കൊച്ചി: മെയ് 16നു നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബന്ധുക്കളേയും അയല്‍ക്കാരേയും വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുമെന്ന് സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ പ്രതിജ്ഞയെടുത്തു. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളില്‍ നടക്കുന്ന എസ്.പി.സി. ക്യാമ്പ് പാസിങ് ഔട്ട് പരേഡിലായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിജ്ഞ. ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
'ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ്. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് ഭരണാധികാരികളെ തിരഞ്ഞെടുക്കാന്‍ അവകാശം. നല്ലൊരു ഭരണസംവിധാനം ഏതൊരു പൗരന്റേയും അവകാശമാണ്. അതിന് വോട്ടവകാശം ബുദ്ധിപൂര്‍വം ഉപയോഗിക്കണം. മെയ് 16 ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എന്റെ വീട്ടിലും അയല്‍പക്കത്തുമുള്ള വോട്ടവകാശമുള്ള എല്ലാവരെയും വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുമെന്ന് ഞാന്‍ ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു.' നാനൂറോളം വരുന്ന എസ്.പി.സി. കേഡറ്റുകള്‍ പ്രതിജ്ഞ ഏറ്റുചൊല്ലിയപ്പോള്‍ കാണികളായി എത്തിയിരുന്ന മാതാപിതാക്കളും അതില്‍ പങ്കുചേര്‍ന്നു.
വോട്ടര്‍മാര്‍ക്ക് അവബോധം നല്‍കാനായി ആവിഷ്‌കരിച്ച സ്വീപ് പരിപാടിയില്‍ വോട്ടുവണ്ടിയിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സന്ദേശം നല്‍കുന്നതിനും പുറമേയാണ് വിദ്യാര്‍ഥികള്‍ വഴി ഓരോ വീട്ടിലും വോട്ടുചെയ്യണമെന്ന സന്ദേശമെത്തിക്കുക.
No comments:
Post a Comment