Wednesday, April 27, 2016

ഇന്നലെ പത്തുപേര്‍ പത്രിക നല്‍കി


 
കൊച്ചി: ചൊവ്വാഴ്ച ജില്ലയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് പത്ത് സ്ഥാനാര്‍ത്ഥികള്‍ മാത്രം. ആദ്യ ദിനത്തില്‍ മുഴുവന്‍ സെറ്റ് പത്രിക സമര്‍പ്പിക്കാത്ത ചില സ്ഥാനാര്‍ത്ഥികളും ഇന്നലെ പത്രിക സമര്‍പ്പിച്ചു. ആലുവ നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഖാലിദ് മുണ്ടപ്പള്ളി രണ്ട് സെറ്റ് പത്രിക സമര്‍പ്പിച്ചു. ഇതേ മണ്ഡലത്തിലെ എസ്.യു.സി.ഐ(സി) സ്ഥാനാര്‍ത്ഥിയായി ബ്രഹ്മകുമാര്‍ ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചു. 
വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍  സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സദാശിവന്‍ മൂന്ന് സെറ്റ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സാജുവും എസ്.യു.സി.ഐ (സി) സ്ഥാനാര്‍ത്ഥി എം.പി സുധയും ഓരോ സെറ്റ് വീതവുമാണ് പത്രിക സമര്‍പ്പിച്ചത്. കോതമംഗലം നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ചെറിയാന്‍ എബ്രഹാം ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചു. തൃക്കാക്കര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സില്‍വി സുനില്‍ ഒരു സെറ്റ് സമര്‍പ്പിച്ചു.
പെരുമ്പാവൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സാജു പോള്‍ ആദ്യ ദിനത്തില്‍ രണ്ട് സെറ്റും ഇന്നലെ രണ്ട് സെറ്റും കുന്നത്തുനാട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷിജി ശിവജി ആദ്യ ദിനത്തില്‍ രണ്ട് സെറ്റും ഇന്നലെ ഒരു സെറ്റും സമര്‍പ്പിച്ചു. പിറവം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബ് ആദ്യ ദിനത്തില്‍ മൂന്നും ഇന്നലെ ഒരു സെറ്റും സമര്‍പ്പിച്ചു. ആകെ പത്ത് സ്ഥാനാര്‍ത്ഥികളില്‍ നിന്നായി 14 സെറ്റ് പത്രികകളാണ് ഇന്നലെ ലഭിച്ചത്.

വിധി നിര്‍ണയിക്കാന്‍ യുവത്വം ഒരുങ്ങുന്നു

കൊച്ചി: ജില്ലയില്‍ 20നും 29നുമിടയില്‍ പ്രായമുള്ള 431418 ചെറുപ്പക്കാരാണ് ഇത്തവണ വോട്ടുചെയ്യാന്‍ തയ്യാറെടുക്കുന്നത്. ഇതില്‍ 223463 പുരുഷന്മാരും 207955 സ്ത്രീകളുമുള്‍പ്പെടുന്നു. ഈ പ്രായത്തിലുള്ള വോട്ടര്‍മാരില്‍ പുരുഷ വോട്ടര്‍മാര്‍ ഏറ്റവും കൂടുതലുള്ളത് തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലും കുറവ് എറണാകുളം മണ്ഡലത്തിലുമാണ്. സ്ത്രീ വോട്ടര്‍മാര്‍ ഏറ്റവും കൂടുതല്‍ തൃപ്പൂണിത്തുറയിലും കുറവ് അങ്കമാലി മണ്ഡലത്തിലുമാണ്.
പെരുമ്പാവൂര്‍ മണ്ഡലത്തില്‍  20നും 29നുമിടയിലുള്ള  വോട്ടര്‍മാര്‍ 29627പേരാണ്. ഇതില്‍ 15706 പുരുഷന്മാരും 13921 സ്ത്രീകളുമുള്‍പ്പെടുന്നു. അങ്കമാലി മണ്ഡലത്തില്‍ 27079പേരാണ് 20നും 29നുമിടയില്‍ പ്രായമുള്ളവര്‍. ഇതില്‍ 14800 പുരുഷന്മാരും 12279 സ്ത്രീകളുമാണുള്ളത്.
ആലുവ- 31945 (പുരുഷന്‍- 17184 സ്ത്രീ- 14761), കളമശേരി- 33964 (പുരുഷന്‍-17098, സ്ത്രീ-16866), പറവൂര്‍- 33464 (പുരുഷന്‍- 17094, സ്ത്രീ-16370), വൈപ്പിന്‍- 27091(പുരുഷന്‍- 13948, സ്ത്രീ-13143), കൊച്ചി- 29670 (പുരുഷന്‍- 15065, സ്ത്രീ- 14605), തൃപ്പൂണിത്തുറ- 38205( പുരുഷന്‍- 20043, സ്ത്രീ- 18162), എറണാകുളം- 26994( പുരുഷന്‍- 13921, സ്ത്രീ- 13073), തൃക്കാക്കര- 29641 (പുരുഷന്‍- 14555, സ്ത്രീ- 15086), കുത്തുനാട്- 30384 (പുരുഷന്‍-15743, സ്ത്രീ- 14641), പിറവം- 33702 (പുരുഷന്‍- 16710, സ്ത്രീ- 16992), മൂവാറ്റുപുഴ- 31752 (പുരുഷന്‍- 16607, സ്ത്രീ- 15145), കോതമംഗലം- 27900 (പുരുഷന്‍- 14989, സ്ത്രീ- 12911) എന്നിങ്ങനെയാണ് വോട്ടര്‍മാര്‍.

