബ്രുവരി ഒന്നിനാണ് രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ്, പി എസ് പി, മുസ്‌ലീം ലീഗ് ഉള്‍പ്പെടെയുളള കക്ഷികള്‍ ഒരുവശത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മറുവശത്തുനിന്നും നടത്തിയ പോരാട്ടത്തില്‍ പി എസ്പി നേതാവ് പട്ടം താണുപിളള മുഖ്യമന്ത്രിയായും കോണ്‍ഗ്രസ് നേതാവ് ആര്‍ ശങ്കര്‍ ഉപമുഖ്യമന്ത്രിയായും സര്‍ക്കാര്‍ രൂപംകൊണ്ടു. 1962 സെപ്തംബര്‍ 25 ന് പഞ്ചാബ് ഗവര്‍ണറായി നിയമിതനായതിനെ തുടര്‍ന്ന് പട്ടം താണുപിളള മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കുകയും ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു.
1964 സെപ്തംബറില്‍ ഭരണപക്ഷത്തുണ്ടായ ഭിന്നതയെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് രൂപംകൊളളുകയും നിയമസഭയില്‍ ശങ്കര്‍ മന്ത്രിസഭയ്ക്ക് എതിരായ അവിശ്വാസ പ്രമേയം പാസാവുകയും ചെയ്തു. സംസ്ഥാനം വീണ്ടും രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായി. 1965 മാര്‍ച്ച് നാലിന് നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. 1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് നടന്ന ആ തിരഞ്ഞെടുപ്പില്‍ മിക്ക കക്ഷികളും ഒറ്റയ്ക്കാണ് മത്സരിച്ചത്. 40 സീറ്റ് നേടി സി പി എം ഏറ്റവും വലിയ ഒറ്റ കക്ഷിയായി. കോണ്‍ഗ്രസ് 36 ഉം കേരള കോണ്‍ഗ്രസ് 23 ഉം സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി 13 ഉം മുസ്ലീം ലീഗ് ആറും, സി.പി.ഐ മൂന്നും, സ്വതന്ത്രര്‍ 12 ഉം സീറ്റ് നേടി. മന്ത്രിസഭ രൂപീകരണം അസാധ്യമായ സാഹചര്യത്തില്‍ മാര്‍ച്ച് 25 ന് വീണ്ടും രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. വിജയികള്‍ക്കൊന്നും എം എല്‍ എ മാരാകാന്‍ കഴിഞ്ഞില്ല.
1967 മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സി പി എം ന്റെ നേതൃത്വത്തിലുളള സപ്തകക്ഷി മുന്നണിക്ക് വന്‍ ഭൂരിപക്ഷം ലഭിച്ചു. ഇ എം എസ് മാര്‍ച്ച് ആറിന് വീണ്ടും മുഖ്യമന്ത്രിയായി. മുന്നണിയിലുണ്ടായ ഭിന്നതകളെ തുടര്‍ന്ന് 1969 ഒക്‌ടോബര്‍ 24 ന് മന്ത്രിസഭ രാജിവച്ചു. കോണ്‍ഗ്രസിന്റെ പുറത്തുനിന്നുളള പിന്തുണയോടെ സി പി ഐ നേതാവ് സിഅച്യുതമേനോന്റെ നേതൃത്വത്തില്‍ 1969 നവംബര്‍ ഒന്നിന് പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നു. രാജ്യസഭാംഗമായിരുന്ന മേനോന്‍ 1970 ഏപ്രില്‍ 21 ന് കൊട്ടാരക്കരയില്‍ നടന്ന ഉപ തിരഞ്ഞെടുപ്പിലൂടെ നിയമസഭാംഗമായി. ഘടകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലുണ്ടായ ഭിന്നതയെ തുടര്‍ന്ന് 1970 ആഗസ്റ്റ് ഒന്നിന് മന്ത്രിസഭ രാജിവച്ചു. സംസ്ഥാനം വീണ്ടും രാഷ്ട്രപതി ഭരണത്തിലായി.
