കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍, ഫ്‌ളെക്‌സുകള്‍, ഹോര്‍ഡിംഗുകള്‍ എന്നിവ അടിയന്തിരമായി മാറ്റേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. പെരുമാറ്റച്ചട്ടവും തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളും വിശദീകരിക്കുന്നതിന് വിളിച്ചുചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍
പ്രചാരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ജില്ല ഭരണകൂടം പ്രചാരണസാമഗ്രികള്‍ എടുത്തു മാറ്റി ചെലവ് ഈടാക്കാന്‍ നടപടി സ്വീകരിക്കും. മാതൃകാ പെരുമാറ്റചട്ടം പാലിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രദ്ധിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു.
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കാനുള്ള മൂന്ന് ഫ്‌ളൈയിംഗ് സ്‌ക്വാഡ്, തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍, ഫഌ്‌സുകള്‍, ബോര്‍ഡുകള്‍ എന്നിവ നിരീക്ഷിക്കാനും നീക്കം ചെയ്യാനുമുള്ള ഒരു ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ്, മൂന്ന് സ്റ്റാറ്റിക്‌സ് സര്‍വയിലന്‍സ് ടീം തുടങ്ങിയ സ്‌ക്വാഡുകളാണ് ഒരു നിയമസഭാ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ സ്‌ക്വാഡുകളോടൊപ്പവും വീഡിയോ റെക്കോഡിംഗുമുണ്ടാകും. ഒരു നിയമസഭാ നിയോജക മണ്ഡലത്തില്‍ ആകെ ഏഴ് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്.
മാധ്യമങ്ങളിലെ പരസ്യം, പെയ്ഡ് ന്യൂസ് തുടങ്ങിയവ പരിശോധിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയും പ്രവര്‍ത്തനം ആരംഭിച്ചു. സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ഒരു സ്ഥാനാര്‍ഥിക്ക് ആകെ ചെലവാക്കാവുന്നത് പരമാവധി 28 ലക്ഷം രൂപയാണ്. ഇ പരിഹാരം, ഇവാഹനം, ഇ അനുമതി തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പരാതികളും അപേക്ഷകളും നല്‍കേണ്ടത്.
വിദ്യാലയങ്ങള്‍ ഉള്‍പ്പടെയുള്ള പൊതുസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, റസ്റ്റ് ഹൗസുകള്‍, ഗസ്റ്റ് ഹൗസുകള്‍, ഔദ്യോഗിക വാഹനങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കരുത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള പൊതുപരിപാടികള്‍, യോഗങ്ങള്‍, ജാഥകള്‍ എന്നിവക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. മാതൃകാ പെരുമാറ്റചട്ടം രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ക്കെല്ലാം ബാധകമാണെന്നും ഇതു ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. യോഗത്തില്‍ ഇലക്ഷന്‍ വിഭാഗം ഡപ്യൂട്ടി കളക്ടര്‍ എസ്. രാജീവ്, ജൂനിയര്‍ സൂപ്രണ്ട് ഷാജി തുടങ്ങിയവരും പങ്കെടുത്തു.
ഇലക്ഷന്‍ വിഭാഗത്തില്‍ ടോള്‍ ഫ്രീ നമ്പര്‍കൊച്ചി: തിരഞ്ഞെടുപ്പ് സംബന്ധിച്ച സംശയങ്ങള്‍ ദുരീകരിക്കുന്നതിനും മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുമായി കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. 1800 425 5303 ആണ് നമ്പര്‍.
വരണാധികാരികള്‍ക്ക് പരിശീലനം നല്‍കി
കൊച്ചി: ജില്ലയിലെ വരണാധികാരികള്‍ക്കായി കളക്ടറേറ്റില്‍ നടത്തിയ പരിശീലന പരിപാടി നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ആശങ്കകളും ആശയങ്ങളും പങ്ക് വയ്ക്കുന്നതിനുള്ള വേദിയായി. പരിശീലന പരിപാടിയ്ക്ക് ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം നേതൃത്വം നല്‍കി. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ നിന്നും ലോകസഭ തിരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായ മാര്‍ഗനിര്‍ദേശങ്ങളായതിനാല്‍ ഇവ വ്യക്തമായി മനസിലാക്കി അതിനനുസൃതമായി വരണാധികാരികള്‍ തങ്ങളുടെ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ജോലികള്‍ സുതാര്യമായി പൂര്‍ത്തീകരിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.വോട്ടര്‍ക്ക് വോട്ടിങ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം ഉറപ്പു വരുത്തുന്നതിനായി വിവിപാറ്റ് എന്ന നൂതന സംവിധാനം ഈ തിരഞ്ഞെടുപ്പില്‍ ആദ്യമായി ഉപയോഗിക്കും. ഇ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി കടലാസ് രഹിത തിരഞ്ഞെടുപ്പ് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. സ്ത്രീകള്‍, ഭിന്നശേഷിയുള്ളവര്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് സുഗമമായി വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കും. പ്രവാസികള്‍ക്ക് വോട്ടിങിനു സൗകര്യമുണ്ടാകും. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തി നടപടികള്‍ കൈക്കൊള്ളേണ്ട ചുമതലയും വരണാധികാരികള്‍ക്കാണെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. മണ്ഡലത്തിലെ മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വരണാധികാരികളാണ് പരിശീലനം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ 14 മണ്ഡലങ്ങളിലെയും വരണാധികാരികള്‍ക്കും , സഹ വരണാധികാരികള്‍ക്കുമായാണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചത്. സ്ഥാനാര്‍ത്ഥികളുടെ പത്രികാ സമര്‍പ്പണം മുതല്‍ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെക്കുറിച്ചും ക്ലാസില്‍ പരിശീലനം നല്‍കി.
No comments:
Post a Comment