Saturday, April 2, 2016

ബിജെപിയെ അക്കൗണ്ട്‌ തുറക്കാന്‍ സമ്മതിക്കില്ല- ശിവസേന




കൊച്ചി
ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ ഭാഗമായ ശിവസേന കേരളത്തില്‍ പ്രത്യക്ഷമായി ബിജെപിക്കെതിരെ രംഗത്ത്‌. ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക്‌ കേരളത്തില്‍ അക്കൗണ്ട്‌ തുറക്കാന്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കി. ബിജെപിയ്‌ക്ക്‌ ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ അണിനിരത്തുമെന്നും പ്രഖ്യാപിച്ചു. 
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടേയും സഖ്യകക്ഷികളുടേയും പ്രമുഖ നേതാക്കള്‍ മത്സരിക്കുന്ന 45 മണ്ഡലങ്ങളില്‍ ശിവസേന സ്ഥാനാര്‍ഥികളെ നിര്‍ത്തും. 24 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി കഴിഞ്ഞു. ആദ്യപട്ടികയ്‌ക്ക്‌ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ്‌ താക്കറെ അംഗീകാരം നല്‍കിയെന്നും അറിയിച്ചു. 
ഈ തെരഞ്ഞെടുപ്പോടുകൂടി ബിജെപി കേരള രാഷ്ട്രീയത്തില്‍ നിന്നും തുടച്ചുനീക്കപ്പെടുമെന്ന്‌ ശിവസേന രാഷ്ട്രീയ കാര്യ സമിതി അധ്യക്ഷന്‍ ടി.ആര്‍. ദേവന്‍. കേരളത്തിലെ ഇടതുവലതു മുന്നണികള്‍ പുറന്തള്ളുന്നതും, കേരളത്തില്‍ അപ്രസക്തവുമായ പാര്‍ട്ടികളെ ചേര്‍ത്തു മുന്നണിയുണ്ടാക്കാനാണ്‌ ബിജെപി ശ്രമിക്കുന്നത്‌. ഏകാത്മ മാനവവാദവും, മൂല്യാധിഷ്‌ഠിത രാഷ്ട്രീയവും മുറുകെ പിടിക്കുന്നു എന്നു പറയുകയും കേരളത്തിലെ ഇരു മുന്നണികളും ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന്‌ പറഞ്ഞു നടക്കുകയും ചെയ്യുന്ന ബിജെപി വോട്ടിനും അധികാരത്തിനു വേണ്ടി ഏറ്റവും വലിയ ന്യൂനപക്ഷ പ്രീണനത്തിന്റെ വിശ്വരൂപമായി മാറിയിരിക്കുകയാണ്‌. ഏതു വിധേനയും തെരഞ്ഞെടുപ്പില്‍ കേരള നിയമസഭയ്‌ക്കുള്ളില്‍ കടന്നുകൂടണമെന്ന മോഹം മാത്രമാണ്‌ ബിജെപി നേതാക്കള്‍ക്കിപ്പോള്‍. അതിനായി സി.കെ. ജാനു, ഗൗരിയമ്മ എന്നീ നേതാക്കളുടെ വീടിനു മുന്നില്‍ കാവല്‍ നില്‍ക്കുന്ന ഗതികേടിലേക്കാണ്‌ പാര്‍ട്ടി നേതാക്കള്‍ എത്തിയിരിക്കുന്നത്‌. 
മാറാട്‌ കേസില്‍ സിബി ഐ അന്വേഷണം വേണമെന്ന്‌ നിരന്തരം ആവശ്യപ്പെട്ടിരുന്ന കുമ്മനത്തിന്റെ ഇപ്പോഴത്തെ നിലപാട്‌ എന്താണെന്ന്‌ കേരളത്തിലെ ജനങ്ങളോട്‌ വ്യക്തമാക്കണം. ധൈര്യമുണ്ടെങ്കില്‍ തെരഞ്ഞെടുപ്പിന്‌ മുമ്പെ സിബിഐ അന്വേഷണം ആവശ്യപ്പെടണം. രാഷ്ട്രീയ സദാചാരത്തിന്റെ എല്ലാ സീമകളും ലംഘിച്ചിരിക്കുന്ന ബിജെപി കേരള ഘടകം അവസരവാദ രാഷ്ട്രീയത്തിന്റെ വികൃത രൂപമായി മാറിക്കഴിഞ്ഞുവെന്നും പറഞ്ഞു. കേരളത്തില്‍ എന്‍ഡിഎ സഖ്യം രൂപീകരിക്കാന്‍ ബിജെപി കേരഘടകത്തിന്‌ അവകാശമില്ലെന്നും, ദേശീയ ജനാധിപത്യം എന്നത്‌ പ്രദേശിക കൂട്ടുകെട്ടല്ലന്നും വ്യക്തമാക്കി.

സ്ഥാനാര്‍ഥികള്‍: പെരിങ്ങമല അജി (നെടുമങ്ങാട്‌), വക്കം ജി. അജിത്‌ (വാമനപുരം), സെബാസ്റ്റ്യന്‍(കുണ്ടറ), വി.സുബാഷ്‌ (ചവറ),എം.ജി. സുധീര്‍ (പത്തനാപുരം), ആര്‍.വേലായുധന്‍പിള്ള( ചാത്തന്നൂര്‍), ശ്രീജിത്ത്‌ ചടയമംഗലം(ചടയമംഗലം), മിഥുന്‍(അമ്പലപ്പുഴ), ജെ. രാമകൃഷ്‌ണന്‍ ഉണ്ണിത്താന്‍(കായംകുളം), മനോഹരന്‍ മുതുകുളം(കുട്ടനാട്‌), ജോസി മാത്യു(എറണാകുളം), സോണിയ ജോസ്‌(തൃപ്പൂണിത്തുറ), സി.ആര്‍ ലെനിന്‍(ആലുവ), ജോണി സ്റ്റീഫന്‍(കൊച്ചി), അബിദാസ്‌ ബാബു( വൈപ്പിന്‍), എം.പി.ബാബുരാജ്‌ (കുന്നമംഗലം), സൂരജ്‌ കാവില്‍ക്കോട്ട(കോഴിക്കോട്‌ സൗത്ത്‌), കരിമ്പില്‍ ബാലചന്ദ്രന്‍( ഹോസ്‌ ദുര്‍ഗ്ഗ്‌), സുരേഷ്‌ മണ്ണാര്‍ക്കാട്‌(പാലക്കാട്‌), സദാനന്ദന്‍(പൊന്നാനി), സന്തോഷ്‌ പോളക്കുളം(പുതുക്കാട്‌), ജയന്ദന്‍ പുളിന്തുരുത്തി(ആറ്റിങ്ങല്‍), പി.കെ ശിവന്‍(പെരുമ്പാവൂര്‍), വി.ആര്‍ ശ്രീജിത്ത്‌(തൃക്കാക്കര). മറ്റു സ്ഥാനാര്‍ത്ഥികളെ ഏപ്രില്‍ 10ന്‌ പ്രഖ്യാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ പെരുങ്ങുമല അജി, ജോസി മാത്യു, സോണിയ ജോസ്‌, സി.ആര്‍. ലെനില്‍, കെ.വി. കുഞ്ഞുമോന്‍, അഡ്വ. സാം ഐസക്‌ എന്നിവര്‍ പങ്കെടുത്തു. 

No comments:

Post a Comment