Tuesday, March 15, 2016

സ്റ്റാഫ് ലിസ്റ്റ് നല്‍കാത്തവര്‍ക്കെതിരെ നടപടി



വരണാധികാരികള്‍ക്കുള്ള പരിശീലനം മാറ്റി വച്ചു

കൊച്ചി: തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ വരണാധികാരികള്‍ക്ക് (ഇന്ന്) മാര്‍ച്ച് 15 ന് നടത്താനിരുന്ന പരിശീലനം മാര്‍ച്ച് 17 ലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. രാഷ്ട്രീയ കക്ഷികളുടെ യോഗവും അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.


ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. അനധികൃതമായി പതിപ്പിച്ചിരിക്കുന്ന പോസ്റ്ററുകള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അരൂര്‍ മുതല്‍ കറുകുറ്റി വരെ നാഷ്ണല്‍ ഹൈവേയ്ക്ക് ഇരുവശവും, ഉള്‍പ്രദേശങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മതിലുകള്‍  മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലായി സ്ഥാനാര്‍ത്ഥികളെ പ്രകീര്‍ത്തിക്കുന്നതോ, അപകീര്‍ത്തിപ്പെടുത്തുന്നതും അടക്കം എല്ലാ പോസ്റ്ററുകളും ബാനറുകളും മൂന്നു ദിവസത്തിനുള്ളില്‍ നീക്കം ചെയ്തില്ലെങ്കില്‍ ബന്ധപ്പെട്ട വ്യക്തികള്‍ക്കോ അധികാരികള്‍ക്കോ എതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും. 

സ്റ്റാഫ് ലിസ്റ്റ് നല്‍കാത്തവര്‍ക്കെതിരെ നടപടി

കൊച്ചി:  തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് ഹാജരാകേണ്ട ജീവനക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കാത്ത സ്ഥാപന മേധാവികള്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇരുപത്തയ്യായിരത്തോളം ജീവനക്കാരുടെ സേവനമാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ജീവനക്കാരെ ഡ്യൂട്ടി അനുസരിച്ച് ക്രമീകരിക്കണമെങ്കില്‍ ലിസ്റ്റ് അടിയന്തിരമായി ലഭിക്കേണ്ടതുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
 

എം.സി.എം.സി പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ  പ്രവര്‍ത്തനങ്ങള്‍  വിലയിരുത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി രൂപീകരിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല കണ്‍വീനറുമായ കമ്മറ്റിയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍ റോയ്, പി.ഐ.ബി ഡപ്യൂട്ടി ഡയറക്ടര്‍ തോമസ്, ഡി.എ.വി.പി ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ കെ. എ ബീന, റിട്ട. അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടര്‍ എന്‍. കെ സെബാസ്റ്റിന്‍, കെ.എസ് മൊഹിയുദ്ദീന്‍ എന്നിവരാണ് അംഗങ്ങള്‍. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റി വിലയിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും. പെയ്ഡ് ന്യൂസ് അടക്കമുള്ളവ കമ്മിറ്റിയുടെ അധികാരപരിധിയില്‍ വരും. 

No comments:

Post a Comment