Tuesday, March 22, 2016

പെരുമാറ്റച്ചട്ടം: ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം


കൊച്ചി: മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നത് ഉറപ്പാക്കാന്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നത് വരെ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലാണെന്നും കളക്ടര്‍ ഓര്‍മിപ്പിച്ചു.
സര്‍ക്കാര്‍ പരിപാടികളില്‍ രാഷ്ട്രീയകക്ഷി പ്രതിനിധികളെ പൂര്‍ണമായും ഒഴിവാക്കണം. ക്ഷണക്കത്തുകളില്‍ അവരുടെ പേര് ഉള്‍പ്പെടുത്തരുത്. ബോധവല്‍ക്കരണ ക്ലാസുകള്‍ ആകാമെങ്കിലും ഉദ്ഘാടനങ്ങള്‍ ഒഴിവാക്കണം. യോഗങ്ങളില്‍ പങ്കെടുക്കുന്ന ഉന്നത നേതാക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരല്ലാതെ മറ്റ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയകക്ഷി യോഗങ്ങളില്‍ പങ്കെടുക്കരുത്.
സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ആര്‍ക്കും മുറി അനുവദിക്കരുത്. പൊതുസ്ഥാപനങ്ങള്‍ ഒരു തരത്തിലും തിരഞ്ഞെടുപ്പ് പ്രചാരണ വേദിയാകരുതെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ ഉടന്‍ അറിയിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ജില്ലയ്ക്ക് ഇലക്ഷന്‍ പ്ലാന്‍
കൊച്ചി: സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ ജില്ലയില്‍ സമഗ്രമായ ഇലക്ഷന്‍ പ്ലാന്‍ തയാറാക്കുമെന്ന് ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഇതിന് അന്തിമരൂപം നല്‍കും. പ്രശ്‌നസാധ്യത ബൂത്തുകള്‍ സംബന്ധിച്ചും പ്രത്യേക പട്ടിക തയാറാക്കും.  ജില്ല ഭരണകൂടവും പോലീസും ചേര്‍ന്നാണ് പട്ടിക തയാറാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിക്കുന്ന നിരീക്ഷകരെ സഹായിക്കുന്നതിനായി ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മൈക്രോ നിരീക്ഷകരായി നിയോഗിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിറ്റി
ഓഫീസുകള്‍ക്ക് നിയന്ത്രണം
കൊച്ചി: സ്ഥാനാര്‍ത്ഥികളുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ പ്രചാരണ ഓഫീസുകള്‍ സ്ഥാപിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന് ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. പൊതുസ്ഥലങ്ങളും സ്വകാര്യ സ്ഥലങ്ങളും കയ്യേറി ഇത്തരം ഓഫീസുകള്‍ സ്ഥാപിക്കരുത്. സ്വകാര്യ സ്ഥലങ്ങളില്‍ ഓഫീസ് സ്ഥാപിക്കുന്നതിന് ഉടമകളില്‍ നിന്നും നിയമപരമായ അനുമതി നേടിയിരിക്കണം. പോളിങ് ബൂത്തിന് 200 മീറ്ററിനുള്ളില്‍ ഓഫീസ് സ്ഥാപിക്കാന്‍ പാടില്ല. മതസ്ഥാപനങ്ങള്‍, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും പ്രചാരണ ഓഫീസുകള്‍ സ്ഥാപിക്കുന്നതിന് വിലക്കുണ്ട്. ഓഫീസുകളില്‍ ഒരു പാര്‍ട്ടി പതാകയും ബാനറും മാത്രമേ പാടുള്ളൂ. എട്ടടി നീളവും നാലടി വീതിയുമാണ് ബാനറിന് അനുവദിച്ചിട്ടുള്ള ഏറ്റവും കൂടിയ അളവ്.

No comments:

Post a Comment