കൊച്ചി: നവവോട്ടർമാർ വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യർഥിച്ചുള്ള ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ എം.ജി.രാജമാണിക്യത്തിന്റെ കത്ത് അടുത്ത ദിവസങ്ങളിൽ നവവോട്ടർമാരുടെ പക്കലെത്തും. ജില്ലയിൽ പുതുതായി വോട്ടവകാശം ലഭിച്ച 57000 വോട്ടർമാർക്കാണ് ജില്ല കളക്ടർ കത്തെഴുതുന്നത്. നേരിട്ട് ഒപ്പിട്ട് പ്രത്യേക കവറിലാക്കി ഫ്രാങ്കിങ് ചെയ്താണ് കത്തുകൾ അയക്കുന്നത്. പോസ്റ്റൽ വകുപ്പിന്റെ തേവരയിലെ ബിസിനസ് സെന്ററിൽ ഇവയുടെ മുദ്രണം ആരംഭിച്ചുകഴിഞ്ഞു.
അഞ്ചുരൂപയുടെ ബുക്ക് പോസ്റ്റ് മുദ്രയ്ക്കൊപ്പം മൈ വോട്ട് മൈ വോയ്സ് എന്ന മുദ്രയും ചേർത്താണ് ഫ്രാങ്കിങ്. തേവരയിലെ സെന്ററിൽ ഇതിനകം 25000 കത്തുകൾ ഫ്രാങ്കിന് തയ്യാറായിക്കഴിഞ്ഞു. മണിക്കൂറിൽ 40000 കോപ്പി വരെ മുദ്ര ചെയ്യാവുന്ന മൂന്നു മെഷീനുകളിലാണ് ഇവയുടെ മുദ്രണം നടക്കുന്നത്. ഇതോടൊപ്പം ഈ കാലയളവിൽ സെന്ററിൽ നിന്നയക്കുന്ന മറ്റ് എല്ലാവിധ ബിസിനസ് കത്തുകളിലും വോട്ടവകാശം ഓർമപ്പെടുത്തുന്ന ഈ മുദ്ര കൂടി ഉൾപ്പെടുത്തുന്നുണ്ട്.
100 കത്തുകളെങ്കിലും ഒരുമിച്ച് അയക്കുന്നവർക്കാണ് ഫ്രാങ്കിങ് സംവിധാനം ഉപയോഗപ്പെടുത്താവുന്നത്. കുടുംബശ്രീ, ബി.എസ്.എൻ.എൽ., സിയാൽ, എൽ.ഐ.സി., വിവിധ മൊബൈൽ കമ്പനികൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഇടപാടുകാർ. അവരുടെ ബില്ലുകൾ ഉൾപ്പടെയുള്ളവ പ്രത്യേക മുദ്രവച്ചാണ് ഇവിടെ നിന്ന് അയക്കുന്നത്. ഒരു മാസം ശരാശരി 10 ലക്ഷം ഫ്രാങ്കിങ് ഇവിടെ നടക്കുന്നതായി ഹെഡ് സോർട്ടറായ ടി.എക്സ്. റാഫേൽ പറഞ്ഞു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ല കളക്ടറുടെ കത്തുകൾ അയക്കുന്നതിന് പ്രത്യേക സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 24 ജീവനക്കാർ ദിനവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ഇവിടെ ഇവരെല്ലാം ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണ്. തിരഞ്ഞെടുപ്പ് കാര്യമായതിനാൽ ഹെഡ് സോർട്ടറുടെ സാന്നിധ്യത്തിലാണ് ഓരോ കത്തും കവറിലാക്കി ഒട്ടിക്കുന്നതെന്ന് ഉറപ്പാക്കണമെന്ന കളക്ടറുടെ പ്രത്യേക നിർദേശമുണ്ട്. കവറിൽ അറിയാതെ പോലും മറ്റൊരു പേപ്പറും കയറുന്നില്ലെന്നു ഉറപ്പാക്കുന്നതിനായാണിത്.
