സംസ്ഥാനത്ത് നിഷ്പക്ഷ തിരഞ്ഞെടുപ്പിനു കളമൊരുക്കും:
കൊച്ചി: കേരള നിയമസഭയിലേക്കു മേയ് 16നു നടക്കുന്ന തിരഞ്ഞെടുപ്പു നിഷ്പക്ഷവും നീതിപൂര്വവുമായിരിക്കാന് എല്ലാ നടപടികളും സ്വീകരിക്കുന്നതിനു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. കമ്മീഷന് ഡയറക്ടര്‍ സുദീപ് ജെയിനിന്റെ അധ്യക്ഷതയില്‍ നെടുമ്പാശേരി മാരിയറ്റ് ഹോട്ടല്‍ ഹാളില്‍ ചേര്‍ന്ന ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍മാരായ ജില്ല കളക്ടര്‍മാരുടെയും ജില്ല പോലീസ് മേധാവികളുയും യോഗത്തിലാണ് ഈ നിര്‍ദേശം. ക്രമസമാധാനം സംബന്ധിച്ചു മാര്‍ച്ച് 31 നകം എല്ലാ നടപടികളും പൂര്‍ത്തിയാക്കാന്‍ അദ്ദേഹം പോലീസിനു നിര്‍ദേശം നല്കി.
തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏതു ചെറിയ കാര്യവും കമ്മീഷനു റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ക്രമസമാധാനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. സ്വന്തം ജില്ലയിലെ ക്രമീകരണങ്ങളുടെ കാര്യത്തില്‍ അതതു ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പോലീസ് മേധാവിക്കും പൂര്‍ണ ബോധ്യവും ഉത്തരവാദിത്വമുണ്ടായിരിക്കണം. ഇക്കാര്യത്തില്‍ കേരളം ഏറെ മുന്നിലാണെന്നു സുദീപ് ജെയിന് വ്യക്തമാക്കി.
കേരളത്തില്‍ ഇതുവരെ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ മറ്റു ചില സംസ്ഥാനങ്ങളില്‍ ഇതല്ല സ്ഥിതി. കുറ്റകൃത്യങ്ങള്‍ മുന്‍കൂട്ടി കണ്ട് അതു തടയുന്നതില്‍ ജാഗ്രത പാലിക്കണം. ഓരോ ഉദ്യോഗസ്ഥനും സമയം നോക്കാതെ കഴിവു പ്രദര്‍ശിപ്പിക്കണം. സ്വന്തം കടമ നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തുന്നവരെ മാറ്റി നിര്‍ത്താന്‍ ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്കി. സ്ഥിരം കുറ്റവാളികളും ജയില്‍ മോചിതരായ കുറ്റവാളികളും ഉണ്ടെങ്കില്‍ അവരെ തിരഞ്ഞെടുപ്പു കഴിയും വരെ നിരീക്ഷിക്കണം. മുമ്പു കേരളത്തില്‍ നടന്ന തിരഞ്ഞെടുപ്പുകളൊക്കെ മികച്ച രീതിയിലുള്ളതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പോലീസ് സ്റ്റേഷനുകളില്‍ നിന്ന് യഥാസമയം റിപ്പോര്‍ട്ടുകള്‍ കമ്മീഷനു ലഭ്യമാക്കിയിരിക്കണം. കണ്ണൂര്‍ പോലെയുള്ള ജില്ലകളില്‍ ജാഗ്രത ശക്തമാക്കണം. ആയുധനിര്‍മാണവും സംഭരണവും കണ്ടെത്തി ഉത്തരവാദികളെ പിടികൂടണം. കണ്ണൂരിനെ സംബന്ധിച്ചു പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്പിക്ക് ഡയറക്ടര്‍ നിര്‍ദേശം നല്കി. വോട്ടെടുപ്പു വേളയില്‍ ജനങ്ങള്‍ക്ക് ഒരുതരത്തിലുമുള്ള ഭീതി ഉണ്ടാകാന്‍ ഇടവരരുത്. കൂടുതല്‍ ജാഗത്ര പാലിക്കേണ്ട സ്ഥലങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ നേരത്തെ തന്നെ ശേഖരിക്കണം. ആയുധം സൂക്ഷിക്കുന്നവരില്‍ നിന്ന് അതു സറണ്ടര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
എല്ലാ ജില്ലകളിലും ചെലവു നിരീക്ഷണ സമിതികള്‍ കര്‍ശനമായി രൂപീകരിക്കണമെന്നും ഈ സമിതികള്‍ വളരെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സമിതിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നു ജില്ലാ കളക്ടര്‍മാര്‍ക്ക് ജയിന് നിര്‍ദേശം നല്കി. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം കാണപ്പെടുന്ന മുഴുവന്‍ രാഷ്ട്രീയ പരസ്യങ്ങളുടെയും ബോര്‍ഡുകളുടെയും ചെലവ് ബന്ധപ്പെട്ടവരില്‍ നിന്നു ചുമത്തണമെന്നും ഡയക്ടര്‍ നിര്‍ദേശം നല്കി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഒരു കാരണവശാലും പരസ്യങ്ങള്‍ അനുവദിക്കില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ യൂണിയനുകള്‍ സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്കും പരസ്യങ്ങള്‍ക്കും നിരോധനം ബാധകമാണ്.
നാട്ടില്‍ പലയിടങ്ങളിലും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നതായി കമ്മീഷനു ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഇക്കാര്യം പരിശോധിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍മാരോടു നിര്‍ദേശിച്ചു. എന്നാല്‍ ആരുടെയെങ്കിലും ചെലവിലാണു കുടിവെള്ള വിതരണമെങ്കില്‍ അത് അനുവദിക്കില്ല. പോലീസ്, റവന്യൂ ഇന്റലിജന്റ്സ് വിഭാഗങ്ങള്‍ വളരെ ജാഗ്രതയോടെയും സഹകരിച്ചും പ്രവര്‍ത്തിക്കണം. യോഗത്തില്‍ ജില്ലാ പോലീസ് മേധാവികള്‍ അവരവരുടെ ജില്ലകളിലെ ക്രമസമാധാന നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. അഡീഷണല്‍ ഇലക്ടറല്‍ ഓഫീസര്‍മാരായ ഡോ. എം. ബീന, ഇ. കെ. മാജി, പോലീസ് നോഡല്‍ ഓഫീസര്‍ ഐജി ബല്‍റാംകുമാര്‍ ഉപാധ്യായ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
No comments:
Post a Comment