ഡൊമിനിക് പ്രസന്റേഷന്റെ വികസനരേഖ,
വെബ്സൈറ്റ് പ്രകാശനം ഇന്ന്
റോഡ് ഷോ മൂലങ്കുഴിയിൽ
കൊച്ചി: കൊച്ചി നിയമസഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡൊമിനിക് പ്രസന്റേഷന്റെ വികസനരേഖയും വെബ്സൈറ്റും ഇന്ന് (ചൊവ്വ) പ്രകാശനം ചെയ്യും. ഉച്ചയ്ക്ക് 12ന് പ്യാരി ജംഗ്ഷനിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് പ്രകാശനച്ചടങ്ങ്. കൊച്ചിയുടെ കയ്യൊപ്പ് എന്നു പേരിട്ടിരിക്കുന്ന വികസനരേഖ ബെന്നി ബഹന്നാൻ എം.എൽ.എയും വെബ്സൈറ്റ് ചലച്ചിത്രതാരം സാജൻ പള്ളുരുത്തിയുമാണ് പ്രകാശനം ചെയ്യുന്നത്. കഴിഞ്ഞ അഞ്ചു വർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പദ്ധതികളും ഭാവി വികസന പദ്ധതികളെ കുറിച്ചുള്ള കാഴ്ചപ്പാടും അടങ്ങുന്നതാണ് കൊച്ചിയുടെ കയ്യൊപ്പ്.
ഫോർട്ടുകൊച്ചിയിൽ ഇന്നലെ തുടക്കം കുറിച്ച ഡൊമിനിക്കിന്റെ റോഡ് ഷോ ഇന്ന് രാവിലെ ഏഴിന് മൂലങ്കുഴിയിൽ 15-ാം ഡിവിഷനിൽ തുടരും. ഇന്നലെ രാവിലെ ആസ്പിൻവാൾ കമ്പനി മുതൽ കൽവത്തി വരെയുള്ള പ്രദേശങ്ങളിലാണ് സ്ഥാനാർത്ഥി പര്യടനം നടത്തിയത്. തുടർന്ന് ഉച്ചയ്ക്കു ശേഷം പള്ളുരുത്തി നടയിൽ നിന്നും തുടങ്ങിയ റോഡ് ഷോ ഈ മേഖലയിൽ വിവിധ സ്ഥലങ്ങളിലെത്തി. ചെല്ലാനം, കുമ്പളങ്ങി തുടങ്ങിയ സ്ഥലങ്ങളിൽ മരണം നടന്ന വീടുകളിലും ഡൊമിനിക് അനുശോചനം അറിയിക്കാനെത്തി. കല്യാണവീടുകളും സന്ദർശിച്ചു.
ഡൊമിനിക് പ്രസന്റേഷന്റെ മണ്ഡലം, ഡിവിഷൻ തല കൺവൻഷനുകളും വിവിധ സ്ഥലങ്ങളിൽ പൂർത്തിയായി. 17ന് ആരംഭിച്ച കൺവൻഷനുകൾ 22ന് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്നലെ പള്ളുരുത്തി നോർത്ത്, പനയപ്പള്ളി, കപ്പലണ്ടിമുക്ക്, കുന്നുംപുറം, തോപ്പുംപടി എന്നിവിടങ്ങളിലായിരുന്നു കൺവൻഷനുകൾ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകയോഗത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു. കുമ്പളങ്ങി, ചെല്ലാനം, കണ്ണമാലി, ന്യൂറോഡ് എന്നിവിടങ്ങളിലെ കൺവൻഷനുകൾ കഴിഞ്ഞ ദിവസം പൂർത്തിയായി.
തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എൻ.കെ. നാസർ, കൊച്ചി നോർത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എച്ച്. നാസർ, ടി.വൈ. യൂസഫ്, എ.എം. അയൂബ്, കൊച്ചി നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഷൈനി മാത്യു, കെ.ജെ. പ്രകാശൻ, ടി.കെ. അഷറഫ്, തമ്പി സുബ്രഹ്മണ്യൻ, സിയാദ്, ആർ. ത്യാഗരാജൻ, എം.പി. ശിവദത്തൻ, ഷാജി കുറുപ്പശ്ശേരി തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ സ്ഥാനാർത്ഥിയ്ക്കൊപ്പമുണ്ടായി രുന്നു. സൗദി പള്ളിക്ക് സമീപം ഇന്നലെ നടന്ന മത്സ്യത്തൊഴിലാളി കുടുംബസംഗമം കെ.പി.സി.സി അംഗം ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡന്റ് എ.സി. ക്ലാരൻസ് അധ്യക്ഷത വഹിച്ചു. പി.ടി. രാജു, ആന്റണി കളരിക്കൽ, കെ.എൽ. ടോമി, വിൻസന്റ്, പി.എക്സ്. ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.
കൺവൻഷനുകൾ പൂർത്തിയാക്കുന്നതോടൊപ്പം സ്ക്വാഡ് വർക്കിനുള്ള ഒരുക്കങ്ങളും അന്തിമഘട്ടത്തിലാണ്. 24ന് ആദ്യ സ്ക്വാഡ് സന്ദർശനം. മണ്ഡലത്തിലെ എല്ലാ വീടുകളിലെത്തുമെത്തി യു.ഡി.എഫ് പ്രവർത്തകർ എം.എൽ.എയുടെ അഭ്യർത്ഥന നൽകും.

No comments:
Post a Comment