Friday, April 15, 2016

മൂന്നു മണ്ഡലങ്ങളുടെ സംഗമഭൂമിയായി പറവൂര്‍



കൊച്ചി: പേരു നിലനിലനിര്‍ത്തിയെങ്കിലും അതിരുകളും സ്ഥാനങ്ങളും മാറിയാണ് പറവൂര്‍ നിയോജകമണ്ഡലത്തിന്റെ രാഷ്ട്രീയഭൂമി. മണ്ഡല പുനര്‍നിര്‍ണയത്തിനു മുമ്പ് ആലുവയുടെ ഭാഗമായിരുന്ന വരാപ്പുഴ പഞ്ചായത്ത്, ചരിത്രത്താളുകളില്‍ മാത്രമായ വടക്കേക്കര നിയോജകമണ്ഡലത്തിന്റെ ഭാഗമായിരുന്ന വടക്കേക്കര, പുത്തന്‍വേലിക്കര പഞ്ചായത്തുകള്‍ എന്നിവ പറവൂരിന്റെ ഭാഗമായതോടെ മൂന്നു മണ്ഡലങ്ങളുടെ സംഗമസ്ഥാനമായി. ഇതോടൊപ്പം പറവൂര്‍ നഗരസഭ, ചേന്ദമംഗലം, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവളളി ഗ്രാമപഞ്ചായത്തുകളുമടങ്ങിയതാണ് മണ്ഡലം.
കഴിഞ്ഞ 16 തിരഞ്ഞെടുപ്പുകളിലായി ഒമ്പതു തവണ യു.ഡി.എഫിനേയും ഏഴു തവണ സ്വതന്ത്രനടക്കം ഇടതുമുന്നണിയെയും പിന്തുണച്ച ചരിത്രമാണ് പറവൂരിനുളളത്. ഇതില്‍ മൂന്നു തവണ വീതം എന്‍.ശിവന്‍പിളള, കെ.ടി ജോര്‍ജ്, വി.ഡി.സതീശന്‍  എന്നിവരാണ് മണ്ഡലത്തിന്റെ പ്രിതിനിധികളായത്. പി.രാജു രണ്ടു തവണ മണ്ഡലത്തിന്റെ പ്രിതിനിധിയായി. സ്വതന്ത്രനായ ശ്രീവല്ലഭമേനോന്‍, കമ്മ്യൂണിസ്റ്റുകാരനായ കെ.എ.ബാലന്‍, കോണ്‍ഗ്രസുകാരായ കെ.എ. ദാമോദരമേനോന്‍, സേവ്യര്‍ അറയ്ക്കല്‍, എ.സി.ജോസ് എന്നിവരാണ് ജനപ്രതിനിധികളായ മറ്റുളളവര്‍.
പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു പറവൂരിലെ ചിലപ്രദേശങ്ങള്‍. 1951 ല്‍ സ്വതന്ത്രനായ ശ്രീവല്ലഭമേനോനാണ് ആദ്യമായി മണ്ഡലത്തിന്റെ ജനപ്രതിനിധിയായത്. 54-ല്‍ കെ.എ.ബാലനും 57-ല്‍ എന്‍.ശിവന്‍പിളളയും ജയിച്ചു. എന്നാല്‍ 60-ല്‍ കോണ്‍ഗ്രസിലെ കെ.എ.ദാമോദരമേനോന്‍ വിജയിച്ചു. നിയമസഭ കൂടാതിരുന്ന 65-ല്‍ ശക്തമായ ത്രികോണ മത്സരത്തില്‍ കോണ്‍ഗ്രസിലെ കെ.ടി.ജോര്‍ജിനായിരുന്നു ജയം. 67 ലും 70 ലും കെ.ടി ജയം ആവര്‍ത്തിച്ചു. 77-ല്‍ സേവ്യര്‍ അറക്കലിന്റെയും 80-ല്‍ എ.സി.ജോസിന്റെയും ഊഴമായിരുന്നു.  
1982-ല്‍ വീണ്ടും  ശിവന്‍പിളളയ്‌ക്കൊപ്പമായിരുന്നു മണ്ഡലം. 87 ലും സ്ഥിതി തുടര്‍ന്നു. 91, 96 വര്‍ഷങ്ങളില്‍ സി.പി.ഐ യിലെ പി.രാജു മണ്ഡലം നിലനിര്‍ത്തി. 2001-ല്‍ കോണ്‍ഗ്രസിലെ വി.ഡി.സതീശന്‍ 7434 വോട്ടിന്റെ ഭൂരിപക്ഷത്തിനും 2006-ല്‍ 7792 വോട്ടിനുമാണ് മണ്ഡത്തില്‍ നിന്നു ജയിച്ചത്. 2011ല്‍ മൂന്നാം തവണയും ജനവിധി തേടിയ സതീശന്‍ 11349 വോട്ടിന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 
