കൊച്ചി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളിൽ ഉദ്യോഗസ്ഥർ ഏർപ്പെട്ടിരിക്കുന്നത് മറയാക്കി അനധികൃതമായി നിലം നികത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഫോർട്ടുകൊച്ചി സബ് കളക്ടർ എസ്. സുഹാസ് മുന്നറിയിപ്പ് നൽകി. ഫോർട്ടുകൊച്ചി സബ് ഡിവിഷന്റെ കീഴിൽ വരുന്ന കൊച്ചി, കണയന്നൂർ, പറവൂർ, ആലുവ താലൂക്കുകളിൽ രാത്രികാലങ്ങളിൽ നെൽവയലുകളും പാടങ്ങളും നികത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മണ്ണിട്ടും കെട്ടിടാവശിഷ്ടങ്ങളും ചെളിയും മറ്റ് വസ്തുക്കളും തള്ളിയുമാണ് നിലം നികത്തൽ. ഇത്തരത്തിൽ നിലം നികത്തുന്നവർക്കെതിരെ കർശന നടപടിക്കായി ജില്ല കളക്ടർക്ക് ശുപാർശ ചെയ്യും. പ്രോസിക്യൂഷൻ നടപടികൾക്കായി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനും റിപ്പോർട്ട് ചെയ്യും.
വോട്ടർപട്ടികയിൽ പേര് ചേർക്കാം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുളള വോട്ടർ പട്ടികയിൽ ഇന്നു രാത്രി വരെ പേര് ചേർക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എം.ജി. രാജമാണിക്യം അറിയിച്ചു. ഏപ്രിൽ 19 രാത്രി 12 മണിവരെ അപേക്ഷിക്കുന്നവർക്കു മാത്രമെ ഈ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്താൻ കഴിയൂ. എന്നാൽ പട്ടികയിൽ പേരു ചേർക്കാൻ 29 വരെ അപേക്ഷിക്കാം. അവർക്ക് ഇത്തവണ വോട്ട് രേഖപ്പെടുത്താൻ കഴിയില്ല. ജനുവരി 15 മുതലാണ് ഓൺലൈനായി അപേക്ഷിക്കാനുളള അവസരം ഒരുക്കിയിരുന്നത്.
പോളിംഗ് ഉദ്യോഗസ്ഥർക്ക് ചികിത്സാ സൗകര്യംഏർപ്പെടുത്തും: ജില്ലാ കളക്ടർ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് ഡ്യൂട്ടിയിലുളളവർക്ക് ചികിത്സ ആവശ്യമായി വരികയാണെങ്കിൽ അതിനുളള സൗകര്യം ഒരുക്കുമെന്ന് ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം അറിയിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് രൂപീകരിച്ചിട്ടുളള വെൽഫയർ കമ്മിറ്റിയാണ് ഇതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക.
ചികിത്സാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ചുമതല ജില്ല മെഡിക്കൽ ഓഫീസർക്കാണ്. മൂന്ന് പോളിംഗ് സ്റ്റേഷനുകൾക്ക് ഒന്ന് എന്ന കണക്കിൽ മെഡിക്കൽ ടീമൂകളെ വിന്യസിയ്ക്കും. ഒ.ആർ.എസ് ലായനി ഉൾപ്പടെ അത്യാവശ്യ മരുന്നുകളും ചികിത്സാ സൗകര്യങ്ങളും ഒരുക്കും. പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലും ആംബുലൻസ് ഉൾപ്പടെയുളള സൗകര്യങ്ങൾ ഏർപ്പെടുത്തും. വിദഗ്ദ്ധ ചികിത്സ ആവശ്യമായി വരുന്നവരെ ആശുപത്രികളിലേയക്ക് മാറ്റും. ഇതിനായി ജില്ലയിലെ താലൂക്ക് ആശുപത്രികളിൽ പ്രത്യേക ചികിത്സാ സംവിധാനമേർപ്പെടുത്തുമെന്ന് കളക്ടർ പറഞ്ഞു.
നാമനിർദ്ദേശ പത്രിക 22 മുതൽ സമർപ്പിക്കാം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സ്ഥാനാർത്ഥികൾക്ക് ഏപ്രിൽ 22 മുതൽ 29 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം അറിയിച്ചു. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സമർപ്പണ സമയം. അതത് നിയോജക മണ്ഡലങ്ങളിലെ വരണാധികാരികൾക്കോ ഉപവരണാധികാരികൾക്കോ ആണ് നാമ നിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്.
