Thursday, April 7, 2016

തിരുകൊച്ചിയുടെ കാലം മുതലേ കോതമംഗലത്ത് ത്രികോണമല്‍സരം







കൊച്ചി: ശക്തമായ ത്രികോണ മത്സരങ്ങള്‍ക്കു വേദിയാകുന്ന ജില്ലയിലെ മലയോര മണ്ഡലമാണ് കോതമംഗലം. തിരു-കൊച്ചി നിയമസഭയുടെ കാലത്തേയുളളതാണീ പതിവ്. കേരളപ്പിറവി വേളയില്‍ പക്ഷേ മണ്ഡലമുണ്ടായിരുന്നില്ല. പിന്നീട് 65 ലാണ് മണ്ഡലം പിറവിയെടുക്കുന്നത്. 1951 ല്‍ തിരുകൊച്ചിസഭയില്‍ മണ്ഡല ത്തെ പ്രതിനിധീകരിച്ചത് എന്‍ പി വര്‍ഗീസ് എന്ന സ്വതന്ത്രനായിരുന്നു. 54 ല്‍ പി എസ് പി യിലെ മജ്ഞുനാഥപ്രഭുവാണ് തിരഞ്ഞെടുക്കപ്പെട്ടത്. 
കേരളനിയമസഭയില്‍ മണ്ഡലം പിറവിയെടുത്ത 65 ല്‍ കേരള കോണ്‍ഗ്രസിലെ കെ.എം. ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു. ശക്തമായ ത്രികോണ മത്സരത്തിനു ആദ്യ തിരഞ്ഞെടുപ്പ് തന്നെ വേദിയായി. പിന്നീട് സി.പി.എം, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് എന്നിവ നേരിട്ട്  ഏറ്റുമുട്ടിയ 67 ല്‍ വിജയം സിപിഎമ്മിലെ ടി.എം. മീതിയനായിരുന്നു. 
1970 ല്‍ വീണ്ടും ഇതേ ശക്തികളുടെ പോരാട്ടത്തില്‍ കേരള കോണ്‍ഗ്രസ് സ്വതന്ത്രനായ എം.ഐ. മാര്‍ക്കോസ് ആണ് ജയിച്ചത്. കക്ഷി ബന്ധങ്ങളിലെ മാറ്റങ്ങളെ തുടര്‍ന്ന് 77 ലും 80 ലും കേരള കോണ്‍ഗ്രസുകളുടെ ഏറ്റുമുട്ടലിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. 77 ല്‍ കേരള കോണ്‍ഗ്രസിലെ എം.വി. മാണി കേരള കോണ്‍ഗ്രസ് പിളള ഗ്രൂപ്പിലെ എം.ഇ. കുര്യാക്കോസിനെ പരാജയപ്പെടുത്തി.
1980 ല്‍ കേരള കോണ്‍ഗ്രസും, കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായിട്ടായിരുന്നു മത്സരം. കേരള കോണ്‍ഗ്രസിലെ ടി.എം. ജേക്കബിനായിരുന്നു ജയം. 82 ലും 87 ലും കേരള കോ ണ്‍ഗ്രസും സി.പി.എമ്മും തമ്മിലായി അങ്കം. രണ്ടു തവണയും കേരള കോണ്‍ഗ്രസിലെ ടി എം ജേക്കബ് വിജയിച്ചു. 82 ല്‍ കെ സി(ജെ) ആയിരുന്ന ജേക്കബ് 87 ല്‍ മാണി വിഭാഗം സ്ഥാനാര്‍ഥിയായാണ് വിജയിച്ചത്.
1991 ല്‍ കോണ്‍ഗ്രസിലെ വി ജെ പൗലോസിനൊപ്പം നിന്ന മണ്ഡലം 96 ലും 2001 ലും പൗലോസിനെ തന്നെ നിയമസഭയിലേക്കയച്ചു. 91 ല്‍ ഇടതുപക്ഷ സ്വതന്ത്രനും, 96 ല്‍ സി പി എമ്മും, 2001 ല്‍ കേരള കോണ്‍ഗ്രസുമായിരുന്നു മുഖ്യ എതിരാളി. 2006 ല്‍ നാലാമൂഴം തേടിയിറങ്ങിയ പൗലോസ് കേരള കോണ്‍ഗ്രസിലെ ടി.യു. കുരുവിളയോട് 1814 വോട്ടിനു പരാജയമറിഞ്ഞു. 2011ല്‍ വീണ്ടും ടി.യു കുരുവിള 12222 വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം നിലനിര്‍ത്തി. 
കോതമംഗലം താലൂക്കിലെ കോതമംഗലം നഗരസഭ, കവളങ്ങാട്, കീരമ്പാറ, കുട്ടമ്പുഴ, നെല്ലിക്കുഴി, പല്ലാരിമംഗലം, പിണ്ടിമന, വാരപ്പെട്ടി, കോട്ടപ്പടി ഗ്രാമപഞ്ചായത്തുകള്‍ അടങ്ങിയതാണ് കോതമംഗലം നിയമസഭ മണ്ഡലം.  കഴിഞ്ഞ മാര്‍ച്ച് ഒന്നിലെ കണക്കു പ്രകാരം 78232 പുരുഷന്മാരും 77744 വനിതകളും ഉള്‍പ്പടെ 155976 വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ ഇനിയും മാറ്റം വരാം. 

