Tuesday, April 12, 2016

വോട്ടര്‍മാര്‍ക്കുള്ള സഹായകേന്ദ്രങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് നിരീക്ഷക



കൊച്ചി: വോട്ടര്‍മാര്‍ക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും അിറയിക്കുന്നതിനുള്ള സഹായകേന്ദ്രങ്ങള്‍ ജില്ലയില്‍ കൂടുതല്‍ ശക്തമാക്കണമെന്ന് തിരഞ്ഞെടുപ്പുകമ്മിഷന് ബോധവല്‍ക്കര പ്രവര്‍ത്തനങ്ങളുടെ നിരീക്ഷക കീര്‍ത്തി തിവാരി നിര്‍ദേശിച്ചു. ഇതുള്‍പ്പടെ ഇതുവരെ നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കളക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ഇന്നലെ ജില്ലയിലെ നാലുമണ്ഡലങ്ങളില്‍ സന്ദര്‍ശനം നടത്തിയ കീര്‍ത്തി തിവാരി പലയിടത്തും അഭിപ്രായങ്ങളും ആക്ഷേപങ്ങളും വിളിച്ചറിയിക്കുന്നവര്‍ തുലോം കുറവാണെന്ന് അഭിപ്രായപ്പെട്ടു. താലൂക്ക് തലത്തിലും ഈ സംവിധാനം ഉറപ്പാക്കണം.
വോട്ടര്‍ ബോധവല്‍ക്കരണ പരിപാടികള്‍ കൂടുതല്‍ ശക്തമായി ഓരോ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ വിപുലമാക്കാന്‍ വരണാധികാരികള്‍ ശ്രദ്ധിക്കണം. മെയ് ആദ്യവാരം ഫോര്‍ട്ടുകൊച്ചിയില്‍ വിപുലമായ ജനപങ്കാളിത്തത്തോടെയും സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രഗല്‍ഭരുടെയും സഹകരണത്തോടെ വോട്ടിങ് ഉള്‍സവം സംഘടിപ്പിക്കുമെന്ന് കൊച്ചി നിയോജകമണ്ഡലം വരണാധികാരിയായ ഫോര്‍ട്ടുകൊച്ചി സബ്കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പോളിങ് ശതമാനം കുറഞ്ഞ മേഖലകള്‍ കണ്ടെത്തി അവിടങ്ങളില്‍ പ്രത്യേക പ്രചരണം സംഘടിപ്പിക്കാന്‍ കീര്‍ത്തി നിര്‍ദേശിച്ചു. 
ജില്ലയിലെ 498 പോളിങ് ബൂത്തുകളിലാണ് നിലവില്‍ റാമ്പുകളുടെ അഭാവമുള്ളതെന്നും അവ ലീഡ് ജില്ല ബാങ്കിന്റെ സഹകരണത്തോടെ ഏപ്രില്‍ അവസാനത്തോടെ നിര്‍മിക്കുമെന്നും തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ എസ്.രാജീവ് പറഞ്ഞു. വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന അഞ്ചു ബൂത്തുകള്‍ വീതം ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും സജ്ജീകരിക്കും. ജില്ലയിലെ പുതിയ വോട്ടര്‍മാരായ 56000 പേര്‍ക്ക് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം നേരിട്ടു കത്തെഴുതുന്ന കാര്യവും അദ്ദേഹം അറിയിച്ചു. 

ജില്ലയില്‍ സ്വീപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ല ഇന്‍ഫര്‍മേഷന് ഓഫീസ് സംഘടിപ്പിക്കുന്ന വോട്ടുവണ്ടി യാത്രയും വിവിധ വിഭാഗം ജനങ്ങളുമായുള്ള സംവാദവും സംബന്ധിച്ച് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇതേക്കുറിച്ചുള്ള വീഡിയോ അവതരണവും നടത്തി. ഇന്നും നാളെയും ജില്ലയിലുള്ള ബോധവല്‍ക്കരണ നിരീക്ഷക ഇന്ന് അഞ്ചു മണ്ഡലങ്ങളും നാളെ നാലു മണ്ഡലങ്ങളും സന്ദര്‍ശിക്കും. ജില്ലയിലെ വരണാധികാരികള്‍, സഹവരണാധികാരികള്‍, തഹസില്‍ദാര്‍മാര്‍, തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. 



തിരഞ്ിഞെടുപ്പ് കമ്മിഷന്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നിരീക്ഷക
കീര്‍ത്തി തിവാരി വോട്ടുവണ്ടി കാണാനെത്തിയപ്പോള്‍

No comments:

Post a Comment