ദിവസവും അയ്യായിരം കത്തുകളിൽ നേരിട്ട് ഒപ്പിടാനാണ് കളക്ടറുടെ തീരുമാനമെങ്കിലും തിരഞ്ഞെടുപ്പ് തിരക്കുകളുള്ളതിനാൽ രണ്ടായിരം കത്തുകളിൽ വരെ മാത്രമേ ഒപ്പിടാൻ കഴിയുന്നുള്ളു. എങ്കിലും അടുത്ത ദിവസങ്ങളിൽ തന്നെ ബാക്കിയുള്ള കത്തുകളിൽ കൂടി ഒപ്പിട്ട് ബിസിനസ് സെന്ററിലേക്കു നൽകുമെന്ന് ജില്ല കളക്ടർ എം.ജി.രാജമാണിക്യം പറഞ്ഞു. ബിസിനസ് കേന്ദ്രത്തിലെ മുദ്രണവും കവറിൽ കത്തിടുന്നതും ഉൾപ്പടെയുള്ള കാര്യങ്ങൾ നേരിൽ നോക്കാൻ തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടർ എസ്.രാജീവ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ ഇന്നലെ തേവരയിലെ കേന്ദ്രത്തിലെത്തിയിരുന്നു. ഒരു മാസം 60 ലക്ഷം രൂപയാണ് ഈ കേന്ദ്രത്തിന്റെ വരുമാനം. കേരളത്തിലെ ഏറ്റവും വരുമാനമുള്ള കേന്ദ്രങ്ങളിൽ ഏറ്റവും വലുതാണിത്.
പടം ക്യാപ്ഷൻ
നവവോട്ടർമാർക്കുള്ള ജില്ല കളക്ടറുടെ കത്ത് തേവരയിൽ ബിസിനസ് പോസ്റ്റ് സെന്ററിൽ ഫ്രാങ്കിങ് നടത്തുന്നു. തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടർ എസ്. രാജീവ് സമീപം.
നിരീക്ഷകരെ നിയോഗിച്ചു
കൊച്ചി: ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പൊതു നിരീക്ഷകരെ നിയോഗിച്ചു. പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട് നിയോജകമണ്ഡലങ്ങളിൽ എച്ച്. രാജേഷ് പ്രസാദാണ് നിരീക്ഷകൻ. കളമശേരി, പറവൂർ, വൈപ്പിൻ, തൃക്കാക്കര മണ്ഡലങ്ങളിലേക്ക് എം.എ. സിദ്ദിഖിനെയും കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങളിലേക്ക് നീരജ് സെമ്വാളിനെയുമാണ് നിയമിച്ചിരിക്കുന്നത്. പിറവം, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളിലേക്ക് കൻവാൽ പ്രീതിനാണ് ചുമതല. വിവിധ സംസ്ഥാനങ്ങളിലെ ഐ.എ.എസ് ഉദ്യോഗസ്ഥരാണിവർ.
സ്ഥാനാർത്ഥികളുടെ വരവുചെലവുകൾ നിരീക്ഷിക്കുന്നതിനായി ചെലവു നിരീക്ഷകരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചു. പെരുമ്പാവൂർ, ആലുവ, അങ്കമാലി നിയോജകമണ്ഡലങ്ങളിൽ ബി.സി. ശ്രീനിവാസനെയും കളമശേരി, പറവൂർ, വൈപ്പിൻ നിയോജകമണ്ഡലങ്ങളിൽ എസ്. പെരിയാണ്ണനെയും തൃപ്പൂണിത്തുറ, എറണാകുളം, കൊച്ചി, കുന്നത്തുനാട് നിയോജകമണ്ഡലങ്ങളിൽ ജയ്നാഥ് വർമയെയും തൃക്കാക്കര, പിറവം, മൂവാറ്റുപുഴ, കോതമംഗലം നിയോജകമണ്ഡലത്തിൽ എ. ഗോവിന്ദരാജിനെയുമാണ് നിരീക്ഷണത്തിനായി നിയമിച്ചിരിക്കുന്നത്. ഇവരുടെ ഫോൺ നമ്പർ ബി.സി. ശ്രീനിവാസൻ- 8281099477 , എസ്. പെരിയാണ്ണൻ- 8281099461, ജയ്നാഥ് വർമ -9013851449, എ. ഗോവിന്ദരാജ്- 8281099460 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
പെരുമാറ്റച്ചട്ടം കർശനമായി നടപ്പിലാക്കാൻ നിർദേശം
കൊച്ചി: തിരഞ്ഞെടുപ്പ് ചെലവ് ഉൾപ്പെടെ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടോ എന്നു ഉറപ്പുവരുത്തണമെന്നു തിരഞ്ഞെടുപ്പു ചെലവു സംബന്ധിച്ചു നിയോഗിക്കപ്പെട്ട നിരീക്ഷകൻ ഗോവിന്ദരാജ് നിർദേശം നൽകി. ഇന്നലെ കളക്ടറേറ്റിലെത്തിയ നിരീക്ഷകൻ വിവിധ ടീം പ്രതിനിധികളുമായി ചർച്ച നടത്തി സ്ഥിതി അവലോകനം ചെയ്തു. ഓരോ ടീമും തെരഞ്ഞെടുപ്പു ചെലവുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് ഗോവിന്ദരാജ് നിർദേശങ്ങൾ നൽകി.
