Thursday, April 7, 2016

കുറഞ്ഞ പോളിങ് ശതമാനമുള്ള ബൂത്തുകളില്‍ പ്രത്യേക പ്രചരണം







സ്വീപ്പ്: മാധ്യമ വിദ്യാര്‍ഥികളുമായി 
ഇന്ന് ജില്ല കളക്ടറുടെ സംവാദം

കൊച്ചി: പോളിങ് ശതമാനം ഉര്‍ത്തുന്നതിന്റെ ഭാഗമായി ജില്ല തിരഞ്ഞെടുപ്പു ഓഫീസ് സംഘടിപ്പിക്കുന്ന വിവിധ ബോധവല്‍ക്കരണ (സ്വീപ്പ്) പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം ഇന്ന് (ഏപ്രില്‍ 04) മാധ്യമ വിദ്യാര്‍ഥികളുമായി സംവദിക്കും. രാവിലെ 10.30ന് കേരള മീഡിയ അക്കാദമി ഹാളിലാണ് സംവാദം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഔദ്യോഗിക മാനദണ്ഡങ്ങള്‍ അദ്ദേഹം വിശദീകരിക്കും. തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ എസ്.രാജീവ് വിവിധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ക്ലാസെടുക്കും. 
വോട്ടര്‍മാരെ കൂടുതലായി പോളിങ് ബൂത്തുകളിലെത്തിക്കുകയാണ് ഈ പ്രവര്‍ത്തനത്തിലൂടെ ജില്ല തിരഞ്ഞെടുപ്പ് ഓഫീസ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായുള്ള വോട്ടുവണ്ടി ഇപ്പോള്‍ ജില്ലയില്‍ പര്യടനം നടത്തിവരികയാണ്.  2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് കോഴിക്കോട് ജില്ലയിലാണ്. ആകെയുള്ള 2063607 വോട്ടര്‍മാരില്‍ 1678105 വോട്ടര്‍മാരാണ് അവിടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. 80.66 ശതമാനം പേര്‍ വോട്ടു ചെയ്ത കണ്ണൂര്‍ രണ്ടാം സ്ഥാനത്തും 79.11 ശതമാനം പേര്‍ വോട്ടു ചെയ്ത ആലപ്പുഴ മൂന്നാം സ്ഥാനത്തുമായി. കൂടുതല്‍ പോളിങ് നടന്ന ജില്ലകളില്‍ നാലാം സ്ഥാനത്താണ് എറണാകുളം. ആകെയുള്ള 2206611 വോട്ടര്‍മാരില്‍ 1711545 വോട്ടര്‍മാരാണ് അന്ന് ജില്ലയില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. ഇത് 80 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ജില്ല തിരഞ്ഞെടുപ്പ് ഓഫീസ് ലക്ഷ്യമിടുന്നത്. 

കുറഞ്ഞ പോളിങ് ശതമാനമുള്ള
ബൂത്തുകളില്‍ പ്രത്യേക പ്രചരണം

കൊച്ചി: ജില്ലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കുറഞ്ഞ പോളിങ് ശതമാനം രേഖപ്പെടുത്തിയ പോളിങ് ബൂത്തുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ പ്രത്യേക പ്രചരണപരിപാടികളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. ഓരോ നിയമസഭ മണ്ഡലത്തിലേയും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ 10 ശതമാനം ബൂത്തുകള്‍ കണ്ടെത്തി അവിടെയാകും പ്രത്യേക പ്രചരണം. വോട്ടര്‍മാരുടെ പ്രായവ്യത്യാസം നോക്കി അത്തരം പ്രായ സംഘങ്ങള്‍ക്കിടയിലും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. 

ഭിന്നശേഷിക്കാരെ ബൂത്തിലെത്തിക്കാന്‍
ഇനി സര്‍ക്കാര്‍ സംവിധാനം

കൊച്ചി: ഭിന്നശേഷിക്കാരായ വോട്ടര്‍മാരെ ഇത്രനാളും പോളിങ് ബൂത്തുകളില്‍ എത്തിച്ചിരുന്നത് അവരുടെ ബന്ധുക്കളും മറ്റും മാത്രമായിരുന്നെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ അവരെ ബൂത്തുകളിലെത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തും. നേരത്തെ ഇത്തരത്തിലുള്ളവരെ ബൂത്തുകളില്‍ എത്തിക്കാന്‍ സ്ഥാനാര്‍ഥികളുടെ കക്ഷികള്‍ ശ്രമിക്കുന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്ന സാഹചര്യത്തില്‍ കൂട്ടമായി ബൂത്തുകളില്‍ വോട്ടര്‍മാരെ എത്തിക്കുന്നതിന് വിലക്കുണ്ടായിരുന്നു. 
എന്നാല്‍ പോളിങ് ശതമാനം ഉയര്‍ത്തുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷനാണ് പുതിയ സംവിധാനത്തിന് നിര്‍ദേശം നല്‍കിയത്. എല്ലാ താലൂക്കുകളിലേയും അഡീഷണല്‍ തഹസില്‍ദാര്‍മാര്‍ക്ക് ഇതിന്റെ ചുമതല നല്‍കി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം ഉത്തരവു പുറപ്പെടുവിച്ചു. വോട്ടര്‍പട്ടികയുടെയും ബി.എല്‍.ഒ.മാരുടെയും സഹായത്തോടെ ഇവരുടെ പട്ടിക തയ്യാറാക്കി വോട്ടുചെയ്യാന്‍ കഴിയുന്ന പരമാവധി പേരെയും ബൂത്തിലെത്തിക്കാന്‍ സൗകര്യമൊരുക്കും. 