1970 സെപ്തംബര്‍ 17 ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുളള 133 ല്‍ 79 സീറ്റ് നേടി സി.അച്യുതമേനോന്റെ നേതൃത്വത്തിലുളള മന്ത്രിസഭ വീണ്ടും അധികാരമേറ്റു. 1971 സെപ്തംബറില്‍ കോണ്‍ഗ്രസും 1975 ഡിസംബറില്‍ കേരളാ കോണ്‍ഗ്രസും മന്ത്രിസഭയില്‍ പങ്കാളിയായി. സംസ്ഥാനത്ത് ആദ്യമായി കാലാവധി പൂര്‍ത്തിയാക്കിയ ആ സര്‍ക്കാരിന് അടിയന്തരാവസ്ഥയെ തുടര്‍ന്ന് 1977 മാര്‍ച്ച് വരെ കാലാവധി നീട്ടിക്കിട്ടി.
1977 മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുളള 140 ല്‍ 111 സീറ്റും കോണ്‍ഗ്രസ് നേതൃത്വത്തിലുളള ഐക്യമുന്നണിക്ക് ലഭിച്ചു. മാര്‍ച്ച് 25 ന് മുഖ്യമന്ത്രിയായി അധികാരമേറിയ കെ കരുണാകാരന് രാജന്‍ കേസിനെ തുടര്‍ന്ന് ഏപ്രില്‍ 25 ന് രാജിവയ്‌ക്കേണ്ടി വന്നു. ഏപ്രില്‍ 27 ന് പുതിയ മുഖ്യമന്ത്രിയായി എ കെ ആന്റണി ചുമതലയേറ്റു. ആ വര്‍ഷം ഒക്‌ടോബര്‍ 22 ന് കഴക്കൂട്ടത്തു നിന്നും ഇടത് സ്വതന്ത്രന്‍ പിരപ്പന്‍കോട് ശ്രീധരന്‍ നായരെ പരാജയപ്പെടുത്തി ആന്റണി നിയമസഭാംഗത്വം നേടി. എന്നാല്‍ 1978 ഒക്‌ടോബര്‍ 27 ന് ചിക്കമംഗളൂരില്‍ ഇന്ദിരാഗാന്ധിക്ക് തന്റെ കോണ്‍ഗ്രസ് (യു) പാര്‍ട്ടി പിന്തുണ നല്‍കുന്നതില്‍ പ്രതിഷേധിച്ച് ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു.
1978 ഒക്‌ടോബര്‍ 29 ന് സി പി ഐ നേതാവ് പി കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. എന്നാല്‍ ഇടതുപക്ഷ ഐക്യം യാഥാര്‍ഥ്യമാക്കാനായി അദ്ദേഹം 1979 ഒക്‌ടോബര്‍ ഏഴിന് മുഖ്യമന്ത്രിപദം രാജിവച്ചു. ഒക്‌ടോബര്‍ 12 ന് മുസ്ലീംലീഗ് നേതാവ് സി എച്ച് മുഹമ്മദുകോയ മുഖ്യമന്ത്രിയായി. കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതു വഴി 1979 ഡിസംബര്‍ ഒന്നിന് അദ്ദേഹം രാജിവച്ചു. വീണ്ടും രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. ഏറ്റവും കൂടുതല്‍ മുഖ്യമന്ത്രിമാര്‍ സാക്ഷ്യം വഹിച്ച നിയമസഭയായിരുന്നു അത്. നാല് പേര്‍. ഏറ്റവും കുറച്ചു കാലം മുഖ്യമന്ത്രിയായ റിക്കോര്‍ഡ് സി എച്ച് മുഹമ്മദ് കോയക്കാണ്. 51 ദിവസം.
