കൊച്ചി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും പാലിക്കേണ്ട പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി വിവിധ അനുമതികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ നിശ്ചിത അപേക്ഷാ ഫോറത്തോടൊപ്പം മതിയായ രേഖകള്‍ കൂടി അപ്‌ലോഡ് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. എല്ലാ അനുമതിക്കും അപേക്ഷയോടൊപ്പം പ്രതീക്ഷിക്കുന്ന ചെലവു സ്റ്റേറ്റ്‌മെന്റും ഉള്‍പ്പെടുത്തിയിരിക്കണം. ഏഴ് അനുമതികളാണ് ഇത്തരത്തില്‍ നല്‍കുന്നത്.
വാഹന അനുമതി ആവശ്യമുള്ളവര്‍ വാഹനത്തിന്റെ വിവരങ്ങള്‍, രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ്-ടാക്‌സ് ടോക്കണ്‍ എന്നിവയുടെ കോപ്പികള്‍ എന്നിവ അപ്‌ലോഡ് ചെയ്യണം. ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് യോഗം നടത്തുന്നതിനുള്ള അനുമതിക്ക് അപേക്ഷിക്കുമ്പോള്‍ യോഗം നടത്താനുദ്ദേശിക്കുന്ന സ്ഥല ഉടമയുടെയോ സ്ഥപന മേധാവിയുടെ അനുമതി പത്രവും ഉള്‍ക്കൊള്ളിച്ചിരിക്കണം. ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് ജാഥയും മറ്റും സംഘടിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ പൂര്‍ണമായ വിവരം ഉള്‍പ്പെടുത്തണം. തെരുവോരങ്ങളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് യോഗം ചേരുന്നതിന് അപേക്ഷയോടൊപ്പം ചെലവു വിവരം മാത്രം ഉള്‍ക്കൊള്ളിച്ചാല്‍ മതി.
ഹെലികോപ്ടര്‍-ഹെലിപ്പാഡ് അനുമതിക്ക് അപേക്ഷിക്കുമ്പോള്‍ ഹെലിപ്പാഡിനുള്ള അനുമതി അപേക്ഷയും ഹെലികോപ്ടര്‍ ലാന്റിങ്ങിനുള്ള അനുമതി അപേക്ഷയും ഓണ്‍ലൈനായി നല്‍കണം. ചെലവു വിവരവും ഹെലിപ്പാഡിന് സ്ഥലം അനുവദിക്കുന്ന ഭൂഉടമയുടെ അനുമതി പത്രവും ഉണ്ടായിരിക്കണം. സ്റ്റേജ്/കമാനം എന്നിവ നിര്‍മ്മിക്കുന്നതിനുള്ള അനുമതി അപേക്ഷയുടെ കൂടെയും ചെലവു വിവരം ഉള്‍പ്പെടുത്തണം. ഒരു അപേക്ഷയ്ക്ക് 10 രൂപയാണ് അപേക്ഷ ഫീസ്. അതത് സര്‍ക്കാര്‍ വകുപ്പുകളുടെ അക്കൗണ്ട് ഹെഡില്‍ ഫീസ് അടച്ചതിന്റെ ചെലാന്‍ കോപ്പിയും അപ് ലോഡ് ചെയ്യണം.
e-anumathi.kerala.gov.in എന്ന വെബ് പോര്‍ട്ടലിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ മേല്‍വിലാസം, ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങളും ഏതുതരം അനുവാദമാണ് ആവശ്യമുള്ളതെന്നും നിര്‍ബന്ധമായും രേഖപ്പെടുത്തിയിരിക്കണം. അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാല്‍ എസ്എംഎസ് അലര്‍ട്ട് ലഭിക്കും. ഇന്റര്‍നെറ്റ് സൗകര്യമുളള കമ്പ്യൂട്ടറുകളില്‍ നിന്നും ഇ-അനുമതിക്ക് അപേക്ഷിക്കാം. അക്ഷയ കേന്ദ്രങ്ങളുടെ സേവനവും പ്രയോജനപ്പെടുത്താവുന്നതാണ്. പ്രിന്റിംഗ്, സ്‌കാനിംഗ് എന്നിവയ്ക്ക് നിലവിലുളള ഗവണ്‍മെന്റ് നിരക്കുകള്‍ അധികമായി നല്‍കണം.
തിരഞ്ഞെടുപ്പ് പ്രചരണത്തിന് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് അതത് നിയോജക മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫീസര്‍മാരും മറ്റുള്ളവയ്ക്ക് ഡിവൈഎസ്പിയുമാണ് അനുവാദം നല്‍കേണ്ടത്. ഇതിനു പുറമെ യോഗം നടത്തുന്നതിനുള്ള സ്ഥലത്തിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള അനുമതിയും ഹെലിപ്പാഡ്-ഹെലികോപ്ടര്‍ അനുമതിക്ക് ഫയര്‍ ആന്റ് റെസ്‌ക്യുവിന്റെ അനുമതിയും വേദികളും കമാനങ്ങളും ഒരുക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെയും അനുമതി വാങ്ങണം. ഒറ്റ അപേക്ഷയില്‍ എല്ലാ അനുമതിയും ലഭ്യമാക്കുന്ന ഏകജാലക സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിങ് കമ്മിറ്റി നേരിട്ട് പരിശോധിച്ച് നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇ-അനുമതി പോര്‍ട്ടല്‍ വഴി അപേക്ഷിക്കേണ്ടതില്ല.
No comments:
Post a Comment