കൊച്ചി: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രശ്‌ന ബാധിത സ്ഥലങ്ങളില്‍ കര്‍ശന നിരീക്ഷണമേര്‍പ്പെടുത്തും. വോട്ടെടുപ്പു ദിവസം ഒരു പ്രത്യേക സ്ഥലത്തുള്ളവര്‍ വോട്ടു ചെയ്യാന്‍ മടിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലത്തെ പ്രത്യേക നിരീക്ഷണത്തിലാക്കാന്‍ വരണാധികാരി ശ്രദ്ധിക്കണം. ഉടന്‍ തന്നെ ഈ സ്ഥലത്തേക്ക് പ്രത്യേക സംഘത്തെ അയയ്ക്കണം. എന്നു മാത്രമല്ല എന്തുകൊണ്ട് ഇവിടത്തെ വോട്ടര്‍മാര്‍ ബൂത്തിലെത്താന്‍ മടിക്കുന്നു എന്നതു സംബന്ധിച്ചു റിപ്പോര്‍ട്ട് അയയ്ക്കുകയും വേണം. മാത്രമല്ല ആ പ്രദേശത്തെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും വേണം. വോട്ടെടുപ്പിനു ശേഷം റിട്ടേണിംഗ് ഓഫീസര്‍ ഈ സ്ഥലത്തു നിന്നുള്ളവര്‍ വോട്ടു ചെയ്യാത്തതു സംബന്ധിച്ച് പ്രത്യേക റിപ്പോര്‍ട്ട് കമ്മീഷനു കൈമാറുകയും ചെയ്യണം.
പോളിംഗ് സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്ന വേളയില്‍ റിട്ടേണിംഗ് ഓഫീസര്‍ പ്രസ്തുത പോളിംഗ് സ്റ്റേഷനു പരിധിയില്‍ വരുന്ന ഈ സ്ഥലങ്ങളെ സംബന്ധിച്ചു പ്രിസൈഡിംഗ് ഓഫീസറെ അറിയിക്കണം. വോട്ടര്‍ പട്ടികയില്‍ പ്രത്യേകം അടയാളപ്പെടുത്തുകയും വേണം. ഏതെങ്കിലും സ്ഥലത്ത് വളരെ കുറഞ്ഞ പോളിംഗ് ആണു നടക്കുന്നതെങ്കില്‍ അക്കാര്യവും രേഖപ്പെടുത്തണം. പ്രസ്തുക സ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള സ്വാധീനമോ ഇടപെടലുകളോ ഉണ്ടോയെന്നു തെരഞ്ഞെടുപ്പു നിരീക്ഷകരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണം.
പോലീസ് സംഘം ഇത്തരം സ്ഥലങ്ങളില്‍ പതിവായി പട്രോളിംഗ് നടത്തുകയും വിവരങ്ങള്‍ അപ്പപ്പോള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും ചെയ്യണം. സമ്മതിദായകരുടെ സ്വതന്ത്രമായ നീക്കത്തിനായി ആവശ്യമെന്നു കണ്ടാല്‍ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തണം.
ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ലഭിച്ചാല്‍ ഒട്ടും മടികൂടാതെ പ്രാദേശിക ഭരണകൂടം നടപടികള്‍ സ്വീകരിക്കണം. നിരീക്ഷകര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി തത്‌സമയ റിപ്പോര്‍ട്ട് കമ്മീഷനു കൈമാറണം. പോലീസ്, സിവില്‍ അധികൃതര്‍ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടോ എന്നു പരിശോധിക്കപ്പെടുന്നതിനൊപ്പം ഏതെങ്കിലും തരത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ട് എന്നു ബോധ്യപ്പെട്ടാല്‍ കമ്മീഷന്‍ ഉത്തരവാദികള്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കും.
No comments:
Post a Comment