കൊച്ചി: കൂട്ടുകാരിയുമൊത്തു കഥ പറഞ്ഞ് വീട്ടിലേയ്ക്കു കയറിവന്ന പേരക്കുട്ടിയുടെ കൈയിലേയ്ക്ക് മുത്തശി ഒരു കത്ത് വച്ചുനീട്ടി. തന്റെ പേരിൽ വന്ന കത്ത്, തെല്ലു കൗതുകത്തോടെയും അമ്പരപ്പോടെയും അവൾ തുറന്നുനോക്കി. എറണാകുളം ജില്ലാ കളക്ടറുടെ കയ്യൊപ്പോടെയുള്ള ആ കത്ത് അവളിൽ സന്തോഷം പകർന്നു. നവ വോട്ടറായതിൽ അഭിനന്ദിച്ചുകൊണ്ടും മേയ് 16-ന് വോട്ടു ചെയ്യുവാൻ ക്ഷണിച്ചുകൊണ്ടുമുള്ളതായിരുന്നു ആ കത്ത്... അവൾക്കു മാത്രമല്ല, തൊട്ടയൽപക്കത്തുള്ള തന്റെ ഉറ്റ സുഹൃത്തിനും ആ കത്ത് ലഭിച്ചിരിക്കുന്നു എന്ന വിവരം സന്തോഷത്തോടെ അവൾ മനസിലാക്കി.
ആഹ്ലാദം പങ്കുവയ്ക്കാനായി കത്തുമായി മുത്തശിയുടെ പക്കലേയ്ക്ക് എത്തുമ്പോൾ മുത്തശി അവൾക്ക് ഒരു കഥ പറഞ്ഞുകൊടുത്തു. അവളുടെ അച്ഛനെ ഗർഭം ധരിച്ചിരിക്കുമ്പോൾ മുത്തച്ഛനുമൊത്ത് വോട്ടുചെയ്യാൻ പോയ പഴയ കഥ! പരിപൂർണ ഗർഭിണിയായി സൈക്കിളിൽ പോയി വോട്ടുചെയ്തതും അത് പിന്നീട് പത്രത്തിൽ ഫോട്ടോയായി അച്ചടിച്ചുവന്നതുമൊക്കെ കേട്ട കൊച്ചുമകളിൽ വോട്ടിംഗിനെക്കുറിച്ചുള്ള കൗതുകം ഇരട്ടിച്ചു. വോട്ടിംഗ് തന്റെ കടമയാണെന്ന ബോധ്യം തെല്ലൊരു ഉത്സാഹത്തോടെ അവൾ മനസാ സ്വീകരിച്ചു. മുത്തശിയും അച്ഛനും അമ്മയുമൊന്നിച്ച് അവൾ പിന്നീട് വോട്ടുചെയ്യുവാൻ പോവുകയാണ്...
വോട്ടർ ബോധവൽക്കരണ പരിപാടിയായ 'സ്വീപ്പിന്റെ' ഭാഗമായി നവ വോട്ടർമാരെ ബോധവത്ക്കരിക്കുന്നതിന് ജില്ലാ കളക്ടർ എം.ജി രാജമാണിക്യം മുൻകയ്യെടുത്ത് തയാറാക്കിയ ഹ്രസ്വചിത്രത്തിൽ നിന്നുമുള്ള രംഗങ്ങളാണിവ. പഴയ കാലവും പുതിയ കാലവുമൊക്കെ അതീവ ദൃശ്യചാരുതയോടെ, പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ ഹ്രസ്വചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. 'എന്റെ വോട്ട് എന്റെ അവകാശം' എന്നു സാക്ഷ്യപ്പെടുത്തുന്ന ഹ്രസ്വചിത്രത്തിൽ, മേയ് 16-ന് പോളിംഗ് ബൂത്തിലേയ്ക്ക് വോട്ടർമാരെ ക്ഷണിക്കുന്നുമുണ്ട്.
മുത്തശിയായി ചലച്ചിത്രതാരം ശാന്തകുമാരിയും കൊച്ചുമകളായി ഉണ്ണിമായയും വേഷമിട്ടിരിക്കുന്നു. അങ്കിതയാണ് കൂട്ടുകാരിയുടെ വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. മിനിസ്ക്രീൻ - സിനിമാ താരങ്ങളായ കിഷോർ, ബിന്ദു, നേഹ, അൻവർ തുടങ്ങിയവരാണ് മറ്റ് പ്രമുഖ അഭിനേതാക്കൾ.
മുപ്പതിൽപ്പരം ഗ്രന്ഥങ്ങളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ടോണി ചിറ്റേട്ടുകളം രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ ഛായാഗ്രഹണം നൂറുദ്ദീൻ ബാവയും എഡിറ്റിംഗ് ബിപിൻ പോൾ സാമുവലും നിർവഹിച്ചിരിക്കുന്നു. ജിംസൺ ഗോപാൽ (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), സുനീഷ് കെ സുകുമാരൻ (അസോസിയേറ്റ് ഡയറക്ടർ - ഗ്രാഫിക്സ്), സുനിൽ ലാവണ്യ (പ്രൊഡക്ഷൻ ഡിസൈൻ), ദീപു ആന്റണി (അസിസ്റ്റന്റ് ഡയറക്ടർ), ജെസിൻ ജോർജ് (പശ്ചാത്തലസംഗീതം), അഖിൽ (കളറിസ്റ്റ്), കിരൺലാൽ (ഡിസൈൻ), പ്രിയ (വസ്താലങ്കാരം), ശ്യാം (കല), റോയി (ചമയം), ഗിരീഷ് കൊടുങ്ങല്ലൂർ-ജോസ് വരാപ്പുഴ (പ്രൊഡക്ഷൻ കൺട്രോളർ) തുടങ്ങിയവരാണ് അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് ഹ്രസ്വചിത്രം തയാറാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെയും എറണാകുളം ജില്ലയിലെയും ഇലക്ഷൻ പ്രക്രിയകളും സ്ഥിതിവിവരക്കണക്കുകളും വിശദീകരിക്കുന്ന മറ്റൊരു ഹ്രസ്വചിത്രവും കൂടി തയാറാക്കിയിട്ടുണ്ട്. രണ്ടു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങൾ തിയേറ്റർ, ചാനൽ, സോഷ്യൽ മീഡിയ എന്നിവയിലൂടെ ജനങ്ങളിലേയ്ക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ജില്ലയിൽ ആകെയുള്ള 56,000 നവ വോട്ടർമാർക്ക് സ്വന്തം കയ്യൊപ്പിട്ട സന്ദേശക്കത്തുകൾ കളക്ടർ അയച്ചിരുന്നു.
No comments:
Post a Comment