വിവിധ കക്ഷികൾ നടത്തുന്ന യോഗങ്ങൾ പ്രകടനങ്ങൾ തുടങ്ങിയവയ്ക്ക് വരണാധികാരിയുടെ മുൻകൂർ അനുമതി ലഭിച്ചിട്ടുണ്ടോ എന്നു പരിശോധിക്കും. ഇതിനായി ഈ പരിപാടികൾ വീഡിയോയിൽ പകർത്തുന്നുണ്ട്. കൂടാതെ പൊതുനിരത്തുകളിലും മതിലുകളിലുമുള്ള പോസ്റ്റർ, ബാനർ, ബോർഡുകൾ എന്നിവ നീക്കം ചെയ്യുന്നതു കർശനമായി നടപ്പിലാക്കും. കൂടാതെ സ്വകാര്യ ഉടമസ്ഥതിയിൽ സ്ഥാപിച്ചിരിക്കുന്നവ നിയമപരമായ അനുമതിയോടെയാണോ എന്നു പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട മുഴുവൻ ചെലവുകളും ബന്ധപ്പെട്ട സ്ഥാനാർഥിയുടെ കണക്കിൽ വകയിരുത്താൻ നിരീക്ഷകൻ നിർദേശം നൽകി.
പോളിംഗ് സ്റ്റേഷനുകളിൽ കുടിവെള്ളം, റാമ്പ്
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ പോളിംഗ് ബൂത്തുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വൃദ്ധർക്കും വികലാംഗർക്കുമായി റാമ്പ് ആണ് ഇതിലൊന്ന്. ജില്ലയിലെ 1300 ഓളം ബൂത്തുകളിൽ റാമ്പ് തയാറാക്കുന്നതിനുളള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ചില സ്വകാര്യ സ്കൂളുകളിൽ അവർ തന്നെ റാമ്പ് സജ്ജമാക്കാൻ തയാറായിട്ടുണ്ടെന്ന് ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. രാജീവ് അറിയിച്ചു. പോളിംഗ് ബൂത്തുകളിൽ സ്ഥിരമായ റാമ്പ് സ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധിയുള്ളതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഇതിനായി സൗകര്യം ഏർപ്പെടുത്തുന്നത്.
ഇതുകൂടാതെ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. കടുത്ത വേനലും ചൂടും കണക്കിലെടുത്ത് കുടിവെളളം ഉറപ്പാക്കണമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വരണാധികാരി പരിശോധിച്ച് ഉറപ്പുവരുത്തും. ആവശ്യത്തിന് ഫർണിച്ചർ, ശരിയായ രീതിയിലുള്ള വെളിച്ചം, ഹെൽപ്ഡെസ്ക്, അടയാള വിവരങ്ങൾ, ടോയ്ലെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു.
വരണാധികാരിയോ ചുമതലപ്പെടുത്തുന്ന കീഴ് ഉദ്യോഗസ്ഥനോ ബൂത്തുകൾ പരിശോധിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിയിരിക്കും. എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും വോട്ടർമാർക്ക് സഹായകേന്ദ്രങ്ങൾ ഉണ്ടായിരിക്കും. കമ്മീഷന്റെ സ്ലിപ്പ് ലഭിക്കാത്തവർക്ക് ഇവിടെ നിന്ന് അതു ലഭിക്കുമെന്ന് ഡെപ്യൂട്ടി കളക്ടർ പറഞ്ഞു. വികലാംഗർ, ഗർഭിണികൾ, കുട്ടികളോടൊപ്പം വരുന്ന മുതിർന്ന സ്ത്രീകൾ, മുതിർ ന്ന പൗരൻമാർ തുടങ്ങിയവർക്ക് വോട്ടു ചെയ്യാൻ മുൻഗണന നൽകും.
