കണ്‍ട്രോള്‍ റൂം തുറന്നു
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ഹെല്‍പ്പ് ഡെസ്‌ക്കും തുറന്നു. തെരഞ്ഞെടുപ്പു സംബന്ധിച്ച വിവരങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. ചട്ടലംഘനവുമായി ബന്ധപ്പെട്ട കാര്യങ്ങളും കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. ഫോണ്‍ - 0484 2421453. ടോള്‍ ഫ്രീ നമ്പര്‍ 1800 425 5303
രേഖപ്പെടുത്തിയ വോട്ട് പ്രിന്റൗട്ടില്‍ കാണാം
കൊച്ചി.. വോട്ടിംഗ് യന്ത്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിവിപാറ്റ് ഉപകരണത്തില്‍ ഓട്ടോമാറ്റിക്കായി പ്രിന്റ് ചെയ്യുന്ന പേപ്പറില്‍ വോട്ടു ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും കാണാം. ജില്ലയില്‍ എറണാകുളം, തൃക്കാക്കര നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാരാക്കാണ് ഈ സൗകര്യം ലഭിക്കുക. ചെറിയ രസീതുപോലുളള ഈ പ്രിന്‍ൗട്ട് വോട്ടര്‍ക്ക് കാണാന്‍ പറ്റുന്ന രീതിയില്‍ ഏതാനും സെക്കന്റ് തെളിഞ്ഞ് നിന്നശേഷം ഉപകരണത്തിനകത്തു തന്നെയുളള ഒരു അറയിലേയ്ക്ക് താനേ മാറും. വോട്ടിംഗ് സംബന്ധിച്ചുണ്ടായേക്കാവുന്ന തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കുന്നതിനും ഇതു സഹായിക്കും. എറണാകുളത്ത് 122 ബൂത്തുകളിലും തൃക്കാക്കരയില്‍ 147 ബൂത്തുകളിലും വിവിപാറ്റ് ഉപയോഗിക്കും.
ചട്ടലംഘനം: പരാതി നല്‍കാം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ചട്ടലംഘനങ്ങള്‍ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു.
വോട്ടര്‍മാരെ സ്വാധീനിക്കാനായി പണം, മറ്റു സമ്മാനങ്ങള്‍, മദ്യം എന്നിവ നല്‍കിയാലോ ആയുധങ്ങള്‍ മുതലായവ കാട്ടി ഭീഷണിപ്പെടുത്തിയാലോ സ്‌ക്വാഡുകള്‍ അവ കണ്ടുകെട്ടി കേസ് രജിസ്റ്റര്‍ ചെയ്യും. ഏതു തരത്തിലുളള മാതൃകപെരുമാറ്റചട്ടത്തിന്റെ ലംഘനവും പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്താം. ചട്ടലംഘനമോ തിരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റു പരാതികളോ സൈറ്റ് ഉപയോഗിച്ച് സ്വന്തമായോ അക്ഷയ കേന്ദ്രം വഴിയോ രജിസ്റ്റര്‍ ചെയ്യാം.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പട്ടിക നല്‍കേണ്ട
അവസാന തീയതി മാര്‍ച്ച് 22
കൊച്ചി: തിരഞ്ഞെടുപ്പു ജോലികള്‍ക്ക് നിയോഗിക്കുന്നതിന് ജീവനക്കാരുടെ പട്ടിക കളക്ടറേറ്റ് തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 22 ആണെന്ന് ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. അന്ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി പട്ടിക ലഭിക്കണം.
തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കാനുള്ള ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് ജില്ലയിലെ എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും കത്ത് നല്‍കിയിരുന്നു. നിശ്ചിത പട്ടിക സമര്‍പ്പിക്കാത്ത സ്ഥാപന മേധാവികള്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പരസ്യം പതിക്കുന്നതിന് ഉടമസ്ഥരുടെ
അനുമതി നിര്‍ബന്ധം
കൊച്ചി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായ സാഹചര്യത്തില്‍ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവയില്‍ ഉടമസ്ഥരുടെ അനുവാദമില്ലാതെ രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും കയ്യേറുന്നത് കുറ്റകരമാണ്. കൊടിമരം നാട്ടുന്നതിനും ബാനറുകള്‍ കെട്ടുന്നതിനും മുദ്രാവാക്യങ്ങളെഴുതുന്നതിനും ഉടമസ്ഥരുടെ അനുമതി ഉറപ്പാക്കണം. പരാതി വരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.
തോക്കുകള്‍ തിരിച്ചേല്പിക്കണം: ജില്ലാ കളക്ടര്‍
കൊച്ചി: തോക്കുകള്‍ അടക്കമുള്ള ആയുധങ്ങള്‍ക്ക് ലൈസന്‍സെടുത്തിട്ടുള്ളവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിലോ ലൈസന്‍സുള്ള ആര്‍മറികളിലോ ഇവ ഉടനെ ഏല്‍പ്പിക്കണമെന്ന് ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതു വരെ ഇത്തരം ആയുധങ്ങള്‍ കൈവശം വയ്ക്കാന്‍ അനുവദിക്കില്ല. സുതാര്യവും സുരക്ഷിതവുമായ പൊതു തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിനുളള മുന്‍കരുതലാണിത്. ആയുധങ്ങള്‍ തിരിച്ചേല്പിക്കാത്തവര്ക്കെതി രെ ശിക്ഷാ നടപടിയുണ്ടാകും.
No comments:
Post a Comment