Friday, May 13, 2016

ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്


കൊച്ചി: ജില്ലയിൽ 14 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. ഒരുവർഷത്തിലേറെയായി നടക്കുന്ന ഒരുക്കങ്ങളും ക്രമീകരണങ്ങളുമാണ് അന്തിമഘട്ടത്തിലെത്തുന്നത്. ജില്ലയിൽ 27 അധിക ബൂത്തുകൾ ഉൾപ്പെടെ മൊത്തം 2054 ബൂത്തുകളാണുള്ളത്. ഇതിൽ 255 പ്രശ്‌നബാധിത ബൂത്തുകളും ഉൾപ്പെടുന്നു. ഇതിൽ 141 ബൂത്തുകളിൽ വെബ്കാമറ സംവിധാനത്തിലൂടെ വോട്ടെടുപ്പ് നടപടിക്രമങ്ങൾ നിരീക്ഷിക്കുമെന്നു തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. രാജീവ് അറിയിച്ചു. 
  ബാക്കി 114 ബൂത്തുകൾ മൈക്രോ ഒബ്‌സർവമാരുടെ നിരീക്ഷണത്തിലുമായിരിക്കും. ഓരോ മണ്ഡലത്തിലും ഓരോ വനിതാ പോളിംഗ് സ്‌റ്റേഷനുകൾ ഒരുക്കും. ഇവിടെ ഉദ്യോഗസ്ഥർ പൂർണമായും വനിതകളായിരിക്കും. കൂടാതെ കുഞ്ഞുങ്ങളുമായി വരുന്ന സ്ത്രീകൾക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ പോളിംഗ് സ്‌റ്റേഷനുകളോടു ചേർന്ന് ടോയ്‌ലെറ്റ് സൗകര്യവും ഉണ്ടായിരിക്കും. വൈദ്യുതിയില്ലാത്ത ചിലയിടങ്ങളിൽ അതിനുള്ള താത്കാലിക സംവിധാനങ്ങളും ഉണ്ടാകും. മൊത്തം 2405 വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. 
  ജില്ലാ വരണാധികാരി കൂടിയായ കളക്ടർ എം. ജി. രാജമാണിക്യം ആവിഷ്‌കരിച്ച ട്വന്റി ട്വന്റി സംവിധാനത്തിലൂടെ വളരെ വേഗത്തിൽ വോട്ടെടുപ്പു സാമഗ്രികളുടെ വിതരണം പൂർത്തിയാക്കും. ഒരു ബൂത്തിലേക്കുള്ള സാധനങ്ങൾ ഇരുപതു മിനിറ്റിനുള്ളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നൽകി അവരെ അതതു സ്ഥലങ്ങളിലേക്കുള്ള വാഹനങ്ങളിൽ യാത്രയാക്കും. 
  ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം, വെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിതരണ കേന്ദ്രങ്ങളിലുണ്ടാകും. ഇതിനു മുമ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി സാധനങ്ങൾ വാങ്ങാൻ കാത്തിരുന്നു മുഷിയുന്ന സ്ഥിതിയായിരുന്നുവെങ്കിൽ ഇക്കുറി വോട്ടെടുപ്പു സാധനങ്ങൾ അവരുടെ അടുക്കലേക്ക് എത്തിക്കുക എന്ന സമീപനമാണ് ട്വന്റി ട്വന്റിയിലൂടെ സ്വീകരിക്കുന്നത്. ഓരോ വാഹനവും പോകുന്ന റൂട്ട് രേഖപ്പെടുത്തുന്നതിനും അവ തിരിച്ചെത്തുന്നതിനും കൃത്യമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുന്നത്. 
 പ്രശ്‌ന ബാധിത സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷാ സന്നാഹങ്ങളേർപ്പെടുത്തും. വോട്ടർമാർക്ക് ശാന്തമായ അന്തരീക്ഷത്തിൽ സമ്മതിദാനം വിനിയോഗിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.
 വോട്ടിംഗ് യന്ത്രങ്ങളിൽ ബാലറ്റ് ക്രമീകരിക്കുന്ന ജോലി പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഒരു പോളിംഗ് ബൂത്തിൽ നാല് ഉദ്യോഗസ്ഥർ വീതമാണുള്ളത്.
  പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും വേണ്ടി എല്ലാ ബൂത്തുകളിലും റാമ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ബൂത്തുകളിൽ കുടിവെള്ളം ഉൾപ്പെടെ സൗകര്യമുണ്ടായിരിക്കും. ഓരോ മണ്ഡലത്തിലും അഞ്ച് മാതൃകാ സ്‌റ്റേഷനുകൾ ഇക്കുറി സജ്ജമാക്കിയിട്ടുണ്ട്. വോട്ടർക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തിൽ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

16ന് വേതനത്തോടു കൂടിയ അവധി നൽകണം
കൊച്ചി: മേയ് 16ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വേതനത്തോടു കൂടിയ അവധി അനുവദിച്ചതായി ജില്ലാ ലേബർ ഓഫീസർ(എസ്റ്റാബഌഷ്‌മെന്റ്) കെ. എസ്. മുഹമ്മദ് സിയാദ് അറിയിച്ചു. ഉത്തരവ് ലംഘിക്കുന്ന തൊഴിൽ ഉടമകൾക്കെതിരേ കർശനമായ നിയമ നടപടികൾ സ്വീകരിക്കും. 


No comments:

Post a Comment