ആലുവ, കളമശേരി മേഖലയില്‍ വോട്ടുവണ്ടിയെത്തി,
ഇന്ന് കുന്നത്തുനാട്, പിറവം മേഖലയില്‍

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള സ്വീപ് പദ്ധതിയുടെ ഭാഗമായുള്ള വോട്ടുവണ്ടി ആലുവ, കളമശേരി മേഖലയില്‍ പര്യടനം പൂര്‍ത്തിയാക്കി. തൊഴിലാളികളും കടക്കാരും അമ്മമാരുമടങ്ങുന്ന വോട്ടര്‍മാരുടെ വലിയ സംഘം വോട്ടുവണ്ടിയിലെത്തി. ആലുവ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ നിരവധി വോട്ടര്‍മാര്‍ വോട്ടുവണ്ടിയിലെത്തി.  
രാവിലെ 11 നാരംഭിച്ച വോട്ടുവണ്ടി യാത്ര പാലാരിവട്ടം, എച്ച്എംടി ജംക്ഷന്‍, പ്രീമിയര്‍ കവല, പത്തടിപ്പാലം, ഇടപ്പള്ളി ടോള്‍, കൂനംതൈ, യൂണിവേഴ്‌സിറ്റി ജംക്ഷന്‍ എന്നിവടങ്ങളിലും ആലുവ ബസ് സ്റ്റാന്‍ഡ്, റെയില്‍ വേ സ്‌റ്റേഷന്‍ പരിസരം, ബാങ്ക് കവല, പമ്പ് കവല, ചൂണ്ടി, പ്രിയദര്‍ശിനി ഹാള്‍, പറവൂര്‍ കവല എന്നിവിടങ്ങളില്‍ പര്യടനം നടത്തി.
സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് വോട്ടര്‍ ബോധവത്കരണ പ്രവര്‍ത്തനത്തിനായി വോട്ടുവണ്ടി പര്യടനം. ജില്ലയിലെ പോളിംഗ് 80 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തുന്ന തോടൊപ്പം വോട്ട് ചെയ്യാന്‍ പരിശീലനവും നല്‍കുന്നുണ്ട്. കൂടാതെ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ ആദ്യമായി ഉപയോഗിക്കുന്ന വിവിപാറ്റ് യന്ത്രവും വോട്ടര്‍മാരെ പരിചയപ്പെടുത്തുന്നുണ്ട്. നിരവധി പേരാണ് വോട്ട് ചെയ്ത് നോക്കാനും സംശയങ്ങള്‍ ദുരീകരിക്കാനുമായി വോട്ടുവണ്ടിയിലെത്തിയത്. 
വോട്ടുവണ്ടി ഇന്ന് കുന്നത്തുനാട്, പിറവം മേഖലയില്‍ പര്യടനം നടത്തും. രാവിലെ 10 ന് പള്ളിക്കരയില്‍ നിന്നാരംഭിക്കുന്ന യാത്ര കിഴക്കമ്പലം, പുക്കാട്ടുപടി, പട്ടിമറ്റം, ഐക്കരനാട്, കോലഞ്ചേരി, തമ്മാനിമറ്റം കചവ്, രാമമംഗലം, അഞ്ചല്‍പ്പെട്ടി, പാമ്പാക്കുട, പിറവം, പാഴൂര്‍, മണീട്, തിരപവാണിയൂര്‍, പുത്തന്‍കുരിശ്, കരിമുകള്‍, അമ്പലമുകള്‍ എന്നിവിടങ്ങല്‍ വോട്ടുവണ്ടി പര്യടനം നടത്തും. ജില്ല തിരഞ്ഞെടുപ്പ് ഓഫീസും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്നാണ് പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

No comments:

Post a Comment