 
കൗതുകവും ആവേശവും പകര്‍ന്ന് വോട്ട് സന്ദേശയാത്ര

  കൊച്ചി: സംഗതി കൊള്ളാം... എല്ലാത്തിനും ഒരു ഉറപ്പു വരുന്നത് നല്ലതല്ലേ.... സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന വോട്ട് സന്ദേശയാത്രയുടെ പര്യടനത്തിനിടയില്‍ ആര്‍ക്ക് വോട്ട് ചെയ്തുവെന്ന് ബോധ്യപ്പെടുത്തുന്ന വിവിപാറ്റ് യന്ത്രം കണ്ടപ്പോള്‍ പലരുടെയും അഭിപ്രായമാണിത്.
സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശാനുസരണം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് വോട്ടു സന്ദേശയാത്ര സജ്ജമാക്കിയത്. കഴിഞ്ഞ് 23ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം. ജി. രാജമാണിക്യമാണ് യാത്ര ഫഌഗ് ഓഫ് ചെയ്തത്. വകുപ്പിന്റെ മള്‍ട്ടിമീഡിയ വാഹനത്തില്‍ പോളിംഗ് ബൂത്തും വോട്ട് ആര്‍ക്കു ചെയ്തുവെന്ന് തിരിച്ചറിയുന്ന വിവിപാറ്റ് യന്ത്രവും ക്രമീകരിച്ചിട്ടുണ്ട്. 
ഇന്നലെ ആരക്കുന്നം, കാഞ്ഞിരമറ്റം മേഖലകളില്‍ പര്യടനം നടത്തി. അനവധിയാളുകള്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്താനായി വാഹനം സന്ദര്‍ശിച്ചു. എടയ്ക്കാട്ടുവയല്‍ പഞ്ചായത്തില്‍ അംഗന്‍വാടി അധ്യാപിക സെക്ടര്‍ യോഗം നടന്ന സ്ഥലത്തും വാഹനമെത്തി. വിവിപാറ്റ് യന്ത്രത്തെക്കുറിച്ചാണ് ഏവരും ആകാംക്ഷയോടെ തിരക്കിയത്. വോട്ടെടുപ്പ് ദിവസം എറണാകുളം ജില്ലയില്‍ എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളില്‍ മാത്രമാണ് വിവിപാറ്റ് യന്ത്രം ഉപയോഗിക്കുന്നത്.  യാത്ര ഇന്ന് പിറവം മേഖലയില്‍ പര്യടനം നടത്തും.

