കൊച്ചി: തിങ്കളാഴ്ച പോളിംഗ് ബൂത്തിലേയ്ക്കു നീങ്ങാനൊരുങ്ങുന്നതിനു മുന്നോടിയായി വോട്ടിംഗ് അവകാശം വ്യക്തമാക്കുന്ന കലാസന്ധ്യ 13-ന് എറണാകുളം ഡർബാർ ഹാൾ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കും. സിസ്റ്റെമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടൊറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാമിന്റെ (സ്വീപ്) ഭാഗമായി ജില്ലാ ഭരണകൂടം ഒരുക്കുന്ന പരിപാടിയിൽ, പ്രശസ്ത മൈൻഡ് റീഡർ നിപിൻ നിരവത്തിന്റെ 'ഹിപ്നോട്ടിക്കൽ അവതരണവും' ശ്രദ്ധേയമാവും. ജനാധിപത്യ പ്രക്രിയയുടെ മഹത്വം വെളിവാക്കുന്ന മന:ശാസ്ത്രപരമായ കലാവതരണം, സദസ്യർക്ക് വിസ്മയം പകരും.
'എന്റെ വോട്ട് എന്റെ അവകാശം' എന്നു പ്രഖ്യാപിച്ചുകൊണ്ട് തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കുവാൻ പ്രേരിപ്പിക്കുന്ന വിധത്തിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം രണ്ടു ദിവസം മാത്രം ശേഷിക്കേ, ജനാധിപത്യപ്രക്രിയയുടെ മഹത്വം വെളിവാക്കുന്ന കലാവിരുന്നാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിനായി ടോണി ചിറ്റേട്ടുകളവും പ്രിയനും തയാറാക്കിയ ഹ്രസ്വചിത്രങ്ങളുടെ പ്രദർശനവും പരിപാടിക്ക് കൊഴുപ്പുപകരും.
കോളനികളിലെ കുട്ടികൾക്കായി ജില്ലാ ഭരണകൂടവും 'അൻപോടു കൊച്ചി'യും ചേർന്നു സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് 'മുത്തേ പൊന്നേ' പദ്ധതിയിലൂടെ ശ്രദ്ധേയരായ കുട്ടികളുടെ കലകളുടെ അവതരണവും പരിപാടിയോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. മഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്' നൃത്തപരിപാടിയിലൂടെ ശ്രദ്ധേയനായ ഡാൻസ് മാസ്റ്റർ നിയാസിന്റെ പരിശീലനത്തിൽ ഉദയ കോളനിയിലെയും തമ്മനം ശാന്തിപുരം കോളനിയിലെയുമൊക്കെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തഇനങ്ങളാവും, പരിപാടിയുടെ ഹൈലൈറ്റ്. തമ്മനം കോളനിയിലെ കുട്ടികൾ അവതരിപ്പിച്ച ഫ്യൂഷൻ ഡ്രം, ഉദയ കോളനിയിലെ കുട്ടികൾ അവതരിപ്പിച്ച ഡ്രംസ് അവതരണം എന്നിവയും പരിപാടിക്ക് നിറപ്പകിട്ടു പകരും. തമ്മനം ശാന്തിപുരം കോളനി, ഉദയ കോളനി, ഫോർട്ട്കൊച്ചി ഫിഷർമെൻ കോളനി തുടങ്ങിയ കോളനികളിൽ നിന്നുമുള്ള കലാകാരന്മാരാണ് വേദിയിൽ അണിനിരക്കുക.
ചെന്നൈ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയ ഫേസ്ബുക്ക് കൂട്ടായ്മ ''അൻപോടു കൊച്ചി''യെക്കുറിച്ച് തയാറാക്കപ്പെട്ട ഡോക്യുമെന്ററിയുടെ പ്രദർശനവും ജില്ലാ കളക്ടർ എം.ജി രാജമാണിക്യം നേതൃത്വം കൊടുത്ത 'എന്റെ കുളം എറണാകുളം' പദ്ധതിയെക്കുറിച്ചുള്ള ഡോക്യുമെന്ററി അവതരണവും പരിപാടിയുടെ ഭാഗമാവും.
13-ന് വൈകുന്നേരം 5.30-ന് ഡർബാർ ഹാൾ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന പരിപാടിയിലേയ്ക്കുള്ള പ്രവേശനം സൗജന്യമാണെന്ന് ജില്ലാ കളക്ടർ എം.ജി രാജമാണിക്യം അറിയിച്ചു.
മൈക്രോ ഒബ്സർവർമാരുടെ പരിശീലനം ഇന്ന്
കൊച്ചി: ജില്ലയിൽ 14 മണ്ഡലങ്ങളിൽ നിയോഗിതരായ മൈക്രോ ഒബ്സർവമാർക്കുള്ള പരിശീലന പരിപാടി ഇന്ന് രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. എല്ലാ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കണമെന്ന് ജില്ലാ വരണാധികാരി അറിയിച്ചു. കേന്ദ്രസർവീസിലുള്ള ജീവനക്കാരെയാണ് മൈക്രോ ഒബ്സർവർമാരായി നിയോഗിച്ചിട്ടുള്ളത്. ഓരോ പോളിംഗ് സ്റ്റേഷന്റെയും നിരീക്ഷണച്ചുമതല ഇവർക്കായിരിക്കും.
പരിശീലനത്തിൽ പങ്കെടുക്കാത്തവരെ അറസ്റ്റു ചെയ്യും
കൊച്ചി: പോളിംഗ് ഉദ്യോഗസ്ഥർക്കായി ഏഴാം തീയതി മുതൽ നടത്തിവന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാത്തവരെ അറസ്റ്റു ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി ജില്ലാ വരണാധികാരി അറിയിച്ചു. ഈ പരിശീലനത്തിൽ പങ്കെടുക്കാൻ ഏതെങ്കിലും വിധത്തിലുള്ള സാങ്കേതിക തടസങ്ങൾ ഉണ്ടായവർക്കായി മേയ് 14ന് രാവിലെ 10ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വീണ്ടും പരിശീലന പരിപാടി നടത്തുന്നുണ്ട്. ഇനിയും പങ്കെടുക്കാത്തവർ ഉണ്ടെങ്കിൽ അവർ കളക്ടറേറ്റിലെ തെരഞ്ഞെടുപ്പു വിഭാഗവുമായി ഉടൻ ബന്ധപ്പെടണം.
No comments:
Post a Comment