Saturday, April 2, 2016

ഒരു പക്ഷത്തോടും പ്രതേ്യക ചായ്‌വില്ലാതെ പെരുമ്പാവൂര്‍



കൊച്ചി: കേരളപ്പിറവിക്കു മുന്‍പ്  1951 മുതല്‍ നിലവിലുളള പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലം ഒരു പക്ഷത്തോടും  പ്രതേ്യക ചായ്‌വ് പ്രകടിപ്പിക്കാതെയാണ് പ്രതികരിച്ചുവരുന്നത്. 51 മുതല്‍ 2011 വരെ 15 തെരഞ്ഞെടുപ്പുകളില്‍ സമ്മതിദാനം രേഖപ്പെടുത്തിയ പെരുമ്പാവൂര്‍കാര്‍ എട്ടുതവണ ഇടതുപക്ഷത്തേയും  ഏഴുതവണ ഐക്യമുന്നണിയേയും വിജയിപ്പിച്ചു. 2001 ലും 2006 ലും 2011ലും ഇടതുപക്ഷത്തിനൊപ്പമായിരുന്നു മണ്ഡലം. മുക്കോണ, ചതുഷ്‌കോണ മത്സരങ്ങളാണ് പലപ്പോഴും മണ്ഡലത്തില്‍ ചിത്രം വ്യക്തമാക്കിയിട്ടുളളത്. കേരളം രൂപമെടുക്കും മുന്‍പ് 1951 ലും 54 ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും മാറി മാറി വരിക്കുകയായിരുന്നു മണ്ഡലം. 
1951 ല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെന്ന ലേബലില്ലാതെ മത്സരിച്ച പി.ഗോവിന്ദപിളളയാണ് പെരുമ്പാവൂരില്‍ നിന്നും തിരു-കൊച്ചി സഭയിലെത്തിയത്. 54 ല്‍ കോണ്‍ഗ്രസിലെ കെ.പി ഉറുമീസ് തരകന്‍ പെരുമ്പാവൂരിന്റെ പ്രതിനിധിയായി.1957 ല്‍ ആദ്യ കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പി.ഗോവിന്ദപിളളയെ നേരിട്ടത് കോണ്‍ഗ്രസിലെ കെ.ഐ. ദാമോദരമേനോനായിരുന്നു. 889 വോട്ടിനു ഗോവിന്ദപിളള ജയിച്ചു. 60 ല്‍ മണ്ഡലം കോണ്‍ഗ്രസിനൊപ്പമായി. കോണ്‍ഗ്രസിലെ കെ.എം. ചാക്കോ 5800 വോട്ടിനാണ് അക്കുറി ഗോവിന്ദപിളളയെ തോല്പിച്ചത്. സി.പി.എം, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസുകള്‍ ഏറ്റുമുട്ടിയ 65 ലെ തിരഞ്ഞെടുപ്പില്‍ മുക്കോണ മത്സരത്തിലൂടെ ഗോവിന്ദപിളള ജയിച്ചു. 
ത്രികക്ഷി പോരാട്ടം നടന്ന 1967 ലും പി.ജി. തന്നെയാണ് പെരുമ്പാവൂരിനെ പ്രതിനിധീകരിച്ചത്. 70 ല്‍ നേരിട്ടുളള മത്സരത്തില്‍ കോണ്‍ഗ്രസ് മണ്ഡലത്തില്‍ ജയം കണ്ടു. കോണ്‍ഗ്രസിലെ പി.ഐ. പൗലോസ്, സി.പി.എമ്മിലെ പി.കെ.ഗോപാലന്‍നായരെയാണ് പരാജയപ്പെടുത്തിയത്. 77 ലും 80 ലും സി.പി.എമ്മിലെ പി.ആര്‍.ശിവന്‍ മണ്ഡലത്തിന്റെ പ്രതിനിധിയായി. 77 ല്‍ സിറ്റിങ് എം. എല്‍.എ. പി.ഐ പൗലോസിനെയും 80ല്‍ എ.എ. കൊച്ചുണ്ണി മാസ്റ്ററെയുമാണ് ശിവന്‍ തോല്പിച്ചത്. 
പിന്നീടു തിരഞ്ഞെടുപ്പു നടന്ന 82, 87, 91, 96 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിലെ പി.പി. തങ്കച്ചന്‍ വിജയിച്ചു. ശക്തമായ മുക്കോണ, ചതുഷ്‌കോണ മത്സരങ്ങളായിരുന്നു ഈ തിരഞ്ഞെടുപ്പുകളില്‍ കണ്ടത്. 82 ല്‍ സിറ്റിങ് എം.എല്‍.എ. ശിവനെ പരാജയപ്പെടുത്തിയ തങ്കച്ചന്‍ 87 ല്‍ ജനതയിലെ രാമന്‍കര്‍ത്തയെയും 91 ല്‍ ജനതാദളിലെ ആലുങ്കല്‍ ദേവസിയേയും 96 ല്‍ വീണ്ടും രാമന്‍ കര്‍ത്തയേയുമാണ് തോല്പിച്ചത്. 
എന്നാല്‍ 2001 ല്‍ മണ്ഡലം ഇടതുപക്ഷത്തിനൊപ്പമായി സി പി എമ്മിലെ സാജുപോള്‍ 1188 വോട്ടിന് സിറ്റിങ് എം.എല്‍.എയായ തങ്കച്ചനെ പരാജയപ്പെടുത്തി. 2006 ല്‍ സാജുപോള്‍ വീണ്ടും മണ്ഡലത്തിന്റെ പ്രതിനിധിയായപ്പോള്‍ ഭൂരിപക്ഷം 12461 വോട്ടായിരുന്നു. എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാന്‍. 2011ല്‍  വീണ്ടും സാജുപോള്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഭൂരിപക്ഷം 3382 വോട്ടായിരുന്നു. 
മണ്ഡല പുന:ക്രമീകരണത്തിനു ശേഷമുള്ള രണ്ടാമത്തെ തിരഞ്ഞെടുപ്പിനാണ് ഇപ്പോള്‍ കളമൊരുങ്ങുന്നത്. 84218 പുരുഷവോട്ടര്‍മാരും 85146 വനിതവോട്ടര്‍മാരും ഉള്‍പ്പടെ 169364 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ആകെയുള്ളത്. ഈ കണക്കില്‍ ഇനിയും മാറ്റം വരാം. 

No comments:

Post a Comment