:
നാലുവട്ടം തികച്ച് കുര്യനും ഹാട്രിക്കോടെ ജോയിയും
കൊച്ചി: എറണാകുളം ജില്ലയുടെ വടക്കേ അതിരിലാണ് അങ്കമാലി നിയോജകമണ്ഡലം. കേരളപ്പിറവിക്കു ശേഷം 1957 ല്‍ സംസ്ഥാനത്ത് ആദ്യതിരഞ്ഞെടുപ്പു നടക്കുമ്പോള്‍ അങ്കമാലി എന്ന നിയോജകമണ്ഡലം ഉണ്ടായിരുന്നില്ല. 1965ല്‍ നിയമസഭ മണ്ഡലങ്ങളുടെ പുനക്രമീകരണത്തിലാണ് അങ്കമാലി എന്ന പുതിയ നിയോജകമണ്ഡലം രൂപമെടുക്കുന്നത്. അന്നുവരെയുണ്ടായിരുന്ന ദ്വയാംഗമണ്ഡലമെന്ന ആശയവും ഉപേക്ഷിക്കപ്പെട്ടത് ഈ തിരഞ്ഞെടുപ്പോടെയായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മുഴുവന്‍ സീറ്റിലും മല്‍സരിച്ചതും ഈ തിരഞ്ഞെടുപ്പിലായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനും ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു. കേരളത്തില്‍ ആദ്യമായി വ്യക്തമായ ഭൂരിപക്ഷമില്ലാതെ നിയമസഭ കൂടാനാകാതിരുന്ന ചരിത്രവും 1965ലെ തിരഞ്ഞെടുപ്പിനാണുള്ളത്.
ആദ്യനിയമസഭ പോരാട്ടത്തില്‍ ജയിച്ചെങ്കിലും അങ്കമാലിയുടെ പ്രതിനിധിക്ക് അന്ന് നിയമസഭാംഗമാകാന്‍ കഴിഞ്ഞിരുന്നില്ല. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ അന്ന് സഭ പിരിച്ചുവിടുകയായിരുന്നു. പിന്നീട് നാലുവട്ടം വീതം മല്‍സരിച്ച ഏ.പി.കുര്യനും പി.ജെ.ജോയിയും മൂന്നുവട്ടം വീതം അങ്കമാലിയെ സഭയില്‍ പ്രതിനിധീകരിച്ചു. 2010ലെ മണ്ഡല പുനര്‍വിഭജനത്തിനുശേഷം ഇത് രണ്ടാം തവണയാണ് വീണ്ടുമൊരു അങ്കത്തിന് അങ്കമാലി കോപ്പുകൂട്ടുന്നത്.
ആദ്യനിയമസഭ പോരാട്ടത്തില്‍ അങ്കമാലിയില്‍ നിന്നു 1965ല്‍ വിജയം നേടിയത് കേരള കോണ്‍ഗ്രസിലെ ജോണ്‍ ആയിരുന്നു. 63544 വോട്ടര്‍മാരാണ് അന്നു മണ്ഡലത്തില്‍. 48009 പേര് വോട്ടു രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ 19828 വോട്ടു ലഭിച്ച ജോണിനു പിന്നില്‍ കോണ്‍ഗ്രസിലെ ഗീവര്‍ഗീസിന് 13840 വോട്ടായിരുന്നു. പ്രഗത്ഭനായ മത്തായി മാഞ്ഞൂരാന് സ്വതന്ത്രനായി 11472 വോട്ടു പിടിച്ചു. സി.പി. ഐയിലെ പി.കെ.ഇബ്രാഹിംകുട്ടിക്കു 1336 വോട്ടും കിട്ടി. മറ്റു രണ്ടു സ്വതന്ത്രര്‍ കൂടി രംഗത്തുണ്ടായിരുന്നു.
രണ്ടുവര്‍ഷത്തെ രാഷ്ട്രപതി ഭരണത്തിനൊടുവില്‍ 1967ല്‍ വീണ്ടും തിരഞ്ഞെടുപ്പാകുമ്പോള്‍ കേരള രാഷ്ട്രീയം മുന്നണി രാഷ്ട്രീയത്തിന്റെ പാതയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് നടത്തിയിരുന്നു. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഐക്യമുന്നണിയായിരുന്നു ആ തിരഞ്ഞെടുപ്പിലെ പ്രധാനസംഭവം. കോണ്‍ഗ്രസ് അക്കുറിയും ഒറ്റയ്ക്കു തന്നെയായിരുന്നു. കേരള കോണ്‍ഗ്രസ്, സ്വതന്ത്ര പാര്‍ട്ടി, ഡി.എം.കെ. എന്നിവയുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കി. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണി അധികാരത്തിലെത്തി.
