Tuesday, April 12, 2016

ആലങ്ങാടിന്റെ പുതിയരൂപമായി കളമശേരി: രണ്ടാം അങ്കത്തിന് അരങ്ങുണരുന്നു



കൊച്ചി: 2009ലെ മണ്ഡല പുന:ക്രമീകരണത്തെ തുടര്‍ന്ന് ജില്ലയില്‍ പുതുതായി ലഭിച്ച മണ്ഡലമാണ് കളമശേരി. 1951 ല്‍ തിരു-കൊച്ചി നിയമസഭയുടെ കാലത്ത് ആലങ്ങാട് എന്ന പേരില്‍ ഒരു മണ്ഡലം ഉണ്ടായിരുന്നു. കളമശേരിയുടെ ഒരു പ്രാക് രൂപമായിരുന്നു അതെന്ന് വേണമെങ്കില്‍ പറയാം.
ജില്ലയുടെ വ്യവസായ നഗരമായ കളമശേരിയില്‍ കളമശേരി നഗരസഭ കണയന്നൂര്‍ താലൂക്കിലെ ആലങ്ങാട് പഞ്ചായത്ത,് പറവൂര്‍ താലൂക്കിലെ ഏലൂര്‍ നഗരസഭ, കടുങ്ങല്ലൂര്‍, കുന്നുകര, കരുമാലൂര്‍ പഞ്ചായത്ത് എന്നിവ അടങ്ങുന്നു. ആലുവ, പറവൂര്‍ നിയമസഭ മണ്ഡലങ്ങളില്‍ നിന്നും ഇല്ലാതായ വടക്കേക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഭാഗങ്ങളാണ് പുതിയ മണ്ഡലത്തിലുളളത്. 
1951 ല്‍ കളമശേരിയുടെ ഒരു പ്രാക് രൂപമായിരുന്ന ആലങ്ങാട് മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തില്‍ സ്വതന്ത്രനായ ഇ.പി.വര്‍ഗീസാണ് ജയിച്ചത്. സോഷ്യലിസ്റ്റായ ബാലകൃഷ്ണമേനോന്‍, കോണ്‍ഗ്രസിലെ മാധവന്‍ എന്നിവരായിരുന്നു എതിര്‍ സ്ഥാനാര്‍ഥികള്‍. 140 വോട്ടിനാണ് വര്‍ഗീസ് ജയിച്ചത്. വര്‍ഗീസിന് 10403 വോട്ടും, മേനോന് 10262 വോട്ടും, മാധവന് 10254 വോട്ടും കിട്ടി. 
1951 ല്‍ കോണ്‍ഗ്രസും, പി.എസ്.പി യുമായി നേരിട്ടുളള പോരാട്ടത്തിനാണ് ആലങ്ങാട് സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസിലെ കെ.പി.ഗോപാലമേനോന്‍, 584 വോട്ടിനു പി.എസ്.പി യിലെ കെ.ജി.രാമന്‍ മേനോനെ തോല്‍പ്പിച്ചു. കോണ്‍ഗ്രസിന് 17439 വോട്ടും, പി.എസ്.പിക്ക് 16855 വോട്ടുമാണ് കിട്ടിയത്. 1957 ല്‍ കേരള പിറവിക്കു ശേഷം നടന്ന മണ്ഡല പുന:ക്രമീകരണത്തില്‍ ആലങ്ങാട് അപ്രത്യക്ഷമായി. പിന്നീട് ഈ മൂന്നു മണ്ഡലങ്ങളുടേയും ഭാഗമായി കളമശേരി കഴിഞ്ഞു. 
2009 നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പോടെയാണ് കളമശേരി നിയോജക മണ്ഡലം പ്രാബല്യത്തില്‍ വന്നത്. എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കളമശേരിയില്‍ അന്ന് 75.28 ശതമാനം പേരാണ് വോട്ടു ചെയ്തത്. ആകെയുളള 148739 പേരില്‍ 111977 പേര്‍ അന്ന് സമ്മതിദാന അവകാശം വിനിയോഗിച്ചു. 
ആദ്യമായി നിയമസഭയിലേക്ക് കളമശേരിയുടെ പ്രിതിനിധിയെത്തിയത് 2011ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ്.  10 സ്ഥാനാര്‍ഥികളാണ് അന്ന് മണ്ഡലത്തിന്റെ പ്രതിനിധിയാകാന്‍ ഗോദയിലിറങ്ങിയത്. ഇതില്‍ മുസ്ലീംലീഗിലെ വി.കെ.ഇബ്രാഹിംകുഞ്ഞ് 7789 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.ഐ. (എം) സ്ഥാനാര്‍ഥി കെ.ചന്ദ്രന്‍പിള്ളയെ പരാജയപ്പെടുത്തിയത്. അന്ന് മണ്ഡലത്തില്‍ 81105 പുരുഷന്മാരും 84002 വനിതകളും ഉള്‍പ്പടെ 165107 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍47.73 ശതമാനത്തിന്റെ അതായത് 62843 വോട്ട് ഇബ്രാഹിംകുഞ്ഞിനും 41.81 ശതമാനം വോട്ട് അതായത് 55054 വോട്ട് ചന്ദ്രന്‍പിള്ളയ്ക്കും. ലഭിച്ചു. 
എന്നാല്‍ മണ്ഡലത്തില്‍ ഇപ്പോള്‍ വോട്ടര്‍മാരുടെ എണ്ണം 186070 (ആണ്‍ 90412, പെണ്‍ 95658 )ആയിട്ടുണ്ട്. അന്തിമ പട്ടിക വരുമ്പോള്‍ ഇതില്‍ നേരിയ വ്യത്യാസം ഉണ്ടാകാം. കഴിഞ്ഞ മാര്‍ച്ച് ഒന്നിലെ കണക്കുപ്രകാരം മണ്ഡലത്തിലെ മൊത്തം വോട്ടര്‍മാരില്‍ 18-19 വയസ് ഗ്രൂപ്പിലുള്ളത്  4231 വോട്ടര്‍മാരാണ്. 20-29 പ്രായഗ്രൂപ്പിലിത് 33964 വരും. 30-39 പ്രായഗ്രൂപ്പില്‍ 42085 ഉം 40-49 പ്രായഗ്രൂപ്പില്‍ 42512 ഉം 50-59 പ്രായഗ്രൂപ്പില്‍ 32067 ഉം 60-69 പ്രായഗ്രൂപ്പില്‍ 20377 ഉം 70-79 പ്രായഗ്രൂപ്പില്‍ 8595 ഉം 80ന് മുകളിലുള്ളവര്‍ 2239 ഉം ആണ്.
2011ല്‍ ഇവിടെ ഏറ്റവും കൂടുതല്‍ വോട്ട് പോള്‍ ചെയ്തത് കുന്നുവയല്‍ ജി.എല്‍.പി.സ്‌കൂളിലായിരുന്നു. 1554 വോട്ടര്‍മാരുണ്ടായിരുന്ന ബൂത്തിലെ 1314 പേരും അതായത് 84.56 ശതമാനവും വോട്ടുചെയ്തു. ഇതില്‍ പിന്നില്‍  ധര്‍മപോഷിണിസഭ എല്‍.പി.എസിലെ 044-ാം ബൂത്തായിരുന്നു. 398 വോട്ടര്‍മാരുണ്ടായിരുന്ന ഇവിടെ 348 പേരാണ് അതായത് 87.44 ശതമാനം പേരാണ് വോട്ടു ചെയ്തത്. പോളിങ് ശതമാനത്തില്‍ മുന്നില്‍ എസ്.എന്‍.ഡി.പി. ശാഖ മന്ദിരത്തിലെ 041-ാം ബൂത്തായിരുന്നു. 1005 വോട്ടര്‍മാരുണ്ടായിരുന്ന അവിടെ 938 പേര്‍ അതായത് 93.33 ശതമാനം പേര്‍ വോട്ടുചെയ്തപ്പോള്‍ കുറവ് പോളിങ് ശതമാനമുണ്ടായിരുന്നത് വരാപ്പുഴ ജി.പി.യു.പി.എസിലായിരുന്നു. 1429 വോട്ടര്‍മാരുണ്ടായിരുന്ന അവിടെ 1046 പേര്‍ വോട്ടു ചെയ്തു. ശതമാനക്കണക്കില്‍ 73.2 വരുമിത്. 