കുന്നത്തുനാട്, പിറവം മേഖലയില്‍ വോണ്ടുവണ്ടിക്ക്
വന്‍വരവേല്‍പ്പ്, ഇന്ന് അങ്കമാലിയിലും പെരുമ്പാവൂരും

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള സ്വീപ് പദ്ധതിയുടെ ഭാഗമായുള്ള വോട്ടുവണ്ടി കുന്നത്തുനാട്, പിറവം മേഖലയില്‍ പര്യടനം പൂര്‍ത്തിയാക്കി. തൊഴിലാളികളും കടക്കാരും അമ്മമാരുമടങ്ങുന്ന വോട്ടര്‍മാരുടെ വലിയ സംഘം വോട്ടുവണ്ടിയിലെത്തി. 
രാവിലെ 10 ന് പള്ളിക്കരയില്‍ നിന്നാരംഭിക്കുന്ന യാത്ര കിഴക്കമ്പലം, പുക്കാട്ടുപടി, പട്ടിമറ്റം, ഐക്കരനാട്, കോലഞ്ചേരി, തമ്മാനിമറ്റം കചവ്, രാമമംഗലം, അഞ്ചല്‍പ്പെട്ടി, പാമ്പാക്കുട, പിറവം, പാഴൂര്‍, മണീട്, തിരപവാണിയൂര്‍, പുത്തന്‍കുരിശ്, കരിമുകള്‍, അമ്പലമുകള്‍ എന്നിവിടങ്ങളില്‍ വോട്ടുവണ്ടി പര്യടനം നടത്തി.
സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് വോട്ടര്‍ ബോധവത്കരണ പ്രവര്‍ത്തനത്തിനായി വോട്ടുവണ്ടി പര്യടനം. ജില്ലയിലെ പോളിംഗ് 80 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തുന്ന തോടൊപ്പം വോട്ട് ചെയ്യാന്‍ പരിശീലനവും നല്‍കുന്നുണ്ട്. കൂടാതെ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ ആദ്യമായി ഉപയോഗിക്കുന്ന വിവിപാറ്റ് യന്ത്രവും വോട്ടര്‍മാരെ പരിചയപ്പെടുത്തുന്നുണ്ട്. നിരവധി പേരാണ് വോട്ട് ചെയ്ത് നോക്കാനും സംശയങ്ങള്‍ ദുരീകരിക്കാനുമായി വോട്ടുവണ്ടിയിലെത്തിയത്. 
വോട്ടുവണ്ടി ഇന്ന് രാവിലെ കേരള മീഡിയ അക്കാദമയിലെത്തും. തുടര്‍ന്ന് അങ്കമാലി, പെരുമ്പാവൂര്‍ നിയമസഭ മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. നടത്തും. ജില്ല തിരഞ്ഞെടുപ്പ് ഓഫീസും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്നാണ് പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.