ആദ്യമായി അങ്കമാലിയില്‍ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത് ജോണ്‍ ആയിരുന്നെങ്കിലും അങ്കമാലിയുടെ പ്രതിനിധിയായി സത്യപ്രതിജ്ഞചെയ്യാന്‍ ഭാഗ്യമുണ്ടായത് സി.പി.എമ്മിലെ എ.പി. കുര്യനാണ്. സി.പി.എം, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ പരസ്പരം ഏറ്റുമുട്ടിയ 1967 തിരഞ്ഞെടുപ്പില്‍ 6190 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കുര്യന് ആദ്യമായി സഭയിലെത്തുന്നത്. കുര്യനു 21427 വോട്ടും കോണ്‍ഗ്രസിലെ എ.സി.ജോര്‍ജിനു 15237 വോട്ടും കേരള കോണ്‍ഗ്രസിലെ ജെ.പത്താടനു 14167 വോട്ടും കിട്ടി. 63450 വോട്ടര്‍മാരില്‍ 50831 പേരാണ് അന്നു വോട്ടുരേഖപ്പെടുത്തിയത്.
1970ല്‍ വീണ്ടും തിരഞ്ഞടുപ്പ്. രാഷ്ട്രീയകക്ഷി ബന്ധങ്ങളില്‍ കാതലായ മാറ്റമാണ് ആ വര്‍ഷം കണ്ടത്. കോണ്‍ഗ്രസ് നേതൃത്വ മുന്നണിയില്‍ സി.പി.ഐ., ആര്.എസ്.പി., മുസ്ലീംലീഗ്, പി.എസ്.പി. എന്നിവയുള്പ്പെട്ടു. 79 സീറ്റു നേടി അവര്‍ അധികാരത്തിലുമെത്തിയെങ്കിലും അങ്കമാലിയില്‍ കുര്യന് തന്നെ ജയിച്ചു. കുര്യന് 26626 വോട്ടും തൊട്ടടുത്ത എതിരാളി കോണ്‍ഗ്രസിലെ ഗെര്വാസിസ് അരീക്കലിനു 25328 വോട്ടും കേരള കോണ്‍ഗ്രസിലെ കെ.ടി. അഗസ്റ്റിനു 7653 വോട്ടും കിട്ടി. ഭൂരിപക്ഷം 1298.
അടിയന്തരാവസ്ഥ സമയത്ത് രണ്ടുവര്‍ഷം കൂടുതല്‍ ആയുസ് കിട്ടിയതിനാല്‍ 77ലാണ് പിന്നീട് തിരഞ്ഞെടുപ്പു നടന്നത്. ഈ സമയത്തു നടന്ന മണ്ഡലപുനക്രമീകരണത്തിലൂടെ സംസ്ഥാനത്തു സീറ്റുകളുടെ എണ്ണം 133 ല്‍ നിന്നു 140 ആയി വര്‍ധിച്ചു. മൂന്നാംതവണയും കുര്യന് തിരഞ്ഞെടുക്കപ്പെട്ടു. പ്രധാന എതിരാളി കോണ്‍ഗ്രസിലെ പി.പി.തങ്കച്ചനായിരുന്നു. കുര്യനു 36261-ഉം തങ്കച്ചനു 35700-ഉം വോട്ടും കിട്ടി.
1980-ല്‍ കോണ്‍ഗ്രസിലെയും കേരള കോണ്‍ഗ്രസിലെയും പിളര്‍പ്പിനു ശേഷമാണ് അടുത്ത തിരഞ്ഞെടുപ്പു നടക്കുന്നത്. മുന്നണിബന്ധങ്ങള് വീണ്ടുംമാറിമറിഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഐക്യജനാധിപത്യ മുന്നണിയും സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ആ തിരഞ്ഞെടുപ്പോടെ രംഗത്തെത്തി. ആ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ കുര്യനും ജനതയിലെ പി.ജെ.ജോയിയുമായിരുന്നു അങ്കമാലിയില്‍ ഏറ്റുമുട്ടിയത്. 1806 വോട്ടിനു നാലാമതും കുര്യന് ജയിച്ചു.
