കൊച്ചി: ത്രികോണമത്സരം, കേരള കോണ്‍ഗ്രസുകളുടെ പോരാട്ടം, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, സി.പി.ഐ. പോരാട്ടം എന്നിവയാല്‍ ജില്ലയില്‍ വ്യതൃസ്തത പുലര്‍ത്തുന്ന മണ്ഡലമാണ് മൂവാറ്റുപുഴ. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഒരു തിരഞ്ഞെടുപ്പില്‍ മാത്രം മത്സരിച്ചു വിസ്മൃതിയിലായ ഡി.ഐ.സി(കെ) ജില്ലയില്‍ മത്സരിച്ച മണ്ഡലങ്ങളിലൊന്നെന്ന സവിശേഷതയും മൂവാറ്റുപുഴയ്ക്ക് സ്വന്തം. തിരഞ്ഞെടുപ്പു ചരിത്രത്തില്‍ 1951 മുതല്‍ മൂവാറ്റുപുഴയ്ക്ക് സ്ഥാനമുണ്ട്. പതിനഞ്ചു തെരഞ്ഞെടുപ്പുകളിലായി കോണ്‍ഗ്രസ്, സി.പി.ഐ, കേരള കോണ്‍ഗ്രസ് കക്ഷികളും സ്വതന്ത്രനും മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
തിരുകൊച്ചി സഭയിലേക്കു 1951 ലും 54 ലും നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു ഇവിടെ ജയം. കേരളപ്പിറവിക്കു ശേഷം 1957 ലും 60 ലും കോണ്‍ഗ്രസ് ഇവിടെ വിജയം ആവര്‍ത്തിച്ചു. 1965 ല്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും സി.പി.ഐ യും മത്സരിച്ച ത്രികോണ മത്സരത്തില്‍ കേരള കോണ്‍ഗ്രസിലെ എ.ടി.പത്രോസിനായിരുന്നു ജയം. കോണ്‍ഗ്രസ്, സി പി ഐ, കേരള കോണ്‍ഗ്രസ് എന്നിവയുടെ ത്രികോണമത്സരത്തിന്റെ കാലഘട്ടമായിരുന്നു പിന്നീട്. 67 ല്‍ സി.പി.ഐ യിലെ പി.വി. എബ്രഹാം മണ്ഡലത്തിന്റെ പ്രതിനിധിയായി. 70 ല്‍ സ്വതന്ത്രയായ പെണ്ണമ്മ ജേക്കബ് സി.പി.ഐ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തി മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തി.
77 ല്‍ കേരള കോണ്‍ഗ്രസിലെ പി.സി.ജോസഫിനൊപ്പമായിരുന്നു മണ്ഡലം. അപ്പോഴേ ക്കും മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസുകാര്‍ തമ്മിലായി മത്സരം. 80 ല്‍ കേരള കോണ്‍ഗ്രസുകള്‍ വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ കെ.സി(ജെ)യിലെ ജോസഫ് വര്‍ക്കിക്കായിരുന്നു ജയം. 82 ല്‍ ജോസഫ് വര്‍ക്കിയെ സി.പി.ഐ സ്വതന്ത്രന്‍ എതിര്‍ത്തെങ്കിലും ജോസഫ് വര്‍ക്കി തന്നെ ജയിച്ചു. 87 ല്‍ സി.പി.ഐ. സ്വതന്ത്രനായ ഡോ.എ.പി. ഐസക് മണ്ഡലത്തില്‍ നിന്നു ജയിച്ചു.
91 ല്‍ ഐസക്കിനെ പരാജയപ്പെടുത്തി കേരള കോണ്‍ഗ്രസി(എം)ലെ ജോണി നെല്ലൂര്‍ മണ്ഡലത്തിന്റെ പ്രതിനിധിയായി. 96ലും 2001ലും ജോണി നെല്ലൂര്‍ തന്നെയായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2006 ല്‍ സി.പി.ഐ യിലെ ബാബുപോള്‍ 13225 വോട്ടിനാണ് ഡി.ഐ. സി(കെ)യുടെ സ്ഥാനാര്‍ഥിയായിരുന്ന ജോണി നെല്ലൂരിനെ പരാജയപ്പെടുത്തിയത്.
മൂവാറ്റുപുഴ നഗരസഭയും 11 ഗ്രാമപഞ്ചായത്തുകളുമടങ്ങിയ വിശാലമായ ഒരു നിയോജകമണ്ഡലമാണ് മൂവാറ്റുപുഴ. ആരക്കുഴ, ആവോലി, ആയവന, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍, മാറാടി, പൈങ്ങോട്ടൂര്‍, പായിപ്ര, പാലക്കുഴ, പോത്താനിക്കാട്, വാളകം പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്.
മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം 2009 ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു മണ്ഡലത്തില്‍ 6477 വോട്ടിന്റെ ലീഡ് കിട്ടിയിരുന്നു. പിന്നീട് 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ജോസഫ് വാഴയ്ക്കന്‍ 5163 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബാബുപോളിനെ പരാജയപ്പെടുത്തി മണ്ഡലം സ്വന്തമാക്കി. മണ്ഡലം പുനര്‍നിര്‍ണയത്തോടെ ഇടുക്കി ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ മൂവാറ്റുപുഴയില്‍ 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 5572 വോട്ടിന്റെ ലീഡ് മണ്ഡലത്തിലുണ്ടായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് ഒന്നിലെ കണക്കുപ്രകാരം മണ്ഡലത്തിലെ മൊത്തം വോട്ടര്‍മാരില്‍ 18-19 വയസ് ഗ്രൂപ്പിലുള്ളത് 4363 വോട്ടര്‍മാരാണ്. 20-29 പ്രായഗ്രൂപ്പിലിത് 31752 വരും. 30-39 പ്രായഗ്രൂപ്പില്‍ 36277 ഉം 40-49 പ്രായഗ്രൂപ്പില്‍ 36014 ഉം 50-59 പ്രായഗ്രൂപ്പില്‍ 30899 ഉം 60-69 പ്രായഗ്രൂപ്പില്‍ 20936 ഉം 70-79 പ്രായഗ്രൂപ്പില്‍ 10284 ഉം 80ന് മുകളിലുള്ളവര്‍ 4136 ഉം ആണ്. 86752 പുരുഷന്മാരും 87909 വനിതകളും ഉള്‍പ്പടെ 174661 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ആകെയുള്ളത്. ഒരു അഡീഷണല്‍ പട്ടിക കൂടി വരാനുളളതിനാല്‍ വോട്ടര്‍മാരുടെ കണക്കില്‍ വ്യത്യാസമുണ്ടാകും.
No comments:
Post a Comment