നാമനിർദ്ദേശ പത്രികയോടൊപ്പം പൂർണമായ സത്യവാങ്മൂലവും ഒരു സ്റ്റാമ്പ് സൈസ് ഫോട്ടോയും നൽകണം. സത്യവാങ് മൂലത്തിന്റെ എല്ലാ കോളങ്ങളും പൂരിപ്പിക്കണം. നാമനിർദ്ദേശ പത്രിക അപൂർണ്ണമായി നൽകരുത്. സൂക്ഷ്മ പരിശോധന ഏപ്രിൽ 30നാണ് നടക്കുക. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മെയ് രണ്ട്.
സ്ഥാനാർത്ഥികൾക്ക് ബാങ്ക് അക്കൗണ്ട് നിർബന്ധം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ബാങ്ക് അക്കൗണ്ട് നിർബന്ധമാക്കി. ഇലക്ഷനു വേണ്ടി മാത്രമേ അക്കൗണ്ട് ഉപയോഗിക്കാവൂ. നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് ഒരു ദിവസം മുൻപെങ്കിലും അക്കൗണ്ട് തുറന്നിരിക്കണം. പത്രിക പൂരിപ്പിക്കുന്ന സമയത്ത് നിശ്ചിത കോളത്തിൽ അക്കൗണ്ട് നമ്പറും രേഖപ്പെടുത്തേണ്ടതാണ്. മറ്റ് ആവശ്യങ്ങൾക്ക് സ്ഥാനാർത്ഥി അക്കൗണ്ട് ഉപയോഗിക്കാൻ പാടില്ല.
പത്രിക സമർപ്പിക്കുമ്പോൾ സ്ഥാനാർത്ഥി സുരക്ഷാ നിക്ഷേപത്തിന്റെ രേഖകൾ സമർപ്പിക്കണം . നിക്ഷേപം പത്രികാ സമർപ്പണത്തിന് മുൻപോ അല്ലെങ്കിൽ ആദ്യ നാമനിർദേശ പത്രികയ്ക്ക് ഒപ്പമോ നൽകാം. സ്ഥാനാർത്ഥി പത്രിക സമർപ്പിക്കുന്ന നിയോജക മണ്ഡലത്തിൽ പതിനായിരം രൂപ വീതം നൽകേണ്ടതാണ്. പിന്നോക്ക സംവരണ വിഭാഗത്തിൽപെട്ടവർക്ക് മറ്റ് സ്ഥാനാർത്ഥികളെ അപേക്ഷിച്ച് പകുതി തുക നിക്ഷേപിച്ചാൽ മതിയാകും.
യോഗങ്ങൾക്ക് മുൻകൂർ അനുമതി നേടണം
കൊച്ചി: തിരഞ്ഞെടുപ്പ് യോഗങ്ങൾ സംഘടിപ്പിക്കുന്നതിന് പോലീസ് അധികാരികളുടെ മുൻകൂർ അനുമതി നേടണമെന്ന് ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം അറിയിച്ചു. യോഗസ്ഥലത്തെ ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും യോഗം നടക്കുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാർട്ടിയോ സ്ഥാനാർഥിയോ സ്ഥലത്തെ പോലീസ് അധികാരികളെ അറിയിക്കണം. യോഗം നടത്തുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ നിലവിലുണ്ടെങ്കിൽ അവ കണിശമായി പാലിക്കണം. ഉത്തരവുകളിൽ നിന്നൊഴിവാക്കപ്പെടണമെങ്കിലും ഉച്ചഭാഷിണികളും മറ്റ് സൗകര്യങ്ങളും ഉപയോഗിക്കുന്നതിനും മുൻകൂട്ടി അനുവാദവും ലൈസൻസും നേടണം . യോഗം അലങ്കോലപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ യോഗത്തിൽ പങ്കെടുക്കുന്നവർ അവരുമായി സംഘർഷത്തിൽ ഏർപ്പെടാതെ ഡ്യൂട്ടിയിലുള്ള പോലീസിന്റെ സഹായം നേടണമെന്നും കളക്ടർ അറിയിച്ചു.