അതുവരെ ഇടതുമുന്നണിയിലായിരുന്ന ആന്റണി കോണ്‍ഗ്രസ് യു.ഡി.എഫിലേക്കു വന്നതോടെ 82ല്‍ വീണ്ടുമൊരു തിരഞ്ഞടുപ്പായി. അക്കുറി അഞ്ചാംതവണയും പോരിനിറങ്ങിയ കുര്യന് കേരള കോണ്‍ഗ്രസിലെ എം.വി.മാണിക്കു മുന്നില്‍ കാലിടറി. എം.വി.മാണി 2377 വോട്ടിനു ജയിച്ചു. 1987-ല്‍ വീണ്ടും എം വി മാണി ജയിച്ചു. ഇക്കുറി സി.പി.എമ്മിലെ എം സി ജോസഫൈനായിരുന്നു എതിരാളി. ഭൂരിപക്ഷം 5500 ആയി.
1991ല്‍ കേരളം വീണ്ടും തിരഞ്ഞെടുപ്പിലേക്കു പോയി. യു.ഡി.എഫിലുണ്ടായിരുന്ന പി.ജെ. ജോസഫിന്റെ കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫിലായതും രാജീവ് ഗാന്ധിയുടെ മരണവുമായിരുന്നു ആ തിരഞ്ഞെടുപ്പിലെ പ്രധാന സംഭവങ്ങള്‍. കേരള കോണ്‍ഗ്രസിലെ എം.വി.മാണി മൂന്നാമതും മല്സരത്തിനിറങ്ങിയെങ്കിലും പരാജയപ്പെട്ടു. കോണ്‍ഗ്രസിലെ പി.ജെ.ജോയി 7598 വോട്ടിനു ജയിച്ചു. 96ല്‍ വീണ്ടും ജോയ് തിരഞ്ഞെടുക്കപ്പെട്ടു. പഴയ എതിരാളികള്‍ തന്നെയായിരുന്നു ഇക്കുറിയും ഏറ്റുമുട്ടിയത്. 544 വോട്ടിനായിരുന്നു ജോയ് ജയിച്ചത്. 96ല്‍ മൂന്നാംവട്ടവും ജോയ് ജയിച്ചു. 18177 വോട്ടിനു എല്‍.ഡി.എഫ്. സ്വതന്ത്രനായ പ്രൊഫ.വി.ജെ.പാപ്പു പരാജയപ്പെട്ടു. 2006ല്‍ നാലാമങ്കത്തില്‍ ജോയ് ജനതാദളിലെ അഡ്വ.ജോസ് തെറ്റയിലിനു മുമ്പില്‍ പരാജയമറിഞ്ഞു. 6094 വോട്ടിനാണ് തെറ്റയില്‍ മണ്ഡലം പിടിച്ചെടുത്തത്. 2011ല്‍ ജോസ് തെറ്റയില്‍ വീണ്ടും വിജയിച്ചപ്പോള്‍ ഭൂരിപക്ഷം 7170 ആയിരുന്നു.
ആലുവ താലൂക്കിലുളള അങ്കമാലി നഗരസഭയും എട്ട് ഗ്രാമപഞ്ചായത്തുകളുമടങ്ങിയതാണ് അങ്കമാലി നിയമസഭാ മണ്ഡലം. പഴയ വടക്കേക്കര നിയമസഭ മണ്ഡലത്തിന്റെ ഭാഗമായിരുന്ന പാറക്കടവ് പഞ്ചായത്ത്, അയ്യമ്പുഴ, കാലടി, കറുകുറ്റി, മലയാറ്റൂര്‍-നീലേശ്വരം, മഞ്ഞപ്ര, മൂക്കന്നൂര്‍, തുറവൂര്‍ എന്നിവയടങ്ങിയതാണ് മണ്ഡലം. 2016 മാര്‍ച്ച് ഒന്നിലെ കണക്കുപ്രകാരം മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍ 161189 ആണ്. ആണ്-പെണ് അനുപാതം ഏതാണ്ട തുല്യനിലയിലാണിവിടെ. 80495 പുരുഷവോട്ടര്‍മാരും 80694 വനിതവോട്ടര്മാരുമാണ് മണ്ഡലത്തിലുള്ളത്. കണക്കില്‍ ഇനിയും മാറ്റം വരാം.
No comments:
Post a Comment