എറണാകുളം ജില്ലയിൽ 14 മണ്ഡലങ്ങളിലെ 14 വരണാധികാരികൾക്കാണ് പോളിംഗ് ബൂത്തുകളുടെ അധികാരച്ചുമതല നൽകിയിരിക്കുന്നത്. ഇതിനു പുറമേ പോളിംഗ് സ്റ്റേഷന്റെ നിലവാരം ജില്ലാവരണാധികാരി നിയോഗിക്കുന്ന ടീം പരിശോധിക്കുന്നുണ്ട്. പോളിംഗ് സ്റ്റേഷന്റെ ചുറ്റുപാടുകൾ, വോട്ടർമാർക്ക് അനായാസം കയറി ഇറങ്ങാനുള്ള സൗകര്യം, അതിരു മതിൽ, മുറികൾ തുടങ്ങിയവയൊക്കെ അടിസ്ഥാന സൗകര്യങ്ങളുടെ പരിധിയിൽ വരുന്ന കാര്യങ്ങളാണ്.
പോളിംഗ് സാധന വിതരണത്തിന് 20-20
കൊച്ചി: എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിൽ പോളിംഗ് സാധന സാമഗ്രികളുടെ വിതരണം ഏറ്റവും കുറഞ്ഞ സമയത്തിലും വേഗത്തിലും പൂർത്തിയാക്കുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരുകയാണ്. ഇതിനായി ജില്ലാ വരണാധികാരിയായ കളക്ടർ എം. ജി. രാജമാണിക്യം ട്വന്റി-ട്വന്റി എന്ന പേരിൽ സൗകര്യസംവിധാനം ആവിഷ്കരിക്കാൻ നിർദേശം നൽകി. അതായത് 20 മിനിറ്റിനുള്ളിൽ ഒരു ബൂത്തിലേക്കുള്ള സാധനങ്ങൾ വിതരണ കേന്ദ്രത്തിൽ നിന്ന് നൽകിയിരിക്കും.
വാങ്ങുന്ന സാധനങ്ങളുമായി ഉദ്യോഗസ്ഥർക്ക് അപ്പോൾത്തന്നെ പോളിംഗ് സ്റ്റേഷനിലേക്ക് പുറപ്പെടാൻ വാഹനങ്ങളും സജ്ജമായിരിക്കും. ഈ വാഹനങ്ങളുടെ പോക്കും മടങ്ങിവരവും കൃത്യമായി രേഖപ്പെടുത്തും. ഉദ്യോഗസ്ഥർക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുകൾ വിതരണ കേന്ദ്രത്തിൽ ഉണ്ടാകാത്ത വിധത്തിലായിരിക്കും ക്രമീകരണങ്ങളെന്ന് ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. രാജീവ് അറിയിച്ചു.
ഭക്ഷണം, വെള്ളം ഉൾപ്പെടെ വിതരണ കേന്ദ്രങ്ങളിൽ ഉറപ്പാക്കിയിരിക്കും. അതത് ഇടങ്ങളിലെ കുടുംബശ്രീകൾക്കായിരിക്കും ഭക്ഷണവിതരണത്തിന്റെ ചുമതല. മുൻകാലങ്ങളിലേതുപോലെ ഉദ്യോഗസ്ഥർ പോളിംഗ് സാധനങ്ങൾക്കായി കാത്തിരുന്നു മടുക്കുന്ന പ്രവണത ഒഴിവാക്കും. ഈ സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതു അതതു വരണാധികാരികളുടെ ചുമതലയാണ്.
ട്വന്റി- ട്വന്റി സൗകര്യം ഒരുക്കുന്നതിന്റെ ട്രയൽ നടത്തിവരുകയാണെന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. ആവശ്യത്തിന് ഉദ്യോഗ്ഥരെ നിയോഗിച്ചുകൊണ്ടായിരിക്കും ഈ സൗകര്യം ഒരുക്കുക. ഒരു കേന്ദ്രത്തിൽ കുറഞ്ഞത് നൂറ് ഉദ്യോഗസ്ഥരെങ്കിലും ഉണ്ടാകും.