വോട്ടുവണ്ടി ഓട്ടം തുടരുന്നു;
ഇന്ന് എളമക്കര മുതല്‍ പനമ്പിള്ളി നഗര്‍ വരെ

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള സ്വീപ് പദ്ധതിയുടെ ഭാഗമായുള്ള വോട്ടുവണ്ടി ഇന്ന് എറണാകുളം മണ്ഡലത്തിലെ എളമക്കര മുതല്‍ പനമ്പിളളി നഗര്‍ വരെയുള്ള പ്രദേശങ്ങളില്‍ പര്യടനം നടത്തും. തിരഞ്ഞെടുപ്പില്‍ ആദ്യമായി ഏര്‍പ്പെടുത്തുന്ന വിവിപാറ്റ് സംവിധാനത്തെക്കുറിച്ച് കൂടുതല്‍ അറിയാനും മനസിലാക്കുവാനും വോട്ടുവണ്ടിയില്‍ സൗകര്യമുണ്ട്. ജില്ലയിലെ രണ്ടു മണ്ഡലങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ വിവിപാറ്റ് സംവിധാനം ഉപയോഗപ്പെടുത്തുന്നത്. 
ഇന്നലെ ചേരാനെല്ലൂര്‍ പഞ്ചായത്തിലെ വടുതല, ചിറ്റൂര്‍, അമൃത ആശുപത്രി പരിസരം, പോണേക്കര, ചാത്യാത്ത് പള്ളി പരിസരം തുടങ്ങിയ മേഖലകളില്‍ പര്യടനം നടത്തി. സാധാരണക്കാരും തൊളിലാളികളും വീട്ടമ്മമാരും ഉദ്യോഗസ്ഥരുമടക്കം നിരവധി പേരാണ് വോട്ടുവണ്ടി സന്ദര്‍ശിച്ച് വോട്ടിംഗ് പരിചയം നേടിയത്. 
സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് വോട്ടര്‍ ബോധവത്കരണ പ്രവര്‍ത്തനത്തിനായി വോട്ടുവണ്ടി പര്യടനം. ജില്ലയിലെ പോളിംഗ് 80 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തുന്നതോടൊപ്പം വോട്ട് ചെയ്യാന്‍ പരിശീലനവും നല്‍കുന്നുണ്ട്. നിരവധി പേരാണ് വോട്ട് ചെയ്ത് നോക്കാനും സംശയങ്ങള്‍ ദുരീകരിക്കാനുമായി വോട്ടുവണ്ടിയിലെത്തുന്നത്. ജില്ല തിരഞ്ഞെടുപ്പ് ഓഫീസും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്നാണ് പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 
വിവിപാറ്റ് മെഷീന്റെ പ്രവര്‍ത്തനം പരിചയപ്പെടാന്‍ താല്‍പര്യമുള്ള എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിലുള്ളവര്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെട്ടാല്‍ വോട്ടുവണ്ടി സ്ഥലത്തെത്തിക്കുന്നതാണ്. ഫോണ്‍: 2354208.

No comments:

Post a Comment