പുനക്രമീകരണത്തില്‍ പൊതുവിഭാഗമായും
സംവരണമണ്ഡലമായും  മാറിയ കുന്നത്തുനാട്

കൊച്ചി: പൊതുവിഭാഗത്തിലുളള  മണ്ഡലമായി തുടങ്ങി സംവരണപട്ടികയിലേക്ക് മാറിയ നിയോജക മണ്ഡലമാണ് കുന്നത്തുനാട്. തിരുകൊച്ചി നിയമസഭയുടെ കാലത്തേ മണ്ഡലമുണ്ട്. എന്നാല്‍ കേരളപ്പിറവിയോടനുബന്ധിച്ചുളള തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട് എന്ന മണ്ഡലമുായിരുന്നില്ല.1965 ലെ മണ്ഡലപുനര്‍നിര്‍ണയകാലത്താണ് ഈ പേരില്‍ പുതിയ മണ്ഡലം രൂപീകൃതമാകുന്നത്. അന്ന് പട്ടികജാതി സംവരണമണ്ഡലമായിരുന്ന കുന്നത്തുനാട് 77 ലെ മണ്ഡലാതിര്‍ത്തി നിര്‍ണയത്തെ തുടര്‍ന്ന് ജനറലായി. നീണ്ട 30 വര്‍ഷങ്ങള്‍ക്കു ശേഷം 2009 ലെ പുന:ക്രമീകരണത്തില്‍ വീണ്ടും സംവരണമണ്ഡലമായി മാറി.
തിരു-കൊച്ചി നിയമസഭ തിരഞ്ഞെടുപ്പു നടന്ന 1951 ല്‍ സ്വതന്ത്രനായ മത്തായിയാണ് മണ്ഡലത്തിന്റെ പ്രതിനിധിയായത്. 1954 ലെ തെരഞ്ഞെടുപ്പില്‍ ദ്വയാംഗമണ്ഡലമായിരുന്നു. കോണ്‍ഗ്രസുകാരായ കെ.എം. ചാക്കോ, കെ.കൊച്ചുകുട്ടന്‍ എന്നിവരാണ് അക്കുറി പ്രതിനിധികളായത്. മണ്ഡലം തന്നെയില്ലാതിരുന്നതിനാല്‍ 57 ലും 60 ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ കുന്നത്തുനാട് ചിത്രത്തിലുണ്ടായിരുന്നില്ല.
1965 ല്‍ മണ്ഡലം രൂപീകൃതമായ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിലെ കെ .കെ. മാധവന്‍ കുന്നത്തുനാടിന്റെ ആദ്യപ്രതിനിധിയായി കേരള നിയമസഭയിലെത്തി. പട്ടികജാതി സംവരണ മണ്ഡലമായിരുന്നു അന്ന് കുന്നത്തുനാട്. 67 ല്‍ സി.പി.എമ്മിലെ എം കെ കൃഷ്ണനായിരുന്നു രണ്ടാമൂഴം. 70 ല്‍ ആര്‍.എസ്.പി. യിലെ ടി.എ. പരമന്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു.77 ല്‍ രണ്ടാം മണ്ഡല പുനര്‍നിര്‍ണയത്തോടെ കുന്നത്തുനാട് ജനറല്‍ വിഭാഗത്തിലായി. സി.പി.എമ്മിലെ പി.പി. എസ്‌തോസിനായിരുന്നു അക്കുറി മണ്ഡലത്തിന്റെ ജനവിധി. 80 ലും എസ്‌തോസ് തന്നെ പ്രതിനിധിയായി. 
1982 ല്‍ കോണ്‍ഗ്രസിലെ ടി.എച്ച്. മുസ്തഫയിലൂടെ മണ്ഡലം പിടിച്ചെടുത്ത കോണ്‍ഗ്രസ് 87 ലും, 91 ലും മുസ്തഫയിലൂടെ വിജയമാവര്‍ത്തിച്ച് ഹാട്രിക് പൂര്‍ത്തിയാക്കി. 1996 ല്‍ ടിഎച്ച് മുസ്തഫയെ 60 വോട്ടിനു പരാജയപ്പെടുത്തി സി.പി.എമ്മിലെ എം.പി.വര്‍ഗീസ് മണ്ഡലം പിടിച്ചെടുത്തു. 2001 ല്‍ ഇരുവരും വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ മുസ്തഫയ്ക്കായിരുന്നു ജയം. 2006 ല്‍ സി.പി. എമ്മിലെ എം.എം. മോനായി കോണ്‍ഗ്രസിലെ പി.പി. തങ്കച്ചനെ 2057 വോട്ടിന് പരാജയപ്പെടുത്തി. 
കുന്നത്തുനാട് താലൂക്കിലെ ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂര്‍, പൂതൃക്ക, തിരുവാണിയൂര്‍, വടവുകോട്-പുത്തന്‍കുരിശ്, വാഴക്കുളം ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് മൂന്നാം മണ്ഡല പുനര്‍നിര്‍ണയത്തെ തുടര്‍ന്നുളള പുതിയ കുന്നത്തുനാട്. പുതിയ മണ്ഡലം നിലവില്‍ വന്നശേഷമുള്ള രണ്ടാമത്തെ നിയമസഭ തിരഞ്ഞെടുപ്പാണ് ഇനി വരുന്നത്. 2011ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വി.പി.സജീന്ദ്രന്‍ 8732 വോട്ടിനാണ് ഇവിടെ വിജയിച്ചത്. കഴിഞ്ഞ മാര്‍ച്ച് ഒന്നിലെ കണക്കുപ്രകാരം 84059 പുരുഷന്മാരും 86268 വനിതകളും ഉള്‍പ്പടെ 170327 വോട്ടര്‍മാരാണ് ആകെ മണ്ഡലത്തിലുള്ളത്. ഈ കണക്കില്‍ ഇനിയും മാറ്റം വരാം. 

ഫോട്ടോ : വോട്ടുവണ്ടി കുന്നത്തുനാട്, പിറവം മേഖലയില്‍ എത്തിയപ്പോള്‍

No comments:

Post a Comment