Tuesday, April 12, 2016

കൊച്ചിയിൽ ഡൊമിനിക് പ്രസന്റേഷന്റെ കൺവൻഷനുകൾക്ക് 17ന് തുടക്കം



കൊച്ചി: കൊച്ചി നിയമസഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിങ് എം.എൽ.എയുമായ ഡൊമിനിക് പ്രസന്റേഷന്റെ മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷനുകൾക്ക് 17ന് തുടക്കമാകും. 22നകം കൺവൻഷനുകൾ പൂർത്തിയാകും. വിവിധ സ്ഥലങ്ങളിൽ കൺവൻഷൻ നടക്കുന്ന വേദിയും സമയവും സംബന്ധിച്ച് ഇന്ന് തീരുമാനമാകും.

ഭാര്യ ഡോ. മേരിയ്‌ക്കൊപ്പം ആലപ്പുഴയിൽ പിതൃസഹോദരി സിസ്റ്റർ ഹെലനെ സന്ദർശിച്ച് അനുഗ്രഹം തേടിയാണ് ഡൊമിനിക് പ്രസന്റേഷൻ ഇന്നലെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. തുടർന്ന് തോപ്പുംപടിയിലെത്തിയ അദ്ദേഹം വ്യാപാര സ്ഥാപനങ്ങൾ കയറിയിറങ്ങി പരിചയം പുതുക്കി. വികസന വിഷയങ്ങളും പരവൂർ ദുരന്തവുമൊക്കെ നാട്ടുകാർ എം.എൽ.എയുമായി പങ്കുവച്ചു.

കലൂരിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പോളിന്റെ നിര്യാണമറിഞ്ഞ് ഡൊമിനിക് നേരെ അങ്ങോട്ടു തിരിച്ചു. തുടർന്ന് മുണ്ടംവേലിയിലെത്തി 32 വർഷം മുമ്പ് അന്തരിച്ച കലാകാരൻ ജോയിയുടെ ചരമവാർഷികാചരണത്തിൽ പങ്കുകൊണ്ടു. ഉച്ചഭക്ഷണവും അവിടെയായിരുന്നു. ഇതിനിടെ മണ്ഡലത്തിന്റെ മറ്റ് ഭാഗങ്ങളിലും മരണവീടുകളിലെത്തി അനുശോചനമറിയിച്ചു. മണ്ഡലത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ നീളുന്നതായിരുന്നു ഇന്നലത്തെ യാത്രകൾ.

പകൽ സന്ദർശനം അവസാനിച്ചപ്പോഴേക്കും വൈകിട്ട് യോഗങ്ങൾക്ക് സമയമായി. പ്യാരി ജംഗ്ഷനിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായിരുന്നു യോഗങ്ങളുടെ വേദി. സർവീസ് സംഘടനകളുടെ യോഗമായിരുന്നു ആദ്യം. തുടർന്ന് ബ്ലോക്ക് ഭാരവാഹികളുടെയും മണ്ഡലം ഭാരവാഹികളുടെയും യോഗം. മണ്ഡലം കൺവൻഷനുകൾക്കും മറ്റ് പ്രചാരണ പ്രവർത്തനങ്ങൾക്കും യോഗങ്ങളിൽ ഏകദേശ രൂപമായി. നേതാക്കളും പ്രവർത്തകരും മുന്നോട്ടു വച്ച നിർദേശങ്ങൾ ക്രോഡീകരിച്ച് ഇന്നു നടക്കുന്ന യോഗങ്ങളിൽ അവതരിപ്പിക്കാൻ തീരുമാനമെടുത്താണ് ഡൊമിനിക് കേന്ദ്ര തിരഞ്ഞെടുപ്പ് ഓഫീസിൽ നിന്നിറങ്ങിയത്. തുടർന്ന് തെക്കെ ചെല്ലാനത്ത് പ്രവർത്തകയോഗത്തിൽ കൂടി പങ്കെടുത്തതോടെയാണ് ഇന്നലത്തെ പ്രചാരണം പൂർത്തിയായത്.

നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എൻ.കെ. നാസർ, , കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി എം.എം. ഫ്രാൻസിസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എച്ച് നാസർ കൗൺസിലർമാരായ കെ.കെ. കുഞ്ഞച്ചൻ, കെ.ജെ. പ്രകാശൻ, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റാണി യേശുദാസ്, ജേക്കബ് പൊന്നൻ തുടങ്ങിയവരും സ്ഥാനാർത്ഥിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

ഡൊമിനിക്കിന്റെ പോസ്റ്ററുകളും ബോർഡുകളും മണ്ഡലത്തിലുടനീളം ഇന്നും നാളെയുമായി അണിനിരത്തുന്ന പ്രവർത്തനങ്ങളും മുന്നോട്ടു നീങ്ങുന്നു. കൊച്ചിയുടെ കയ്യൊപ്പ് വികസനരേഖയുടെയും വെബ്‌സൈറ്റിന്റെയും പ്രകാശനവും നാളെ നടക്കും. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസന, ക്ഷേമപ്രവർത്തനങ്ങളും ഭാവി വികസന പദ്ധതികളുടെ രൂപരേഖയും അടങ്ങുന്നതാണ് കൊച്ചിയുടെ കയ്യൊപ്പ്.

No comments:

Post a Comment