കൊച്ചി: 1957 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഒരു മുന്നണിയെ മാത്രം സ്വീകരിച്ചുപോരുന്ന ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിലൊന്നാണ് എറണാകുളം. രാജ്യത്തു തന്നെ ഇടതടവില്ലാതെ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പ് അരങ്ങേറിയ നാടെന്ന റിക്കോര്‍ഡ് എറണാകുളത്തിന് സ്വന്തം. 1995 ല്‍ തുടങ്ങി 2014 വരെയുളള 19 വര്‍ഷങ്ങള്‍ക്കുളളില്‍ 16 പൊതുതിരഞ്ഞെടുപ്പുകള്ക്കാണ് എറണാകുളം സാക്ഷ്യം വഹിച്ചത്. ഒരേ മണ്ഡലത്തില്‍ ഒന്നിലധികം പ്രാവശ്യം ഉപതെരഞ്ഞെടുപ്പ് നടന്ന റിക്കോര്‍ഡും എറണാകുളത്തിനുണ്ട്. മണ്ഡലപുനര്‍നിര്‍ണയത്തിനു മുമ്പ് മട്ടാഞ്ചേരിയെന്ന നിയോജമണ്ഡലമായിരുന്നു ജില്ലയിലെ ചെറിയ മണ്ഡലമെങ്കില്‍ മട്ടാഞ്ചേരി അപ്രത്യക്ഷമായതോടെ ആ സ്ഥാനം എറണാകുളത്തിനായി.
1957 മുതല്‍ 2001 വരെയുള്ള കാലയളവിലായി പതിമൂന്ന് തിരഞ്ഞെടുപ്പുകള്‍ക്കാണ് എറണാകുളം സാക്ഷ്യം വഹിച്ചത്. 1998ല്‍ നടന്നത് ഉപതെരഞ്ഞെടുപ്പാണ്. ഈ പതിമൂന്നില്‍ പതിനൊന്നു തവണയും ഇവിടെ യു.ഡി.എഫിനായിരുന്നു വിജയം. 1957, 60, 65, 67, 70, 77, 80, 82, 91, 96, 2001, 2006, 2011 എന്നീ വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ 87ലും 98ലെ ഉപതിരഞ്ഞെടുപ്പിലും രാഷ്ട്രീയക്കാറ്റ് മാറിവീശീ. ആറു തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് നിയമസഭയിലേക്ക് പോയ എ.എല്‍. ജേക്കബിന്റെ പേരിലാണ് എറണാകുളത്തെ നിലവിലുള്ള റെക്കോര്‍ഡ്. രണ്ട് തവണ വീതം അലക്സാണ്ടര്‍ പറമ്പിത്തറയും ജോര്‍ജ് ഈഡനും എറണാകുളത്തിന്റെ പ്രതിനിധികളായതും ചരിത്രം. 2009 ല്‍ നടന്ന എറണാകുളം നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കേന്ദ്രസഹമന്ത്രിയായ പ്രൊഫ.കെ വി തോമസിന്റെ പിന്‍ഗാമിയായി ഡൊമിനിക് പ്രസന്റേഷന് തെ രഞ്ഞെടുക്കപ്പെട്ടു.
കണയന്നൂര്‍ താലൂക്കില്‍ വരുന്ന കൊച്ചി നഗരസഭയിലെ ഭാഗങ്ങളും ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്തും അടങ്ങിയതാണ് ഇപ്പോഴത്തെ എറണാകുളം. 2009ലെ മണ്ഡല പുനര്‍നിര്‍ണയത്തിനു മുമ്പ് എറണാകുളത്തിന്റെ ഭാഗമായിരുന്ന മുളവുകാട് പഞ്ചായത്ത് വൈപ്പിന്‍ മണ്ഡലത്തിന്റെ ഭാഗമായതോടെയാണ് പഴയ തൃപ്പൂണിത്തുറയുടെ ഭാഗമായിരുന്ന ചേരാനെല്ലൂര്‍ എറണാകുളത്തേക്ക് വന്നത്. 1997 ലും 2003 ലും എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു. സേവ്യര്‍ അറയ്ക്കലിന്റെ യും, ജോര്‍ജ് ഈഡന്റെയും നിര്യാണം മൂലം വേണ്ടി വന്ന രണ്ടു ഉപതിരഞ്ഞെടുപ്പിലും എല്‍ ഡി എഫ് സ്വതന്ത്രന് ഡോ.സെബാസ്റ്റ്യന്‍ പോളാണ് വിജയിച്ചത്.