ഡിഫേസ്‌മെന്റ് സ്‌ക്വാഡ്: 1248 സാമഗ്രികള്‍ നീക്കം ചെയ്തു

കൊച്ചി:  തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ഡിഫേസ്‌മെന്റ് സ്‌ക്വാഡ്  1248 സാമഗ്രികള്‍ നീക്കം ചെയ്തു.പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ 32 പോസ്റ്ററുകള്‍ രണ്ട് ഫഌക്‌സ് എന്നിവ കണ്ടെടുത്തു നീക്കം ചെയ്തു.  കളമശേരി നിയോജക മണ്ഡലത്തില്‍ 16 പോസ്റ്ററുകള്‍, രണ്ട് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അടക്കം 18 ,പറവൂര്‍ നിയോജകണ്ഡലത്തില്‍ 15 പോസ്റ്ററും 14് ഫ്‌ളക്‌സും ഉള്‍പ്പെടെ 32 ഉം നീക്കം ചെയ്തു. വൈപ്പിനില്‍ 90 പോസ്റ്ററുകളും 21 ഫ്‌ളക്‌സും അടക്കം 111, കൊച്ചിയില്‍ 110 പോസറ്ററുകളും , രണ്ട് ബാനറും , 17  ഫ്‌ളക്‌സും അടക്കം 142 , തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തില്‍ 21പോസ്റ്ററും 20 ഫ്‌ളക്‌സും അടക്കം 130 സാമഗ്രികള്‍ നീക്കം ചെയ്തു. എറണാകുളം നിയോജക മണ്ഡലത്തില്‍ 102 പോസറ്ററുകള്‍, 63 ബാനറുകളും   24 ഫഌക്‌സ്  ഉള്‍പ്പെടെ 189 സാമഗ്രികള്‍ നീക്കം ചെയ്തു. 
തൃക്കാക്കര നിയോജക മണ്ഡലത്തില്‍ 102 പോസ്റ്ററുകള്‍ 38 ബാനറുകള്‍, 46  ഫ്‌ളക്‌സ് അടക്കം 186 എണ്ണം നീക്കം ചെയ്തു. കുന്നത്തുനാട് മണ്ഡലത്തില്‍ 58 പോസ്റ്ററുകള്‍, നാല് ഫഌക്്‌സ് ബോര്‍ഡുകളും ഉള്‍പ്പെടെ 62 സാമഗ്രികളും, പിറവം മണ്ഡലത്തില്‍ 104 പോസ്റ്ററുകളും നാല് ബാനറുകളും,12 ഫഌക്‌സ് ബോര്‍ഡുകളും ഉള്‍പ്പെടെ 120 പ്രചാ രണ വസ്തുക്കളും, മൂവാറ്റുപുഴ മണ്ഡലത്തില്‍ 79 പോസ്റ്ററുകളും,23 ഫഌക്‌സ് ബോര്‍ഡുകളും അടക്കം 102 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. 
കോതമംഗലം നിയോജക മണ്ഡലത്തില്‍ 92 പോസ്റ്ററുകളും, നാല് ബാനറുകളും 40 ഫഌക്‌സും ഉള്‍പ്പെടെ . 136 സാമഗ്രികള്‍ നീക്കം ചെയതു. പിറവത്ത് 252 പോസ്റ്ററും, രണ്ട് ബാനറ്, എട്ട് ഫ്‌ളക്‌സും അടക്കം 262 സാമഗ്രികള്‍ നീക്കം ചെയ്തു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ 259 പോസ്റ്റുകളും, 11 ഫ്‌ളകസുകളും അടക്കം 270 ഉം, കോതമംഗലം നിയോജക മണ്ഡലത്തില്‍ 72 പോസ്റ്ററുകള്‍, ഏഴ് ഫളക്‌സും അടക്കം ആകെ 85 എണ്ണവും സ്‌ക്വാഡ് പിടിച്ചെടുത്ത് നീക്കം ചെയ്തു. ജില്ലയില്‍ അകെ 952 പോസ്റ്ററുകള്‍, 45 ബാനറുകള്‍, 116 ഫ്‌ളക്‌സുകള്‍ അടക്കം 1113 അനധികൃത സാമഗ്രികളാണ് സ്‌ക്വാഡ് പിടിച്ചെടുത്ത് നീക്കം ചെയ്തത്.

No comments:

Post a Comment