പുനര്‍നിര്‍ണയിച്ച മണ്ഡലമെന്ന നിലയില്‍ എറണാകുളം ലോക്‌സഭ മണ്ഡലത്തിലുള്‍പ്പെടുന്ന പറവൂര്‍ മണ്ഡലം 2009-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു ലീഡു നല്‍കിയിരുന്നു. യു.ഡി.എഫിലെ കെ.വി.തോമസിനെതിരെ മത്സരിച്ച എല്‍.ഡി.എഫിലെ സിന്ധു ജോയിക്കു മണ്ഡലത്തില്‍ 5832 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. പിന്നീട് 2014ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ പ്രൊഫ.കെ.വി.തോമസ് എറണാകുളം മണ്ഡലത്തില്‍ വിജയിച്ചപ്പോള്‍ അദ്ദേഹത്തിന് പറവൂര്‍  മണ്ഡലത്തില്‍ 7765 വോട്ടിന്റെ ലീഡുണ്ടായിരുന്നു. 
മണ്ഡലത്തില്‍ ഇപ്പോള്‍ വോട്ടര്‍മാരുടെ എണ്ണം 188619 (ആണ്‍ 91110, പെണ്‍ 97509 )ആയിട്ടുണ്ട്. അന്തിമ പട്ടിക വരുമ്പോള്‍ ഇതില്‍ നേരിയ വ്യത്യാസം ഉണ്ടാകാം. കഴിഞ്ഞ മാര്‍ച്ച് ഒന്നിലെ കണക്കുപ്രകാരം മണ്ഡലത്തിലെ മൊത്തം വോട്ടര്‍മാരില്‍ 18-19 വയസ് ഗ്രൂപ്പിലുള്ളത് 4487 വോട്ടര്‍മാരാണ്. 20-29 പ്രായഗ്രൂപ്പിലിത് 33464 വരും. 30-39 പ്രായഗ്രൂപ്പില്‍ 39383 ഉം 40-49 പ്രായഗ്രൂപ്പില്‍ 42622 ഉം 50-59 പ്രായഗ്രൂപ്പില്‍ 34693 ഉം 60-69 പ്രായഗ്രൂപ്പില്‍ 21624 ഉം 70-79 പ്രായഗ്രൂപ്പില്‍ 9394 ഉം 80ന് മുകളിലുള്ളവര്‍ 2952 ഉം ആണ്.
2011ല്‍ ഇവിടെ ഏറ്റവും കൂടുതല്‍ വോട്ട് പോള്‍ ചെയ്തതും പോളിങ് ശതമാനത്തില്‍ ഉയര്‍ന്നതും ചിറ്റേത്തുകര അങ്കണവാടിയിലെ 077-ാം ബൂത്തിലായിരുന്നു. 1560 വോട്ടര്‍മാരുണ്ടായിരുന്ന അവിടെ 1394 പേരും ബൂത്തിലെത്തി. 89.36 ശതമാനമാണിത്. 570ല്‍ 435 പേര്‍ മാത്രം വോട്ടുചെയ്ത സെന്റ്.സെബാസ്റ്റ്യന്‍ യു.പി.എസിലെ 105-ാം ബൂത്തിലായിരുന്നു കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്.  കുറഞ്ഞ പോളിങ് ശതമാനം സാന്തക്രൂസ് എച്ച്.എസിലെ 123-ാം ബൂത്തിലായിരുന്നു. 1402 വോട്ടര്‍മാരുള്ള അവിടെ വോട്ടു ചെയ്തത് 974 പേരാണ്. 69.47 ശതമാനമാണിത്. 

No comments:

Post a Comment