തിരഞ്ഞെടുപ്പിന് ഫോട്ടോ പതിച്ച ബാലറ്റ് പേപ്പറുകൾ
കൊച്ചി: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബാലറ്റ്പേപ്പറിൽ സ്ഥാനാർത്ഥികളുടെ പേരിനും ചിഹ്നത്തിനും ഒപ്പം ഫോട്ടോയും പതിച്ചിരിക്കും. ഇതിനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ സ്ഥാനാർത്ഥികൾ സ്റ്റാമ്പ് സൈസിലുള്ള ഫോട്ടോയും നൽകണം. പോസ്റ്റൽ ബാലറ്റ് പേപ്പറുകളിലും സ്ഥാനാർത്ഥികളുടെ ഫോട്ടോ പതിച്ചിട്ടുണ്ടാകും. ഒരേ നിയോജക മണ്ഡലത്തിൽ പേരിൽ സാമ്യമുള്ള സ്ഥാനാർത്ഥികൾ ഉണ്ടായാൽ വോട്ടർമാർക്ക് തിരിച്ചറിയാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്.
അക്ഷയ വോട്ടർ സഹായ കേന്ദ്രങ്ങൾ
കൊച്ചി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ അപേക്ഷകൾ സമർപ്പിക്കുന്നതിന് പ്രത്യേക അക്ഷയ വോട്ടർ സഹായ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു. വോട്ടർ ഐഡി കാർഡ്, രജിസ്ട്രേഷൻ, തെറ്റു തിരുത്തൽ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ, സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട വിവിധ അനുമതികൾക്കായുളള ഓൺലൈൻ അപേക്ഷ സമർപ്പിക്കൽ തുടങ്ങിയ സേവനങ്ങൾ ഈ സഹായ കേന്ദ്രങ്ങൾ വഴി ലഭിക്കും. ജില്ലയിലെ മുഴുവൻ അക്ഷയ കേന്ദ്രങ്ങളിലും സേവനം ലഭ്യമാണെന്നും സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ പ്രോജക്ട് മാനേജർ അറിയിച്ചു.
രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും പ്രചാരണ വാഹനങ്ങൾഉപയോഗിക്കേണ്ടതെങ്ങിനെ
കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വാഹനങ്ങൾ ഉപയോഗിക്കുന്നതിന് അതാത് നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരിയിൽ നിന്ന് അനുമതിപത്രം വാങ്ങിയിരിക്കണം. വരണാധികാരിയുടെ അനുമതിപത്രം വാഹനത്തിന്റെ മേൽ പതിച്ചിരിക്കുകയും വേണം. ഈ അനുമതി പത്രത്തിൽ സ്ഥാനാർത്ഥിയുടെ പേരും വാഹനത്തിന്റെ നമ്പറും ഉണ്ടായിരിക്കണം. മുൻകാലങ്ങളിൽ ഈ അനുമതിപത്രത്തിന്റെ ഫോട്ടോ കോപ്പികൾ എടുത്ത് വിവധ വാഹനങ്ങളിൽ ഉപയോഗിച്ചിരുന്ന പ്രവണതയ്ക്ക് തടയിടുന്നതിനു വേണ്ടിയാണ് ഒറിജിനൽ തന്നെ വാഹനങ്ങളിൽ പതിക്കണമെന്ന് കമ്മീഷൻ നിഷ്ക്കർഷിച്ചിരിക്കുന്നത്. ഏതൊക്കെ വാഹനങ്ങളാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നതെന്ന് നിരീക്ഷകരെ അറിയിക്കുകയും വേണം. ഈ നിബന്ധനകൾ നടപ്പാക്കേണ്ട ചുമതല അതാത് ജില്ലകളിലെ പോലീസ് സൂപ്രണ്ടുമാർക്കാണ്.
ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലും സജീവമായിചെലവ് നിരീക്ഷകർ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാർത്ഥികളുടെ വരവുചെലവുകണക്കുകൾ നിരീക്ഷിക്കുന്നതിനായുളള ചെലവ് നിരീക്ഷകരുടെ ടീം ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രവർത്തനമാരംഭിച്ചു. അസിസ്റ്റന്റ് എക്സ്പെൻഡിച്വർ ഒബ്സെർവർ, അക്കൗണ്ടിങ്ങ് ടീം, വീഡിയോ സർവെയ്ലൻസ് ടീം, വീഡിയോ വ്യൂവിങ്ങ് ടീം എന്നിങ്ങനെ നാല് വിഭാഗമായാണ് ടീമിന്റെ പ്രവർത്തനം സജ്ജമാക്കിയിരിക്കുന്നത്.
No comments:
Post a Comment