1987ല്‍ എ.എല്‍.ജേക്കബിനെ പരാജയപ്പെടുത്താന്‍ സി.പി.എം സ്വതന്ത്രനായി രംഗത്തെത്തിയത് പ്രൊഫ.എം.കെ.സാനുവാണ്. 1987ല്‍ എ.എല്‍.ജേക്കബ് പരാജയപ്പെടുമ്പോള്‍ വിമതസ്ഥാനാര്‍ഥിയായിരുന്ന എവറസ്റ്റ് ചമ്മിണി യു.ഡി.എഫിലെ വലിയൊരു ഭാഗം വോട്ടുകള്‍ സ്വന്തം പേരില്‍ കുറിച്ചു. തൊട്ടുമുമ്പ് 82ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 52.89 ശതമാനം വോട്ടും 7182 വോട്ടുകളുടെ ഭൂരിപക്ഷവും നേടിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെടുമ്പോള്‍ വോട്ടുകളുടെ ശതമാനം 34.46ലെത്തിയിരുന്നു. ഇടത് സ്വതന്ത്രന് വിജയിച്ച് കയറിയത് 44.97 ശതമാനം വോട്ടും 10,032 വോട്ടിന്റെ ഭൂരിപക്ഷവും കരസ്ഥമാക്കിയാണ്. 98ലെ ഉപതിരഞ്ഞെടുപ്പില്‍ എ.എല്‍.ജേക്കബിന്റെ മകന്ലിനൊ ജേക്കബിനെ ഡോ.സെബാസ്റ്റ്യന്‍ പോളും പരാജയപ്പെടുത്തി.
പക്ഷെ തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ ജോര്‍ജ് ഈഡന് ഇതിന് പരിഹാരം ചെയ്തു. കോണ്‍ഗ്രസ് പെട്ടിയില്‍ 52.18 ശതമാനം വോട്ടുകള്‍ വീണു. ഭൂരിപക്ഷം 10,822. അടുത്ത തിരഞ്ഞെടുപ്പിലും കാര്യമായ മാറ്റമുണ്ടായില്ല. 51.84 ശതമാനം വോട്ട് കൈക്കലാക്കിയ ജോര്‍ജ് ഈഡന് നേടിയ ഭൂരിപക്ഷം 10,740.
തിരഞ്ഞെടുപ്പിനോട് അമിതാവേശം കാണിക്കാത്ത എറണാകുളത്ത് ഒരു തവണയൊഴിച്ച് എല്ലായ്പ്പോഴും പോളിംഗ് ശതമാനം 76ല്‍ താഴെയായിരുന്നു. 1960ല്‍ നടന്ന തെരഞ്ഞെടുപ്പിലായിരുന്നു ഏറ്റവും കൂടുതല്‍ പോളിംഗ്. 87.49. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി വി.വിശ്വനാഥമേനോനെ എ.എല്‍.ജേക്കബ് പരാജയപ്പെടുത്തിയത് 6893 വോട്ടുകള്‍ക്കാണ്. കോണ്‍ഗ്രസിന് 54.50 ശതമാനം വോട്ടുകള്‍ ഈ തിരഞ്ഞെടുപ്പില്‍ ലഭിച്ചു. തൊട്ടുമുമ്പ് 57ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 53.96 ശതമാനം പേരാണ് പാര്‍ട്ടിക്ക് വോട്ട് ചെയ്തത്. എഴുപതുകള്‍ മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ പരാജയപ്പെട്ട രണ്ട് തവണയൊഴികെ യു.ഡി.എഫിന് ലഭിച്ച വോട്ടുകള്‍ 49 ശതമാനത്തില്‍ താഴെ പോയിട്ടില്ല. 82ലും 91ലും 96ലും ശതമാനം അമ്പത് കവിയുകയും ചെയ്തു. 2011ല്‍ അത് 61 ശതമാനമായിരുന്നു.
