Tuesday, March 22, 2016

സ്‌ക്വാഡ് നീക്കം ചെയ്യുന്ന തെരഞ്ഞെടുപ്പു പരസ്യബോര്‍ഡുകള്‍ ചെലവില്‍ ഉള്‍പ്പെടുത്തും: ജില്ലാ കളക്ടര്‍


കൊച്ചി: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം പ്രചരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയപ്പാര്‍ട്ടികളോ മറ്റുള്ളവരോ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകളുടെയും അവ സ്‌ക്വാഡ് നീക്കം ചെയ്തതിന്റെയും ചെലവ് അതത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ/സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. ബോര്‍ഡുകളും മറ്റ് അനധികൃത പ്രചാരണസാമഗ്രികളും നീക്കം ചെയ്യുന്നതിന് ജില്ലാതലത്തിലും മണ്ഡലം തലത്തിലും സ്‌ക്വാഡുകള്‍ രംഗത്തുണ്ട്.
മാതൃകാ പോളിങ് സ്റ്റേഷനുകള്‍, വനിതാ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന പോളിങ് ബൂത്തുകള്‍ എന്നിവ ഉടനെ നിശ്ചയിക്കും. ഭിന്നശേഷിയുള്ളവര്‍ക്ക് സുഗമമായി വോട്ട് ചെയ്യാനെത്തുന്നതിന് ബൂത്തുകളില്‍ റാമ്പുകള്‍ നിര്‍മിക്കും.  തിര ഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശ്രമിക്കണം. ഡിസ്‌പോസിബിള്‍ ഗ്ലാസ്സുകളും പ്ലേറ്റുകളും കഴിവതും ഒഴിവാക്കണം. വാഹനം, പോസ്റ്റര്‍, ചുവരെഴുത്ത് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികള്‍ക്കും സേവനങ്ങള്‍ക്കും നിശ്ചയിച്ചിട്ടുള്ള നിരക്ക് തയ്യാറാക്കി നല്‍കും. സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശം സമര്‍പ്പിക്കുന്നതിനു മുമ്പായി പ്രത്യേകം ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും കളക്ടര്‍ അറിയിച്ചു.

വീഡിയോഗ്രാഫര്‍മാരുടെ സേവനം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീഡിയോ നിരീക്ഷണം, വിവിധ സ്‌ക്വാഡുകള്‍, സെന്‍സിറ്റീവ് ബൂത്തുകള്‍ ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ക്ക് വീഡിയോ എടുക്കുന്നതിന് ജില്ലയിലെ മണ്ഡലങ്ങളില്‍ വീഡിയോഗ്രാഫര്‍മാരെ നിയോഗിക്കും. താല്‍പര്യമുള്ളവര്‍ കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗവുമായി ബന്ധപ്പെടണം. വീഡിയോഗ്രാഫര്‍മാരെ തിരഞ്ഞെടുക്കുന്നതില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറുടെ തീരുമാനം അന്തിമമായിരിക്കും.

No comments:

Post a Comment