1980 ജനുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്(യു) കൂടി ഉള്‍പ്പെടുന്ന സി പി എം മുന്നണി മന്ത്രിസഭ 93 സീറ്റ് നേടിയാണ് അധികാരത്തിലെത്തിയത്. ജനുവരി 25 ന് ഇ കെ നായനാരുടെ നേതൃത്വത്തിലുളള മന്ത്രിസഭ ചുമതലയേറ്റു. കോണ്‍ഗ്രസ്(യു), കേരള കോണ്‍ഗ്രസ് (എം) കക്ഷികള്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് 1981 ഒക്‌ടോബര്‍ 20 ന് മന്ത്രിസഭ രാജിവച്ചു. ഡിസംബര്‍ 28 ന് കെകരുണാകരന്റെ നേതൃത്വത്തില്‍ ബദല്‍ മന്ത്രിസഭ അധികാരത്തില്‍ വന്നു. ഇരുപക്ഷത്തും തുല്യഅംഗങ്ങളായതിനാല്‍ സ്പീക്കര്‍ എ സി ജോസിന്റെ കാസ്റ്റിംഗ് വോട്ട് വഴിയാണ് സര്‍ക്കാര്‍ പിടിച്ചു നിന്നത്. ലോനപ്പന്‍ നമ്പാടന്‍ പിന്തുണ പിന്‍വലിച്ചതോടെ 1982 മാര്‍ച്ച് 17 ന് സര്‍ക്കാര്‍ നിലംപൊത്തി. വീണ്ടും രാഷ്ട്രപതി ഭരണമായി.
1982 മെയ് 19 ന് നടന്ന തിരഞ്ഞെടുപ്പില്‍ 77 സീറ്റു നേടി കെ കരുണാകരന്റെ നേതൃത്വത്തില്‍ യു ഡി എഫ് മന്ത്രിസഭ അധികാരമേറ്റു. കോണ്‍ഗ്രസ് ഐ, കോണ്‍ഗ്രസ് എ കക്ഷികള്‍ ലയിച്ചത് ഈഘട്ടത്തിലാണ്. ഈ നിയമസഭ മുതലാണ് കേരളത്തില്‍ രാഷ്ട്രീയ സ്ഥിരത ദൃശ്യമായി തുടങ്ങിയത്.
1987 മാര്‍ച്ച് 23 ന് നടന്ന തിരഞ്ഞെടുപ്പില്‍ 78 സീറ്റ് നേടി ഇ കെ നായനാര്‍ നേതൃത്വം നല്‍കുന്ന എല്‍ ഡി എഫ് മന്ത്രിസഭ അധികാരമേറ്റു. കാലാവധി തീരുന്നതിനു മുന്‍പ് 91 മെയില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം അസംബ്ലിയിലേക്കും തിരഞ്ഞെടുപ്പ് നടത്താനായി നിയമസഭ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍ മെയ് 23 ന് നിശ്ചയിച്ച ആ തിരഞ്ഞെടുപ്പ് രാജീവ് ഗാന്ധി കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജൂണിലാണ് നടന്നത്. യു.ഡി.എഫ് വിജയം കണ്ട ആ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ജൂണ്‍ 24 ന് കെ കരുണാകരന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. ഐഎസ് ആര്‍ ഒ കേസിനെ തുടര്‍ന്ന് മുന്നണിയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കരുണാകാരന്‍ രാജിവച്ചതുമൂലം 95 മാര്‍ച്ച് 22 ന് എ കെ ആന്റണി മുഖ്യമന്ത്രി പദമേറ്റു. തിരൂരങ്ങാടിയില്‍ നിന്ന് ഡോ.എന്‍ എ കരീമിനെ പരാജയപ്പെടുത്തി അദ്ദേഹം നിയമസഭാംഗമായി.
1996 മെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് അധികാരം തിരിച്ചു പിടിച്ചു. മെയ് 20 ന് മുഖ്യമന്ത്രിപദമേറ്റ ഇ.കെ.നായനാര്‍ തലശേരി ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭാംഗമായി. 2001 മെയ് 10 ന് 11-ാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 99 സീറ്റ് നേടി എ കെ ആന്റണിയുടെ നേതൃത്വത്തില്‍ യു ഡി എഫ് വീണ്ടും ഭരണത്തിലെത്തി. 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ആ വര്‍ഷം ആഗസ്റ്റ് 29 ന് അദ്ദേഹം മുഖ്യമന്ത്രിപദം ഒഴിഞ്ഞു. ആഗസ്റ്റ് 31 ന് ഉമ്മന്‍ചാണ്ടി പകരം മുഖ്യമന്ത്രിയായി.