വോട്ടിംഗ് സമയം നീട്ടി
കൊച്ചി: വോട്ടർമാരുടെ സൗകര്യം കണക്കിലെടുത്തും കൂടുതൽ പേർക്ക് വോട്ടു ചെയ്യാൻ അവസരം ഒരുക്കിയും വോട്ടിംഗ് സമയം ഒരുമണിക്കൂർ കൂടി നീട്ടി തെരഞ്ഞെടുപ്പു കമ്മീഷൻ ഉത്തരവിട്ടു. നിലവിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെ എന്നത് വൈകിട്ട് ആറു വരെയായിട്ടാണ് നീട്ടിയത്.
ജില്ലയിൽ എക്സൈസ് പരിശോധന ഊർജിതമാക്കും
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ എക്സൈസ് വകുപ്പിന്റെ റെയ്ഡും പരിശോധനകളും കർശനമാക്കാൻ ജില്ലാതല ജനകീയ സമിതിയിൽ തീരുമാനം. ഇതനുസരിച്ച് കള്ളുഷാപ്പുകൾ, വിദേശമദ്യ ഷാപ്പുകൾ, അരിഷ്ടാസവം വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കും. ദേശീയപാത 47ലും 17ലും 24 മണിക്കൂർ നിരീക്ഷണത്തിനായി പട്രോളിംഗും ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച് ജില്ലാതല കൺട്രോൾ റൂമും വ്യാജമദ്യം, മയക്കുമരുന്ന് നിർമാണം, വില്പന, പൊതുസ്ഥലങ്ങളിലെ മദ്യപാനം, ലൈസൻസ് ഇല്ലാതെയുള്ള വൈൻ നിർമാണം, മയക്കുമരുന്ന്- മദ്യം സംഭരിക്കൽ എന്നിവ നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനുമുള്ള സ്ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ അറിയുകയോ കാണുകയോ ചെയ്താൽ ടോൾ ഫ്രീ നമ്പറായ 155358 ലോ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസ് 0484 2390657, 9447178059, അസി. എക്സൈസ് കമ്മീഷണർ 04842627480 എന്നീ ഫോൺ നമ്പറുകളിലോ വിളിച്ചറിയിക്കണം.
എല്ലാ സ്കൂളുകളിലും എക്സൈസ് ഇൻഫർമേഷൻ ബോക്സുകൾ സ്ഥാപിക്കുന്നതിനും മാസത്തിൽ രണ്ടു തവണയെങ്കിലും ഇൻഫർമേഷൻ ബോക്സുകൾ പരിശോധിച്ച് ലഭിക്കുന്ന പരാതികൾക്ക് ഉചിതമായ നടപടികൾ സ്വീകരിക്കും. പോലീസ്, റവന്യൂ, വനം, എക്സൈസ് വകുപ്പുകൾ ചേർന്ന് സംയുക്ത സ്ക്വാഡ് കള്ളുഷാപ്പുകൾ, മറ്റ് മദ്യഷാപ്പുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തും. അസംബ്ലിതല ജനകീയ സമിതികളും പഞ്ചായത്തുതല സമിതികളും കൃത്യമായി ചേരും. കൺസ്യൂമർ ഫെഡ്, ബിവറേജസ് കോർപറേഷൻ ഉദ്യോഗസ്ഥരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തും. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ തുടർച്ചയായ പരിശോധനകൾ നടത്തും. എഡിഎമ്മിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിവിധ വകുപ്പുമേധാവികളും ജനപ്രതിനിധികളും പങ്കെടുത്തു.
പൊതുസ്ഥലങ്ങളിലെ പോസ്റ്ററുകൾ നീക്കം ചെയ്തു
കൊച്ചി: തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ പൊതുസ്ഥലങ്ങളിൽ നിയമവിരുദ്ധമായി സ്ഥാപിച്ച തെരഞ്ഞെടുപ്പു പോസ്റ്ററുകളും ബോർഡുകളും പെരുമാറ്റച്ചട്ട ലംഘനം നിരീക്ഷിക്കുന്ന ജില്ലാതല സമിതിയുടെ നേതൃത്വത്തിൽ നീക്കം ചെയ്തു.
ഫോട്ടോ ക്യാപ്ഷൻ
തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ച പോസ്റ്ററുകൾ ഡിഫേസ്മെന്റ് സ്ക്വാഡ് നീക്കം ചെയ്യുന്നു.


No comments:
Post a Comment