Thursday, April 7, 2016

2011ൽ സ്ഥാനാർഥികൾ 971: 687 പേർക്കും കെട്ടിവച്ച കാശുപോയി


കൊച്ചി: 2011ൽ സംസ്ഥാനത്തു നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലുമായി 971 സ്ഥാനാർഥികളാണ് മൽസരരംഗത്തുണ്ടായിരുന്നത്. ഇതിൽ 687 പേർക്കും കെട്ടിവച്ച കാശുപോയി. ഈയിനത്തിൽ സർക്കാർ ഖജനാവിലേക്ക് ലഭിച്ചത് 59.25 ലക്ഷം രൂപയാണ്. ദേശീയ കക്ഷികളിൽപെട്ട സ്ഥാനാർഥികളായ 256 പേർക്കു കെട്ടിവച്ച കാശുപോയപ്പോൾ മറ്റ് പാർട്ടികളിൽ പെട്ട 140 പേർക്കും സ്വതന്ത്രന്മാരായ 291 പേർക്കും ജാമ്യസംഖ്യ നഷ്ടമായി. എന്നാൽ സംസ്ഥാന കക്ഷികളിൽപെട്ട ഒരു സ്ഥാനാർഥിക്കും ഈ ഗതികേടുണ്ടായില്ല. 
ജാമ്യസംഖ്യ നഷ്ടപ്പെടാതിരുന്ന മൂന്ന് ദേശീയകക്ഷികൾ സി.പി.ഐ.(എം), ഇന്ത്യൻ നാഷണൽ കോൺഗ്രസ്, എൻ.സി.പി. എന്നിവ മാത്രമാണ്. ഈ കക്ഷികൾ യഥാക്രമം 84, 81, നാല് സ്ഥാനാർഥികളെ വീതമാണ് രംഗത്തിറക്കിയത്. ഇതിൽ യഥാക്രമം 45, 38, രണ്ട് പേർ വീതം വിജയം കണ്ടു. 138 സ്ഥാനാർഥികളെ രംഗത്തിറക്കിയ ബി.ജെ.പി.ക്ക് 133 സീറ്റിലും ജാമ്യസംഖ്യ നഷ്ടമായി. 122 സീറ്റിൽ മൽസരിച്ച ബി.എസ്.പി.ക്ക് ഒരു സീറ്റിലും ജാമ്യസംഖ്യ തിരിച്ചുപിടിക്കാനായില്ല. 27 സ്ഥാനാർഥികളുണ്ടായിരുന്ന സി.പി.ഐ.ക്ക് ഒരു സീറ്റിലാണ് ജാമ്യസംഖ്യ നഷ്ടമായത്. ഈ ആറു ദേശീയ കക്ഷികളുടേതായി മൊത്തം 456 സ്ഥാനാർഥികളാണ് രംഗത്തുണ്ടായിരുന്നത്. ദേശീയകക്ഷികളിൽ നിന്നു മാത്രം ഖജനാവിലേക്ക് ഈയിനത്തിൽ ലഭിച്ചത് 21.30 ലക്ഷം രൂപയാണ്. 
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർഥികളുണ്ടായിരുന്ന തിരുവനന്തപുരം ജില്ലയിൽ 79 പേർക്കാണ് തുക നഷ്ടമായത്. 122 പേർ പത്രിക നൽകിയ ഇവിടെ 13 പത്രികകൾ തള്ളിയിരുന്നു. 109 പേരാണ് മൽസരരംഗത്തുണ്ടായിരുന്നത്. ഈയിനത്തിൽ 6.65 ലക്ഷം രൂപയാണ് ഖജനാവിലേക്ക് മുതൽക്കൂട്ടിയത്. എറണാകുളം ജില്ലയിൽ 107 സ്ഥാനാർഥികളാണ് മൽസരരംഗത്തുണ്ടായിരുന്നത്. ഇതിൽ 79 പേർക്കും തുക നഷ്ടമായി. അവിടെ പത്രിക നൽകിയിരുന്ന 126 പേരിൽ 17 പേരുടെ പത്രികയാണ് തള്ളിപ്പോയത്. ഈയിനത്തിൽ 7.15 ലക്ഷം രൂപ ഖജനാവിലേക്കു നൽകി എറണാകുളമാണ് ഇക്കാര്യത്തിൽ സംസ്ഥാനത്ത് ഒന്നാമത്. 
ഏറ്റവും കുറവ് സ്ഥാനാർഥികളുണ്ടായിരുന്ന വയനാട് ജില്ല ഈയിനത്തിൽ 80000 രൂപമാത്രമാണ് ഖജാനിലേക്ക് സ്വരുക്കൂട്ടിയത്. 17 പേർ മൽസരിച്ച അവിടെ 11പേർക്കും ജാമ്യസംഖ്യ കിട്ടിയില്ല. 36 സ്ഥാനാർഥികൾ മൽസരിച്ച കാസറഗോഡ് ജില്ലയിൽ 25 പേർക്കും കണ്ണൂർ ജില്ലയിൽ 71ൽ 49 പേർക്കും കോഴിക്കോട് 97ൽ 71 പേർക്കും മലപ്പുറത്ത് 97ൽ 65 പേർക്കും ജാമ്യസംഖ്യ നഷ്ടമായി. പാലക്കാട് ജില്ലയിൽ 75 പേർ മൽസരിച്ചതിൽ 50 പേർക്കാണ് ജാമ്യത്തുക നഷ്ടമായത്. തൃശൂരിൽ 84ൽ 58 പേർക്കും ഇടുക്കിയിൽ 41ൽ 31 പേർക്കും കെട്ടിവച്ചകാശുപോയി. 
കോട്ടയം ജില്ലയിൽ 59 പേർ മൽസരിച്ചതിൽ 41 പേർക്കാണ് ജാമ്യത്തുക പോയത്. ആലപ്പുഴയിലിത് യഥാക്രമം 62ഉം 44ഉം ആണ്. പത്തനംതിട്ടയിൽ മൽസരിച്ച 40പേരിൽ 30 പേർക്കും കൊല്ലത്ത് 76 പേരിൽ 54 പേർക്കും ജാമ്യസംഖ്യ തിരിച്ചുകിട്ടിയില്ല. ദേശീയകക്ഷികളുടെ സ്ഥാനാർഥികൾക്ക് ഏറ്റവും കൂടുതൽ ജാമ്യസംഖ്യ നഷ്ടമായത് എറണാകുളത്താണ്. 27 സ്ഥാനാർഥികൾക്കാണ് ഇവിടെ ജാമ്യത്തുക നഷ്ടമായത്. ഏറ്റവും കൂടുതൽ സ്വതന്ത്രർക്ക് കെട്ടിവച്ച കാശുപോയത് തിരുവനന്തപുരത്താണ് (41). വയനാട് മൂന്നു സ്വതന്ത്രർക്കും രണ്ട് മറ്റു പാർട്ടികളിൽ പെട്ടവർക്കും ജാമ്യത്തുകപോയി. എറണാകുളത്ത് 19 മറ്റുപാർട്ടി സ്ഥാനാർഥികൾക്കും 33 സ്വതന്ത്രർക്കും കെട്ടിവച്ച കാശുപോയപ്പോൾ തിരുവനന്തപുരത്ത് മറ്റുപാർട്ടികളിലെ 15 സ്ഥാനാർഥികൾക്കാണ് കെട്ടിവച്ച കാശുപോയത്.

No comments:

Post a Comment