2006 ഏപ്രിലില്‍ 12-ാം നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 98 സീറ്റുനേടി എല്‍ ഡി എഫ് അധികാരം തിരിച്ചു പിടിച്ചു. മെയ് 18 ന് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍അധികാരമേറ്റു. 2011ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇഞ്ചോടിച്ചു പോരാട്ടമാണ് നടന്നത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ 70-70 എന്നതായിരുന്നു ഇരുമുന്നണികളുടെയും ലീഡ് നില. എന്നാല്‍ ഒടുവില്‍ ഫലപ്രഖ്യാപനം പൂര്‍ത്തിയാകുമ്പോള്‍ 72 സീറ്റില്‍ യു.ഡി.എഫും 68 സീറ്റില്‍ എല്‍.ഡി.എഫും വിജയം കണ്ടെത്തി. വീണ്ടും കേരളം യു.ഡി.എഫ്. മന്ത്രിസഭയ്ക്ക് സാക്ഷികളായി.
സര്‍ക്കാര്‍ അധികാരത്തിലെത്തി ഏറെ കഴിയും മുമ്പ് മന്ത്രി ടി.എം. ജേക്കബിന്റെ വിയോഗമുണ്ടായി. തുടര്‍ന്ന് പിറവത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അനുപ് ജേക്കബ് വിജയിച്ചു. താമസിയാതെ എല്‍.ഡി.എഫില്‍ നിന്ന് വി.ഡി.സെല്‍വരാജ് യു.ഡി.എഫിലേക്കു മാറിയതോടെ ഉപതിരഞ്ഞെടുപ്പു നടന്ന നെയ്യാറ്റിങ്കരയില്‍ നിന്ന് അദ്ദേഹം തന്നെ വിജയിച്ചതോടെ യു.ഡി.എഫ്. അംഗബലം 73 ആയി ഉയര്‍ന്നു. പിന്നീട് ആര്‍.എസ്.പി.പാര്‍ട്ടികള്‍ ഒന്നായതോടെ രണ്ട് എം.എല്‍.എ.മാര്‍ കൂടി യു.ഡി.എഫ്.പക്ഷത്തേക്കുവന്ന് അംഗബലം 75 ആയി ഉയര്‍ന്നു. തുടര്‍ന്ന് സ്പീക്കറായിരുന്നു ജി.കാര്‍ത്തികേയന്റെ നിര്യാണത്തെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ ശബരിനാഥ് തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ സര്‍ക്കാര്‍ ചീഫ് വിപ്പ് പദവി അലങ്കരിച്ചിരുന്ന പി.സി.ജോര്‍ജിനെതിരെ അയോഗ്യത കേസുണ്ടായി. അദ്ദേഹം അയോഗ്യനാക്കപ്പെടും മുമ്പ് രാജിവച്ചൊഴിഞ്ഞു. തുടര്‍ന്ന് അവസാനനിയമസഭ സമ്മേളനം പിരിയുംമുമ്പ് ആര്‍.എസ്.പി.യിലെ കോവൂര്‍ കുഞ്ഞുമോനും യു.ഡി.എഫില്‍ നിന്നും എം.എല്‍.എ. സ്ഥാനവും രാജിവച്ചതോടെ വീണ്ടും യു.ഡി.എഫിന് 73 അംഗങ്ങളായി.
14-ാം നിയമസഭയെ തിരഞ്ഞെടുക്കാന്‍ മെയ് 16ന് നടക്കുന്നത് 15-ാമത്തെ അസംബ്ലി തിരഞ്ഞെടുപ്പാണ്. കേരള നിയമസഭകളില്‍ ഏറ്റവും കൂടുതല്‍ കാലയളവുണ്ടായിരുന്നത് 1970 ല്‍ നിലവില്‍ വന്ന നാലാം സഭയ്ക്കാണ്. ഏകദേശം ഏഴ് വര്‍ഷത്തോളം. ഏറ്റവും കുറവുകാലം നിലനിന്നത് 1980 ലെ ആറാം സഭയാണ്. ഏതാണ്ട് രണ്ടേകാല്‍ വര്‍ഷത്തില്‍ താഴെ മാത്രം. ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നത് ഇകെനായനാരാണ്. ഏകദേശം 11 വര്‍ഷത്തോളം. ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രിയായത് സി എച്ച് മുഹമ്മദ് കോയയും. ഏതാണ്ട് രണ്ടു മാസത്തില്‍ താഴെയും.
No comments:
Post a Comment