2001ലെ തെരഞ്ഞെടുപ്പില്‍ 55.17 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ് എറണാകുളത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇതില്‍ 50.17 ശതമാനം വോട്ടര്‍മാര്‍ യു.ഡി.എഫിനെ തുണച്ചു. 2006ല്‍ വീണ്ടും പ്രൊഫ.കെ.വി.തോമസ് വിജയിച്ചെങ്കിലും പിന്നീടു നടന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ജയിച്ച് കേന്ദ്രമന്ത്രിയായ ഒഴിവില്‍ 2009ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ഡൊമനിക് പ്രസന്റേഷന് എല്‍.ഡി.എഫിലെ പി.എന്‍.സീനുലാലിനെ പരാജയപ്പെടുത്തി സീറ്റ് നിലനിര്‍ത്തി. 2011ല്‍ ഹൈബി ഈഡന് എല്‍.ഡി.എഫ്. സ്വതന്ത്രനായ ഡോ.സെബാസ്റ്റ്യന്‍ പോളിനെ 32437 വോട്ടിന് പരാജയപ്പെടുത്തുകയായിരുന്നു. 61.58 ശതമാനം വോട്ടുകളാണ് അന്ന് യു.ഡി.എഫിന് ലഭിച്ചത്.
കഴിഞ്ഞ മാര്‍ച്ച് ഒന്നിലെ കണക്കു പ്രകാരം മണ്ഡലത്തില്‍ ഇപ്പോഴുള്ളത് 150583 വോട്ടര്‍മാരാണ്. താമസിയാതെ ഒരു സപ്ലിമെന്ററി പട്ടിക കൂടി വരുമ്പോള്‍ ഈ കണക്കില്‍ ചെറിയമാറ്റം വരാം. ഇതില്‍ 18-19 പ്രായഗ്രൂപ്പില്‍ 2941 വോട്ടര്‍മാരാണുള്ളത്. 20-29 പ്രായഗ്രൂപ്പില്‍ ഇത് 26994 ഉം 30-39 ഗ്രൂപ്പില്‍ 31796ഉം 40-49 ഗ്രൂപ്പില്‍ 33237ഉം 50-59 ഗ്രൂപ്പില്‍ 27288 ഉം വോട്ടര്‍മാരാണുള്ളത്. 60-69 പ്രായഗ്രൂപ്പില്‍ 18046 വോട്ടര്‍മാരും 70-79 ഗ്രൂപ്പില്‍ 7867 വോട്ടര്‍മാരുമുണ്ട്. 80 വയസിനുമുകളിലുള്ള വോട്ടര്‍മാരുടെ എണ്ണം 2413 ആണ്.
തിരഞ്ഞെടുപ്പ് കമ്മീഷന് ഡയറക്ടര്‍ ജനറല്‍
ഇന്ന് കേരളത്തില്‍
കൊച്ചി: സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ അവലോകനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഡയറക്ടര്‍ ജനറല്‍ സുദീപ് ജെയിന് ഇന്ന് കൊച്ചിയിലെത്തും. ഇന്ന് വൈകീട്ട് മൂന്നിന് എറണാകുളം ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കും. നാളെ (28) രാവിലെ എട്ടുമുതല്‍ പോളിംഗ് സ്റ്റേഷനുകളും മറ്റിടങ്ങളും സന്ദര്‍ശിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ഹൈദ്രാബാദിലേക്കു പോകും.
No comments:
Post a Comment